ഒത്തുതീര്‍പ്പ് എന്താണെന്ന് ബല്‍റാം വെളിപ്പെടുത്തണം: കെ.കെ രമ
വടകര: ടി.പി വധക്കേസില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുകള്‍ നടന്നിട്ടുണ്ടെന്ന വാദങ്ങള്‍ ശരിയായിരിക്കുകയാണെന്ന് ആര്.എം.പി.ഐ നേതാവ് കെ.കെ രമ.
ടി.പി കേസിലെ ഒത്തുതീര്‍പ്പുകള്‍ക്ക് കോണ്‍ഗ്രസിനു കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രമ. ആര്.എം.പി.ഐയുടെ വാദങ്ങള്‍ അന്ന് പൊതുസമൂഹം ഏറ്റെടുത്തതാണ്.
എന്നാല്‍, ടി.പി കേസിലെ ഒത്തുതീര്‍പ്പുകള്‍ എന്തൊക്കെയാണെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഇരുമുന്നണികളും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഇതുപോലെ അഴിമതിക്കേസുകള്‍ ഉള്‍പ്പെടെ എല്ലാം ഒത്തുതീര്‍പ്പുകളിലൂടെ തേയ്ച്ചുമായ്ച്ചിട്ടുണ്ടാകും. ടി.പി വധക്കേസില്‍ അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി. മോഹനനെ അറസ്റ്റ് ചെയ്തതോടെ കേസിന്റെ അന്വേഷണം നിലയ്ക്കുകയായിരുന്നു.
ഇപ്പോള്‍ ഇത്തരമൊരു കാര്യം വെളിപ്പെടുത്തിയ ബല്‍റാമിന് കേസിലെ ഒത്തുതീര്പ്പുകളെകുറിച്ച് അറിയാം. അത് വെളിപ്പെടുത്താന്‍ ജനപ്രതിനിധി എന്ന നിലയ്ക്ക് അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. ടി.പി വധ ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന തങ്ങളുടെ ആവശ്യത്തിന് പുതിയ വെളിപ്പെടുത്തലോടെ പ്രസക്തി ഏറിയിരിക്കുകയാണെന്നും രമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."