ഹജ്ജ് നയം: നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സമസ്ത
കോഴിക്കോട്: പുതിയ ഹജ്ജ് നയം രൂപീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല അവലോകന കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച കരട് രേഖയിലെ നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രേഖയിലെ നിര്‍ദേശങ്ങളില്‍ പലതും അപ്രായോഗികവും ഹാജിമാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതുമാണ്. കേരളം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാടെ അവഗണിക്കുകയാണ് ചെയ്തത്.
സര്‍ക്കാര്‍ ക്വാട്ട വെട്ടിക്കുറച്ച് സ്വകാര്യ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതും ദുരൂഹമാണ്. എംബാര്‍ക്കേഷന്‍ പോയിന്റ് 21ല്‍ നിന്ന് ഒന്‍പത് ആക്കി ചുരുക്കിയത് ഹജ്ജ് യാത്രക്കാരെ കൂടുതല്‍ പ്രയാസപ്പെടുത്തും. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് നിഷേധിച്ചതും പ്രതിഷേധാര്‍ഹമാണ്.
70 വയസ് തികഞ്ഞവര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാന്‍ കഴിയുന്ന അവസ്ഥ എടുത്തുകളഞ്ഞത് കടുത്ത അനീതിയാണ്. ജാതി മത വ്യത്യാസം കൂടാതെ പുണ്യതീര്‍ഥാടകര്‍ക്ക് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു വന്നിരുന്ന വിമാന യാത്ര സബ്‌സിഡി ഹാജിമാര്‍ക്ക് മാത്രം എടുത്തു കളയുന്നത് മതേതര ഇന്ത്യയുടെ അന്തസിന് നിരക്കുന്നതല്ല. വിമാന കമ്പനിക്കാരുടെ കൊള്ള ഒഴിവാക്കുന്നതിന് ആഗോള ടെണ്ടര്‍ വിളിച്ചാല്‍ യാത്രാകൂലിയില്‍ ഗണ്യമായ കുറവ് വരുത്താനാവും.കരട് ഹജ്ജ് നയത്തിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."