ഇവിടെ തീറ്റ മത്സരം അവിടെ കാല്‍പന്തുകളി...
കൊച്ചി: അവിടെ പാല് കാച്ചല്‍ ഇവിടെ കല്യാണം.... ഇവിടെ കല്യാണം അവിടെ പാല് കാച്ചല്‍... നടന്‍ ശ്രീനിവാസന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ പോലെയാണ് കൊച്ചിയിലെ ലോകകപ്പ് വേദിയില്‍ സംഭവിക്കുന്നത്.
ഇവിടെ തീറ്റ മത്സരം അവിടെ കാല്‍പന്തുകളി... അവിടെ കാല്‍പന്തുകളി ഇവിടെ തീറ്റ മത്സരം... കൗമാര ലോകകപ്പ് കൊച്ചിയില്‍ എത്തിയപ്പോള്‍ ആഘോഷമാക്കുന്നത് ഫുട്‌ബോള്‍ പ്രേമികള്‍ മാത്രമല്ല.
മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവരെ വി.ഐ.പികള്‍ എന്നും വിളിക്കും. കൈയില്‍ ഒരു ടാഗ് കെട്ടികിട്ടിയാല്‍ തീറ്റപ്പോരില്‍ പങ്കെടുക്കാം. കളിയുടെ ഇടവേളകളിലും അല്ലാത്ത സമയങ്ങളിലും വി.ഐ.പി ലോഞ്ചില്‍ നെട്ടോട്ടം ഓടുകയാണ് 'വെരി ഇംപോര്‍ട്ടന്റ് പേഴ്‌സണ്‍സ് '. കളിയില്‍ എന്ത് കാര്യം. വി.ഐ.പി ലോഞ്ചിലെ സദ്യയിലാണ് നോട്ടവും നേട്ടവും.
കളിയുള്ള ദിവസങ്ങളില്‍ പഞ്ചനക്ഷത്ര സദ്യ വിളമ്പുകയാണ് കൊച്ചി സ്റ്റേഡിയത്തിലെ വി.ഐ.പി ലോഞ്ചില്‍. നൂറുകണക്കിന് പഞ്ചനക്ഷത്ര വിഭവങ്ങളാണ് അങ്ങനെ നിരത്തി വെച്ചിരിക്കുന്നത്.
ഇതെല്ലാം കണ്ടാല്‍ പിന്നെ ഗ്രഹണി പിടിച്ച പിള്ളാരെ പോലെ എങ്ങനെ നെട്ടോട്ടം ഓടാതിരിക്കും. പുല്‍ത്തകിടിയില്‍ വിശ്വകൗമാരങ്ങള്‍ പന്തിന് പിന്നാലെ പായുമ്പോള്‍ ഫോര്‍ക്കും കത്തിയും പാത്രവും വായയും തമ്മിലുള്ള യുദ്ധവും സ്റ്റേഡിയത്തില്‍ മുറപോലെ നടക്കുന്നു. വിദേശ രാജ്യങ്ങളില്‍ പോയി ലോകകപ്പ് മത്സരങ്ങളും വി.ഐ.പി ലോഞ്ചും കണ്ടിട്ടുള്ളവര്‍ പഞ്ചനക്ഷത്ര സദ്യ കണ്ട് അന്തം വിട്ടു നില്‍പ്പാണ്.
ഇവിടെ നടക്കുന്നത് വന്‍ വിവാഹ സദ്യയോ അതോ ഒരു സാര്‍വദേശീയ കായിക മത്സരമോ. കാല്‍പന്ത് കളിയെയും സംഘാടനത്തെയും കുറിച്ച് അറിവുള്ളവര്‍ അറിയാതെ ചോദിച്ചു പോയി. ഉടന്‍ എത്തി ചളിപ്പില്ലാതെ പ്രാദേശിക സംഘാടകന്റെ വിശദീകരണം.
വിദേശ അതിഥികള്‍ നമ്മുടെ ആതിഥ്യ മര്യാദ അറിയണമല്ലോ. പാവം വിദേശ വി.ഐ.പികള്‍. അവരറിയുന്നുണ്ടോ ഇതെല്ലാം.
മഷിയിട്ട് നോാക്കിയാലും ഒരൊറ്റ വിദേശ അതിഥിയേയും വി.ഐ.പി ലോഞ്ചില്‍ കണ്ടെത്താനാകില്ല. എല്ലാം സ്വദേശി സായിപ്പന്‍മാരും മദാമ്മമാരും.
ഗാലറിയില്‍ കളിയാരാധകര്‍ കാശു കൊടുത്തിട്ടും കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുമ്പോഴാണ് വി.ഐ.പി ലോഞ്ചിലെ തീറ്റ മത്സരം. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."