കായല്‍ കൈയേറ്റം: 10 ദിവസത്തിനകം സത്യവാങ്മൂലം നല്‍കണം
കൊച്ചി : മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരേ നടപടി വേണമെന്ന ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ പത്തു ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
കായല്‍ ഭൂമി കൈയേറിയ മന്ത്രിക്കെതിരേ കേസ് എടുക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ച് കൈനകരി ഗ്രാമ പഞ്ചായത്തംഗം ബി.കെ വിനോദ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇന്നലെ ഹരജി കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ കായല്‍ നിലം നികത്തുന്നത് തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ഇതു കണക്കിലെടുത്ത് നിലം നികത്തല്‍ തുടരരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കായല്‍ നിലം കൈയേറി നിയമ വിരുദ്ധമായി നികത്തുന്നതെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് ഈ ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ നിവേദനം നല്‍കിയിട്ടും മന്ത്രിയുടെ സ്വാധീനത്താല്‍ റവന്യൂ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."