പ്രകോപനവുമായി അമേരിക്കന്‍ പടക്കപ്പല്‍ തെക്കന്‍ ചൈന കടലില്‍
വാഷിങ്ടണ്‍: യു.എസ് പടക്കപ്പല്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള മേഖലയിലെത്തി. തെക്കന്‍ ചൈന കടലിലേക്ക് ഇന്നലെയാണ് കപ്പല്‍ പുറപ്പെട്ടതെന്ന് യു.എസ് ഔദ്യോഗിക വക്താക്കള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഉത്തര കൊറിയയുമായി സംഘര്‍ഷം നിലനില്‍ക്കെയാണ് പ്രകോപനപരമായ നീക്കവുമായി യു.എസ് രംഗത്തെത്തിയത്. കൂടാതെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ഉ.കൊറിയയെ നിയന്ത്രിക്കാന്‍ ചൈനയുടെ സഹായം നേരത്തെ യു.എസ് ആവശ്യപ്പെട്ടിരുന്നു. സമീപ ദ്വീപുകളിലെ ചൈനയുടെ ആധിപത്യത്തിനെതിരേയുള്ള നീക്കമാണ് യു.എസ് ഇപ്പോള്‍ നടത്തുന്നത്.
എന്നാല്‍ യു.എസിന്റെ നീക്കത്തിനെതിരേ ചൈന ശക്തമായി പ്രതികരിച്ചു. ചൈനയുടെ സമീപ പ്രദേശങ്ങളില്‍നിന്ന് യുദ്ധക്കപ്പല്‍ പിന്‍വലിക്കാനുള്ള മുന്നറിയിപ്പുമായി രണ്ട് ജെറ്റ് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും അയച്ചെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിലുള്ള പ്രകോപനകരമായ നീക്കമാണിത്. യു.എസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച പരിഹരിക്കാനുള്ള ശ്രമം നടത്താന്‍ ആവശ്യപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ നാവിക താല്പര്യങ്ങള് സംരക്ഷിക്കുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുആ ചുനിങ് പറഞ്ഞു.
തെക്കന്‍ ചൈന കടലിലെ സ്ഥിരതയും സമാധാനവും നിലനിര്‍ത്താനായി യു.എസ് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് യു.എസിന്റെ ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."