സഊദിയില്‍ ഇഖാമ പുതുക്കാന്‍10 രാജ്യങ്ങളിലുള്ളവര്‍ക്ക് എച്ച്.ഐ.വി ടെസ്റ്റ് നിര്‍ബന്ധമാക്കി
റിയാദ്: സഊദിയില്‍ ഇഖാമ പുതുക്കാന്‍ 10 രാജ്യങ്ങളിലുള്ളവര്‍ക്ക് എച്ച്.ഐ.വി പരിശോധന നിര്‍ബമാക്കി. സഊദി ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍മദീന പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിശോധന നടത്തി രോഗമില്ലെന്നു ഉറപ്പ് വരുത്തിയാലേ ഇവരുടെ താമസരേഖ പുതുക്കി നല്‍കുകയുള്ളൂ. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇതില്‍ ഭൂരിഭാഗവും.
സുഡാന്‍, നേപ്പാള്‍, വിയറ്റ്‌നാം, നൈജീരിയ, കെനിയ, സൊമാലിയ, എത്യോപ്യ, ജിബൂത്തി, തായ്‌ലന്‍ഡ്, എറിത്രിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് താമസരേഖ പുതുക്കാന്‍ എച്ച്.ഐ.വി പരിശോധന നിര്‍ബന്ധമാക്കിയത്. നേരത്തെ ചില രാജ്യക്കാര്‍ക്ക് ഈ ടെസ്റ്റ് ബാധകമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം പിന്‍വലിച്ചിരുന്നു. വീണ്ടും നിബന്ധന കൊണ്ടുവന്നതിനു പുറമെ ചില രാജ്യങ്ങളെയും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
കൂടാതെ, സ്വകാര്യ ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍, ആരോഗ്യ മേഖലയിലുള്ളവര്‍, ബാര്‍ബര്‍മാര്‍, വെല്‍ഫെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, രോഗവിമുക്തരായിക്കൊണ്ടിരിക്കുന്നവര്‍ എന്നീ ആറു വിഭാഗക്കാര്‍ക്ക് ഹെപറ്റൈറ്റിസ് ബി വാക്‌സിനേഷന്‍ നല്‍കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ സുരക്ഷിതത്വം ഉയര്‍ത്തിപിടിക്കുന്നതിനാണ് സഊദി ആരോഗ്യ മന്ത്രാലയം പുതിയ നിബന്ധനകള്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."