മലേഗാവ് സ്‌ഫോടനം: ഒരുപ്രതിക്കു കൂടി ജാമ്യം
ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസിലെ ഒരുപ്രതികൂടി ജാമ്യത്തില്‍ പുറത്തിറങ്ങി.
സമിര്‍ കുല്‍കര്‍ണിക്കാണ് മുംബൈയിലെ പ്രത്യേക വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. അരലക്ഷംരൂപയുടെ ഉറപ്പിന്‍മേലാണ് ജാമ്യം. കഴിഞ്ഞവര്‍ഷം എന്‍.ഐ.എ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ആകെയുള്ള എട്ടുപ്രതികളില്‍ ഏഴുപേരും ജാമ്യത്തിലിറങ്ങി. മനുഷ്യത്വപരമായ നിലപാടിന്റെ പേരില്‍ ജാമ്യം അനുവദിക്കണമെന്ന ഇയാളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ പ്രധാനപ്രതികളായ സനാതന്‍ സന്‍സ്ത സ്ഥാപക സാധ്വി പ്രഗ്യാസിങ്ങിനും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ലഫ്റ്റനന്റ് പ്രസാദ് ശ്രീകാന്ത് പുരോഹിത്, മേജര്‍ രമേശ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി എന്ന ശങ്കരാചാര്യ തുടങ്ങിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
തനിക്കെതിരേ വ്യക്തമായ തെളിവുകളില്ലെന്നും വിചാരണ തുടങ്ങാതെ നീണ്ട ഒന്‍പതുവര്‍ഷമായി തടവില്‍ കഴിയുകയാണെന്നും കുല്‍ക്കര്‍ണി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യപ്രതികളോടൊപ്പം പലതവണ ഗൂഢാലോചനാ യോഗങ്ങളില്‍ പങ്കെടുത്തയാളാണ് കുല്‍ക്കര്‍ണിയെന്നു ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എന്‍.ഐ.എ എതിര്‍ത്തെങ്കിലും വിചാരണക്കോടതി ഇത് തള്ളി. 2008 സെപ്റ്റംബര്‍ 29നുണ്ടായ മലേഗാവ് സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."