ഘാനയ്‌ക്കെതിരേ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറെന്ന വിദൂര പ്രതീക്ഷയുമായി ആതിഥേയരായ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും. കരുത്തരായ ഘാനയാണ് ഇന്ത്യക്ക് എതിരാളി. ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരേ അവസാനം വരെ പൊരുതി കീഴടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ലോക നിലവാരത്തിലുള്ള പ്രകടനം പുറത്തെടുത്ത് ഗോള്‍ നേടി ചരിത്രം രചിച്ചെങ്കിലും 2-1ന് വീണു. ഇനി ഘാനയ്‌ക്കെതിരേ വമ്പന്‍ ജയവും അതോടൊപ്പം മറ്റ് ടീമുകളുടെ ഫലങ്ങളെയും ആശ്രയിച്ച് മാത്രമേ ഇന്ത്യയ്ക്ക് മുന്നേറാന്‍ നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളു.
ഘാനയ്‌ക്കെതിരേ ചുരുങ്ങിയത് നാല് ഗോളിന്റെ ജയമെങ്കിലും നേടണം ഇന്ത്യയുടെ സാധ്യതകള്‍ നിലനില്‍ക്കാന്‍. ഗോള്‍ ശരാശരിയില്‍ വളരെ പിന്നിലാണ് ഇന്ത്യ. അതേസമയം കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് ടീമിന്റെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഘാനയ്‌ക്കെതിരേ ഏറ്റവും മികച്ച പ്രകടനമാകും ഇന്ത്യയുടേതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഘാന ടൂര്‍ണമെന്റിലെ കരുത്തുറ്റ ടീമാണ്. അതോടൊപ്പം കായികക്ഷമതയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ് അവര്‍.
ഗോള്‍ വഴങ്ങാതിരിക്കാനുള്ള തന്ത്രങ്ങളാണ് ടീം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഡി മാറ്റോസ് സൂചിപ്പിച്ചു. ഡിഫന്‍സീവ് ഗെയിം പ്ലാനിലാണ് ടീമിനായി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം കൗണ്ടര്‍ അറ്റാക്കിങിനായി മുന്‍നിരയെ സജ്ജമാക്കിയിട്ടുണ്ട്. 4-4-1-1 എന്ന ശൈലിയില്‍ തന്നെയാകും ടീം കളത്തിലിറങ്ങുക. എതിരാളികളുടെ മുന്നേറ്റ തന്ത്രങ്ങളെ പൊളിച്ച് അവരെ സമ്മര്‍ദത്തിലാക്കുക എന്ന രീതിയാണ് ഘാനയ്‌ക്കെതിരേ ഇന്ത്യ പ്രയോഗിക്കുക.
ഗോള്‍ കീപ്പര്‍ ധീരജ് സിങിന്റെ ഫോമാണ് ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന ഘടകം. കൊളംബിയക്കെതിരേ മിന്നുന്ന സേവുകള്‍ നടത്തിയ ധീരജ് ഇന്ത്യന്‍ കോച്ചിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രതിരോധക്കോട്ടയുടെ ചുമതല അന്‍വര്‍ അലി തന്നെ വഹിക്കും. നമിത് ദേശ്പാണ്ഡെയും അന്‍വറിനൊപ്പമുണ്ടാകും. അന്‍വറിന്റെ മികച്ച പ്രകടത്തെ അമേരിക്കയുടെയും കൊളംബിയയുടെയും പരിശീലകര്‍ പ്രകീര്‍ത്തിച്ചിരുന്നു. മികച്ച കായികക്ഷമത ഉള്ളതും അന്‍വറിന് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. ബോറിസ് സിങ്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവരും ആദ്യ ഇലവനിലുണ്ടാകും.
കൊളംബിയക്കെതിരേ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തിയ മലയാളി താരം രാഹുലിന്റെ പോസ്റ്റില്‍ തട്ടിത്തെറിച്ച ഷോട്ട് പിറന്നത് ബോറിസ് നല്‍കിയ പാസിലായിരുന്നു. കൊളംബിയക്കെതിരേ ഗോള്‍ നേടി ചരിത്രത്തിലിടം പിടിച്ച ജീക്‌സണ്‍ തൗനൗജം സിങ് നേടിയ ഗോള്‍ പിറന്നത് സഞ്ജീവ് സ്റ്റാലിന്റെ കോര്‍ണറില്‍ നിന്നാണ്.
മധ്യനിര ഏറ്റവും നന്നായി കളിക്കുന്ന സാഹചര്യത്തില്‍ തനിക്ക് ആശങ്കകളില്ലെന്ന് ഡി മാറ്റോസ് പറഞ്ഞു. ഗോള്‍ നേടിയ ജീക്‌സണ്‍ ആദ്യ ഇലവനിലുണ്ടാകുമെന്ന് മാറ്റോസ് വ്യക്തമാക്കി. രാഹുലും ആദ്യ ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത.
അതേസമയം അമേരിക്കയ്‌ക്കെതിരേ വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയുടെ നാണക്കേട് മാറ്റാനാണ് ഘാനയിറങ്ങുന്നത്. എന്നാല്‍ പ്രമുഖ താരങ്ങളുടെ മികവില്ലായ്മ ടീമിന് തിരിച്ചടിയാണ്. റൈറ്റ് വിങ് താരം സാദിഖ് ഇബ്രാഹിമിലാണ് ടീമിന്റെ പ്രതീക്ഷ.
സൂപ്പര്‍ താരം എറി അയിയക്ക് വേണ്ടത്ര മികവിലേക്കുയരാന്‍ സാധിക്കാത്തതും ടീമിന് തിരിച്ചടിയാണ്. അമിനു മുഹമ്മദ്, ടോകു ഇമ്മാനുവേല്‍, ജിഡിയോണ്‍ മെന്‍സ എന്നിവര്‍ ആദ്യ ഇലവനിലുണ്ടാകും. പ്രതിരോധ താരം അബ്ദുല്‍ യൂസുഫ് പരുക്ക് കാരണം കളത്തിലിറങ്ങില്ല.
പ്രീ ക്വാര്‍ട്ടറിലേക്കുള്ള ഇന്ത്യയുടെ
സാധ്യതകള്‍ ഇങ്ങനെ
ഘാനയ്‌ക്കെതിരേ വമ്പന്‍ ജയമാണ് ഇന്ത്യക്ക് നോക്കൗട്ട് സാധ്യത വര്‍ധിപ്പിക്കുന്ന ഘടകം. നാല് ഗോളില്‍ കുറയാതെയുള്ള ജയമാണ് ആവശ്യം. അതോടൊപ്പം അമേരിക്ക വമ്പന്‍ മാര്‍ജിനില്‍ കൊളംബിയയെ പരാജയപ്പെടുത്തണം. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള അമേരിക്കയ്ക്ക് നാല് ഗോളിന്റെ മുന്‍തൂക്കമുണ്ട്. രണ്ടും മൂന്നും സ്ഥാനത്തുള്ള കൊളംബിയയും ഘാനയും ഗോള്‍ വ്യത്യാസത്തിന്റെ കാര്യത്തില്‍ തുല്യരാണ്. നെഗറ്റീവ് നാലാണ് ഇന്ത്യയുടെ ഗോള്‍ വ്യത്യാസം. ഇതാണ് ഇന്ത്യക്ക് മറികടക്കേണ്ടത്.
ഘാനയ്‌ക്കെതിരേ വമ്പന്‍ ജയം നേടിയാല്‍ ഇന്ത്യക്ക് മറ്റ് രണ്ട് ടീമുകള്‍ക്കൊപ്പമെത്താന്‍ സാധിക്കും. ഇതോടെ അടിച്ച ഗോളിന്റെ കണക്കില്‍ ഇന്ത്യക്ക് നോക്കൗട്ടിലേക്ക് മുന്നേറാം. എന്നാല്‍ ഇതിന് അമേരിക്ക കനിയണം. ഘാനയ്‌ക്കെതിരേ വമ്പന്‍ ജയം നേടാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്. മികച്ച മൂന്നാം സ്ഥാനക്കാരാവുക എന്നതാണ് ടീമിന്റെ മുന്നിലുള്ള മറ്റൊരു സാധ്യത.
ഇത് യാഥാര്‍ഥ്യമാകാന്‍ വളരെ നേരിയ സാധ്യതയേ ഉള്ളൂ. രണ്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോള്‍ വഴങ്ങിയതിനാല്‍ കൊളംബിയയും ഘാനയും ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."