ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത
ബംഗളൂരു: 2019ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ത്യന്‍ ടീമിന് യോഗ്യത. നിര്‍ണായക പോരാട്ടത്തില്‍ മക്കാവുവിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇത് നാലാം തവണയാണ് ടൂര്‍ണമെന്റിന് ഇന്ത്യ യോഗ്യത നേടുന്നത്.
ബോര്‍ഗസ്, സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുലെ എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ശേഷിച്ചത് മക്കാവു താരം ഹോ മാന്‍ ഫായുടെ സെല്‍ഫ് ഗോളായിരുന്നു. 1984ന് ശേഷം ഇന്ത്യ ടൂര്‍ണമെന്റിന് നേരിട്ട് യോഗ്യത നേടുന്നത് ഇതാദ്യമായിട്ടാണ്. 2011ല്‍ എ.എഫ്.സി ചാലഞ്ച് കപ്പിലൂടെയാണ് ഇന്ത്യ യോഗ്യത നേടിയത്. നേരത്തെ കിര്‍ഗിസ്ഥാനും മ്യാന്‍മറും തമ്മിലുള്ള മത്സരത്തോടെ ഗ്രൂപ്പ് എയില്‍ അഞ്ച് പോയിന്റിന്റെ ലീഡ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. മക്കാവുവിനെതിരേ ജയിക്കാനായാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പാക്കി ഇന്ത്യക്ക് ഏഷ്യന്‍ കപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കുമെന്ന അവസ്ഥയിലാണ് ഇന്ത്യ ഇന്നലെ പോരിനിറങ്ങിയത്.
ഇന്ത്യയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. സുനില്‍ ഛേത്രിയുടെ മുന്നേറ്റങ്ങള്‍ മക്കാവു പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. 28ാം മിനുട്ടില്‍ ഇന്ത്യ ആശിച്ച ഗോള്‍ പിറന്നു. റൗളിന്‍ ബോര്‍ഗസായിരുന്നു സ്‌കോറര്‍. ജെജെയുടെ തകര്‍പ്പനൊരു പാസില്‍ ബോര്‍ഗസ് തൊടുത്ത ഷോട്ട് മക്കാവുവിന്റെ പ്രതിരോധ താരങ്ങളെ കാഴ്ച്ചക്കാരാക്കി വലയില്‍ കയറുകയായിരുന്നു.
എന്നാല്‍ പത്ത് മിനുട്ടുകള്‍ക്കുള്ളില്‍ മക്കാവു തിരിച്ചടിച്ചു. ലീ ഹോ നല്‍കിയ പാസില്‍ നിന്ന് നിക്കോളാസ് ടറാവോ ആണ് ഗോള്‍ നേടിയത്. 60ാം മിനുട്ടില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. മക്കാവു പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ ബല്‍വന്ത് സിങ് കൈമാറിയ പന്ത് ഛേത്രി അനായാസം വലയിലെത്തിക്കുകയായിരുന്നു. ഇതോടെ പ്രതിരോധത്തിലായ മക്കാവുവിന് 70ാം മിനുട്ടില്‍ ഹോ മാന്‍ ഫായുടെ സെല്‍ഫ് ഗോള്‍ വീണ്ടും തിരിച്ചടിയായി. ഇന്ത്യ ജയമുറപ്പിച്ച് മുന്നേറവേ കളിയുടെ അധികസമയത്താണ് നാലാം ഗോള്‍ പിറന്നത്. ഛേത്രി നല്‍കിയ പാസില്‍ ജെജെ ലക്ഷ്യം കാണുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."