കുത്തിവയ്പ്പിനെ പ്രതിരോധിക്കുന്നതെന്തിന്?
വാക്‌സിന്‍ എടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അതുകൊണ്ടാണ് വാക്‌സിനെടുത്താലും രോഗം വരുന്നതെന്നുമുള്ളത് തെറ്റായ വാദം മാത്രമാണ്. ലോകത്തെ വിറപ്പിച്ച മാരകമായ പല രോഗങ്ങളും ഇന്നില്ല. വസൂരി പോലുള്ള രോഗങ്ങള്‍ ലോകത്തുനിന്ന് തന്നെ തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. പോളിയോ രോഗം 2011ന് ശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.
ആ വര്‍ഷം ആകെ ഒരാള്‍ക്ക് മാത്രമാണ് പോളിയോ രോഗം ബാധിച്ചത്. ലോകത്ത് ഇന്ന് രണ്ടു രാജ്യങ്ങളില്‍ മാത്രമാണ് പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്, പാകിസ്താനിലും അഫ്ഗാനിസ്താനിലും. ഇന്ത്യയിലത് നിയന്ത്രണവിധേയമാണെങ്കിലും മുന്‍കരുതലില്ലെങ്കില്‍ അയല്‍രാജ്യത്ത് നിന്ന് പടരാന്‍ സാധ്യതയുണ്ടെന്നത് കൂടി നാം ചേര്‍ത്തുവായിക്കണം. കുത്തിവയ്പ്പിനോടുള്ള വിമുഖതയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നത് നിര്‍മാര്‍ജനം ചെയ്യാന്‍ ഉടന്‍ സാധിക്കും.
വാക്‌സിന്‍ എടുക്കുന്ന എല്ലാ രോഗങ്ങളും ഇതുപോലെ നിയന്ത്രണവിധേയമാണ്. അമേരിക്കയില്‍ 1979ല്‍ തന്നെ നിര്‍മാര്‍ജനം ചെയ്യപ്പെട്ട പോളിയോ രോഗം നമുക്കിന്നും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കാത്തത് നമ്മില്‍ പലരിലും കുറേ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാണ്.
വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രോഗങ്ങള്‍ പിടിപെടുമെന്ന തെറ്റായ ധാരണയാണ് മറ്റൊരു പ്രശ്‌നം. ചില വൈറല്‍ വാക്‌സിനുകളില്‍ ആ രോഗാണുവിന്റെ മുഴുവന്‍ കോശവും ഉണ്ടാവും. പക്ഷേ ആ രോഗാണുവിന്റെ രോഗമുണ്ടാക്കാനുള്ള ശേഷി പരമാവധി കുറച്ച ശേഷമാണ് വാക്‌സിനില്‍ ഉപയോഗിക്കുന്നത്. ഇങ്ങനെയാണെങ്കിലും ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് വാക്‌സിനെടുക്കുന്നതിലൂടെ രോഗം വരാന്‍ സാധ്യതയുണ്ട്. രോഗത്താല്‍ നഷ്ടപ്പെട്ടേക്കാവുന്ന ജീവനുകളോട് താരതമ്യം ചെയ്തുനോക്കുമ്പോള്‍ അതെത്രയോ ചെറുതാണ്.
ജലദോഷം, ചിക്കുന്‍ ഗുനിയ പോലുള്ള രോഗങ്ങള്‍ വൈറസ് മൂലം സംഭവിക്കുന്നതും ക്ഷയം, ടൈഫോയിഡ്, ഡിഫ്തീരിയ, എലിപ്പനി പോലുള്ള എണ്ണമില്ലാത്ത മാരക രോഗങ്ങള്‍ ബാക്റ്റീരിയ മൂലം സംഭവിക്കുന്നവയുമാണ്. ജലദോഷം വന്നാല്‍ ഒരാഴ്ച കൊണ്ട് മാറും എന്നാണ് പതിവ് ചൊല്ല്.
എന്നുവച്ചാല്‍ ജലദോഷം ഉണ്ടാക്കുന്ന വൈറസിനെ ആരോഗ്യമുള്ള ശരീരം ഒരാഴ്ച കൊണ്ട് കീഴടക്കി നശിപ്പിക്കുമെന്നര്‍ഥം, മരുന്നുകളൊന്നും കഴിച്ചില്ലെങ്കില്‍ പേലും. പക്ഷേ, എല്ലാ വൈറസുകള്‍ക്കെതിരേയും ശരീരത്തിന് ഇതുപോലെ പ്രതിരോധിക്കാന്‍ സാധിക്കില്ല. മാത്രമല്ല ചില വൈറസുകള്‍ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ പല വൈറല്‍ രോഗങ്ങള്‍ക്കും പൂര്‍ണ സൗഖ്യം തരുന്ന മരുന്നുപോലും കണ്ടെത്താന്‍ കഴിയാറില്ല. ആദ്യമേ കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ മിക്ക ബാക്റ്റീരിയന്‍ രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുമാവും.
ഈ പറഞ്ഞതെല്ലാം ഒരു സാധാരണക്കാരനായ ആരോഗ്യവാനായ ആളിനെ സംബന്ധിച്ചാണ്. എന്നാല്‍, ജനിച്ചുവീഴുന്ന കുട്ടിക്ക് ആരോഗ്യവാനായ ഒരാളുടെ നാലിലൊന്ന് രോഗപ്രതിരോധ ശേഷിയേ ഉണ്ടാവൂ. കുട്ടികള്‍ക്ക് ഇത്തരം രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വളരേ അധികമാണ്.
ഡിഫ്തീരിയ, വില്ലന്‍ചുമ പോലുള്ള രോഗങ്ങള്‍ കുട്ടികളെ കൂടുതലായി ബാധിക്കുന്നവയുമാണ്. വന്നുകഴിഞ്ഞാല്‍ ചികിത്സിക്കാന്‍ പ്രയാസമുള്ളതും വേഗത്തില്‍ പകരുന്നതുമായ രോഗങ്ങളാണ് ഡിഫ്തീരിയയും വില്ലന്‍ചുമയും ക്ഷയവുമൊക്കെ. പോളിയോ രോഗം പിടിപെട്ടാല്‍ അതിന് ചികിത്സ തന്നെയില്ല. രോഗം വരാതിരിക്കുകയെന്നത് മാത്രമാണ് പ്രതിവിധി. അതിന് അത്രയും ശക്തമായ പ്രതിരോധകവചം അത്യാവശ്യമാണ്. അവിടെയാണ് വാക്‌സിനുകളുടെ പ്രസക്തി.
1920ല്‍ അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ബാധിക്കുകയും പതിനായിരത്തോളം വരുന്നവരുടെ മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട് ഡിഫ്തീരിയ. കുത്തിവയ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോഴേക്കും അമേരിക്കയില്‍ ആ വര്‍ഷം വെറും അഞ്ചു പേര്‍ക്ക് മാത്രം ബാധിച്ച ഒരു രോഗമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചുവെന്നു മാത്രമല്ല, ഒരു മരണം പോലും സംഭവിച്ചിട്ടുമില്ല.
എന്നാല്‍, വികസ്വര രാജ്യങ്ങളിലും ഇത്തരത്തിലുള്ള മാരക രോഗങ്ങള്‍ ധാരാളമായിട്ടുണ്ട്. എപ്പോഴൊക്കെ പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇത്തരം രോഗങ്ങള്‍ അവിടെ സംഹാരതാണ്ഡവമാടിയിട്ടുമുണ്ട്.
1980കളുടെ അവസാനത്തില്‍ സോവിയറ്റ് യൂനിയന്‍ ഛിന്നഭിന്നമാവുകയും രാഷ്ട്രീയ അസ്ഥിരത കാരണം ചില രാജ്യങ്ങളില്‍ പ്രതിരോധകുത്തിവയ്പുകള്‍ നടക്കാതെ വരികയും ചെയ്തു. തത്ഫലമായി 1990/ 95 കാലഘട്ടത്തിനിടയില്‍ ഒന്നരലക്ഷം പേര്‍ക്കാണ് അവിടെ ഡിഫ്തീരിയ ബാധ ഉണ്ടായത്. മാത്രമല്ല അയ്യായിരത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തു.
എല്ലാ വാക്‌സിനുകളും നിരവധി പരീക്ഷണനിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയ ശേഷമാണ് നല്‍കുന്നത്. നിസ്സാരകാരണങ്ങളും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും കൊണ്ട് നാം നശിപ്പിക്കുന്നത് കുട്ടികളുടെയും സമൂഹത്തിന്റെയും ഭാവിയെയാണ്.
തീരുമാനമെടുക്കേണ്ടത് രക്ഷിതാക്കളായ നാം തന്നെയാണ്. പക്ഷേ, നാം എടുക്കുന്ന തീരുമാനം ശാസ്ത്രത്തെയും സത്യത്തെയും അംഗീകരിക്കാത്ത കപടവാദികളുടെ വാക്കിന്റെ മേലിലുള്ളതാവരുത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."