ചരിത്ര സ്മാരകത്തോടും നിഴല്‍ യുദ്ധം
'ആഗ്രാ കോട്ടയിലെ നഗീനാ മസ്ജിദിന്റെ കിഴക്കുഭാഗത്തുള്ള വെള്ള കല്‍ത്തറമേല്‍ കയറിനിന്ന് ഞാന്‍ കിഴക്കോട്ട് കണ്ണയച്ചു. കുറച്ചകലെ യമുനാതീരത്ത് പൊങ്ങിനില്‍ക്കുന്ന ഒരു കബറിടത്തിന്മേല്‍ മധ്യാഹ്ന സൂര്യന്‍ വെള്ളിക്കിരണങ്ങള്‍ ചൊരിയുന്നുണ്ടായിരുന്നു. വിശ്വവിഖ്യാതമായ താജ്മഹല്‍'.
ജ്ഞാനപീഠം കയറിയ മലയാളത്തിന്റെ പ്രിയങ്കരനായ സഞ്ചാര സാഹിത്യകാരന്റെ വരികള്‍. അങ്ങകലെ ഗുജറാത്തില്‍ നിന്നുള്ള നമ്മുടെ പ്രധാനമന്ത്രി ഇത് വായിച്ചിരിക്കാനിടയില്ല. ഉത്തരപ്രദേശത്തുകാരന്‍ തന്നെയായ മുഖ്യമന്ത്രിയും വായിച്ചില്ല എന്നത് നമ്മുടെ നിര്‍ഭാഗ്യം.
ചരിത്രം കണ്ട ഏഴ് മഹാത്ഭുതങ്ങളിലൊന്നായി ലോകം വിലയിരുത്തിയ പതിനേഴാം നൂറ്റാണ്ടിന്റെ ആ മഹദ് സംഭാവന പക്ഷെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ ടൂറിസ്റ്റ് ഗൈഡില്‍നിന്ന് പുറത്തായിരിക്കുന്നു.
എന്നാല്‍ ഇത് ഈ കൈപ്പുസ്തകത്തില്‍ ചേര്‍ക്കാന്‍ വിട്ടുപോയതല്ലെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം ഏറ്റെടുത്ത പുതിയ ടൂറിസം പ്രൊജക്ടുകള്‍ മാത്രം ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചതാണെന്നും ടൂറിസം മന്ത്രി റീത്താ ബഹുഗുണ വിശദീകരണവുമായി വന്നിട്ടുണ്ട്.
പക്ഷേ മുഗിള ഭരണകാലത്ത് ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ഉയര്‍ന്ന സ്മാരകങ്ങള്‍ ഓരോന്നിലും പ്രകടമായി കാണുന്ന മുസ്‌ലിം ആഭിമുഖ്യം ഒന്നൊന്നായി മായ്ച്ചുകളയാനുള്ള ശ്രമം, ഭരണത്തിലേറുന്നതിനുമുമ്പുതന്നെ സംഘ്പരിവാറിന്റെ അജണ്ടയിലുള്ളതാണെന്നതാണ് സത്യം. ചരിത്രം മാറ്റിയെഴുതാനുള്ള മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ ശ്രമങ്ങളെ കോണ്‍ഗ്രസ്, സി.പി.എം, സമാജ്്‌വാദി പാര്‍ട്ടി നേതാക്കള്‍ തുറന്നു കാണിക്കുകയുണ്ടായി. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് മുഖ്യമന്ത്രി മൂന്നുമാസം മുമ്പ് ബിഹാറിലെ ദര്‍ഭംഗയില്‍ പ്രസ്താവിച്ചിരുന്നതും പലരും ചൂണ്ടിക്കാട്ടി.
ഒരു പൗരാണിക ശിവക്ഷേത്രം പൊളിച്ചാണ് താജ് പണിതതെന്ന് പറഞ്ഞുകൊണ്ട് ആ ഭാഗത്ത് തേജോ മഹാലയ എന്ന ഒരു പ്രസ്ഥാനം ആരംഭിച്ചിരുന്നു. വികല വീക്ഷണങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജിച്ച വിവാദ ചരിത്രകാരനായ പി.എന്‍.ഓക്ക് (1917-2007) ആണ് ഇതാദ്യമായി കുത്തിപ്പൊക്കിയത്. ഇന്ത്യാ ചരിത്രം തിരുത്തിയെഴുതണമെന്നാവശ്യപ്പെട്ട് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ നടത്തിവന്ന ആളായിരുന്നു പുരുഷോത്തം നാഗേശ് ഓക്ക.
പത്തുവര്‍ഷം മുമ്പ് തൊണ്ണൂറാം വയസ്സില്‍ മരണപ്പെട്ട അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ പൊടി തട്ടിയെടുത്ത് സ്മാരകത്തില്‍ കയറി പൂജ നടത്താനും സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ പല തവണ ശ്രമങ്ങളുമുണ്ടായി. എന്നാല്‍ കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ പതിവുപോലെ ഈദ് നിസ്‌ക്കാരം നടത്തുന്നത് തടയാന്‍ ആര്‍ക്കും സാധിച്ചില്ല.
അതേസമയം കാവിവസ്ത്രം ധരിച്ച് താജിലേക്ക് സംഘംസംഘമായി നീങ്ങാനും ചുറ്റിക്കറങ്ങാനും തീവ്രവാദികളില്‍ ചിലര്‍ നടത്തിയ ശ്രമങ്ങളെ രക്ഷാഭടന്മാര്‍പോലും തടയുകയുണ്ടായില്ല. ഏത് വേഷവും ധരിച്ച് താജ് കാണാന്‍ വരാമെന്ന നിലപാടാണ് പുരാവസ്തുവിഭാഗം കൈക്കൊണ്ടത്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേശ് ശര്‍മ അതിനെ ശരിവയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ അവിടെ ശിവക്ഷേത്രം ഉണ്ടായിരുന്നുവോ എന്ന കാര്യത്തിന് മറുപടി നല്‍കണമെന്ന് സാംസ്‌കാരിക മന്ത്രാലയത്തോട് വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആയാസ് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.
താജിനെ സംരക്ഷിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളിലെല്ലാം ഒരു ഒളിച്ചുകളി വര്‍ഷങ്ങളായി നാം കണ്ടുവരുന്നതാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥലോബിയും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയിലെ അംഗത്വം രാജിവച്ച് ഹിന്ദുമഹാസഭ രൂപവല്‍ക്കരിച്ച ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ കാലം മുതല്‍ തന്നെ ഇത്തരം നീക്കങ്ങള്‍ക്ക് പലരും ശ്രമിച്ചിരുന്നു.
1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നാടിന്റെ പേര് ഭാരത് എന്നോ ഹിന്ദുസ്ഥാന്‍ എന്നോ ഹിന്ദ് എന്നോ മറ്റോ ആക്കണമെന്ന വാശിപിടിച്ചവരും അന്നുണ്ടായിരുന്നു. ഒടുവില്‍ ഇന്ത്യ എന്ന പേരിന് മുന്നിലായി ഭാരതം എന്ന് അംഗീകരിക്കണമെന്ന ആവശ്യം 38നെതിരെ 51 വോട്ടുകള്‍ക്ക് ഭരണഘടനാ നിര്‍മാണസഭ തള്ളിക്കളയുകയായിരുന്നു.
ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തും ഉപരാഷ്ട്രപതി പദവിയിലും പ്രധാനമന്ത്രിയുടെ കസേരയിലുമൊക്കെ ആര്‍.എസ്.എസ് ബന്ധമുള്ള രാഷ്ട്രീയനേതാക്കള്‍ എത്തിനില്‍ക്കേ, ഇത്തരം നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് സംഘ്പരിവാര്‍.
അലഹബാദിന്റെയും അഹമ്മദാബാദിന്റെയും ഒക്കെ പേരുകള്‍പോലും ഭാരതവല്‍ക്കരിക്കണമെന്നും ഉന്നയിക്കുകയുണ്ടായി.
ഭാരതീയ ജനസംഘം പ്രസിഡന്റായിരിക്കെ മുഗള്‍സരായിയില്‍ ട്രെയിനപകടത്തില്‍ മരിച്ച ദീനദയാല്‍ ഉപാധ്യായയുടെ പേരിലാവണം ആ സ്റ്റേഷന്റെ പേര് ഇനി എന്ന വാശിയിലാണ് കേന്ദ്രഗവണ്‍മെന്റ്.
കൊണാര്‍ക്കിലെ സൂര്യക്ഷേത്രം കാണാന്‍ 2013നും 2015നുമിടയില്‍ 74 ലക്ഷം പേര്‍ മാത്രം വന്നപ്പോള്‍, 165 ലക്ഷം സന്ദര്‍ശകര്‍ താജ് കാണാനെത്തിയിരുന്നുവെന്ന കണക്ക് അധികൃതരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല എന്നാണ് ഇപ്പോള്‍ വിനോദസഞ്ചാര കൈപുസ്തകത്തില്‍നിന്നു തന്നെ ആ രഹസ്യം പുറത്തായതില്‍നിന്ന് തെളിയുന്നത്.
താജ്മഹലിനും ആഗ്രാകോട്ടക്കുമിടയില്‍ നടപ്പാത നിര്‍മിച്ചും ഷാജഹാന്‍ പാര്‍ക്ക് മോടികൂട്ടിയും പടിഞ്ഞാറെ ഗേറ്റില്‍ പാര്‍ക്കിങ് സൗകര്യം വികസിപ്പിച്ചും മേത്താബ് ബാഗ് പുനര്‍നിര്‍മിച്ചുമെല്ലാം കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തങ്ങള്‍ക്ക് പരിപാടിയുണ്ടെന്നും പ്രസ്താവന ഇറക്കുക മാത്രമാണ് യു.പി.ഗവണ്‍മെന്റ് ചെയ്യുന്നത്.
അതേസമയം താജ്മഹലിന് സമീപം ഖരമാലിന്യം തള്ളിയതിനെതിരേ ഒടുവില്‍ ഹരിത ട്രൈബ്യൂണലിനുതന്നെ അന്ത്യശാസനം നല്‍കേണ്ടി വരികയുണ്ടായി.
താജിന്റെ വെണ്ണക്കല്‍ ശോഭയ്ക്ക് ആകെ മങ്ങലേല്‍പ്പിക്കുന്ന പ്രാണിശല്യം ശ്രദ്ധയില്‍പ്പെട്ടത് പ്രകൃതിസ്‌നേഹിയായ ഒരു നാട്ടുകാരന്‍ കേസുമായി കോടതിയില്‍ പോയപ്പോഴാണ്.
'മഡ് തെറാപ്പി' എന്നപേരില്‍ ചെളിവാരിപ്പൂശി പ്രാണിശല്യം ഒഴിവാക്കാന്‍ നടത്തിയ ശ്രമം മാര്‍ബിളിനുമേല്‍ കറുപ്പും മഞ്ഞയും .... അടയാളങ്ങള്‍ വന്ന് കയറുന്നതിന് കാരണമാക്കി എന്ന് കണ്ടെത്തിയത് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളാണ്.
ചുറ്റുവട്ടത്തുള്ള വ്യവസായശാലകള്‍ തള്ളുന്ന കറുത്തപുക താജിന് മങ്ങലേല്‍പ്പിക്കുന്നുവെന്നത് പരിസ്ഥിതിപ്രവര്‍ത്തകര്‍ പലതലണ ചൂണ്ടിക്കാട്ടിയപ്പോഴാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കറുപ്പുനിറത്തിലും തവിട്ട് നിറത്തിലുമുള്ള കാര്‍ബണിന്റെ സ്വാധീനമാണ് വെണ്ണക്കല്ലില്‍ പാടുകളുണ്ടാക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കടക് സേതുജ് കാണ്‍പൂര്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ആണ് ചൂണ്ടിക്കാട്ടിയത്.
താജിന്റെ കിഴക്കുനിന്ന് തെക്ക് വരെയുള്ള കവാടത്തിന്റെ അരക്കിലോമീറ്റര്‍ ചുറ്റളവില്‍ നടന്ന അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാത്ത പുരാവസ്തു ഗവേഷക വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ വിവരാവകാശ കമ്മിഷന്‍ കാല്‍ലക്ഷം രൂപവീതം പിഴയടക്കാന്‍ ശിക്ഷിക്കുകയുണ്ടായി.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മറ്റൊരു റെയില്‍പ്പാത നിര്‍മിക്കാനായി 400 മരങ്ങള്‍ വെട്ടിമാറ്റിയെന്ന് പരാതി രണ്ടുമാസം മുമ്പ് വന്നപ്പോള്‍ ... ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചത്. താജ്മഹല്‍ എന്ന ഈ വിശ്വവിഖ്യാത സ്മാരകം .... നിങ്ങള്‍ക്ക് തകര്‍ക്കണമോ എന്നാണ് ഡല്‍ഹിയില്‍നിന്ന് ഇരുനൂറോളം കിലോമീറ്റര്‍ മാറി ആഗ്രയില്‍ ശില്പചാതുരികൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ അനശ്വര പ്രണയ സ്മാരകം ഓര്‍മകളില്‍ നിന്നുതന്നെ തുടച്ചുനീക്കപ്പെടണമെന്ന് ആഗ്രഹിക്കാത്തവര്‍ പലരുണ്ടായേക്കാം. എന്നാല്‍ സദുദ്ദരിക്കുന്നവര്‍ സ്വയം തന്നെ ആ ഭാഗത്തേക്ക് ചെരിയുന്നത് കണ്ട് ലോകം വിസ്മയപ്പെടുകയാണ്.
1631-ല്‍ മരണപ്പെട്ട 36കാരിയായ സഹധര്‍മ്മിണി മുംതസ് മഹലിന്റെ ഓര്‍മക്കായി പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച വെണ്ണക്കല്ലുകള്‍കൊണ്ട് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യമുനാ നദിക്കരയില്‍ തീര്‍ത്ത രമ്യഹര്‍മ്യമാണ് താജ്മഹല്‍ എന്ന് ചരിത്രം പറയുന്നു. പതിനെട്ടു വര്‍ഷം മാത്രം നീണ്ടുനിന്ന വൈവാഹിക ജീവിതത്തില്‍ അന്‍ജുമന്‍ ബാനു എന്ന പ്രിയതമക്ക് കൊട്ടാരത്തിന്റെ മുത്ത് എന്നര്‍ഥമുള്ള മുംതസ് മഹല്‍ എന്ന പേര് നല്‍കിയതും അദ്ദേഹം തന്നെയായിരുന്നു. ആ ഓര്‍മകളെ താലോലിച്ചാണ് ഒരു ഫ്രഞ്ച് ആര്‍ക്കിടെക്ടിന്റെ ഉപദേശംകൂടി സ്വീകരിച്ച് 20,000ത്തോളം ജോലിക്കാരെ ഉപയോഗിച്ച് താജിന്റെ നിര്‍മാണം ചക്രവര്‍ത്തി പൂര്‍ത്തിയാക്കിയത്.
ചരിത്രം ഉറങ്ങിക്കിടക്കുന്ന ആ സ്മാരകസൗധത്തിനരികെ താന്‍ വികാരപരവശനായി റോസാപ്പൂക്കള്‍ അര്‍പ്പിച്ചപ്പോള്‍ അവിടെ കാവല്‍ നില്‍ക്കുകയായിരുന്ന വൃദ്ധന്‍ അല്ലാഹു അക്ബര്‍ എന്ന ദൈവസങ്കീര്‍ത്തനം ഉറക്കെ നടത്തിയതും അത് ചുറ്റുമുള്ള മാര്‍ബിള്‍ ചുവരുകളില്‍ പ്രതിധ്വനിച്ചതും എസ്.കെ.പൊറ്റക്കാട് കുറിച്ചുവച്ചത് വായിക്കാന്‍ ആരുണ്ട്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."