ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് സൈനികമേധാവി
കറാച്ചി: യുദ്ധതല്‍പ്പരരായ ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ സൈനികമേധാവി ഖമര്‍ ജാവേദ് ബജ്‌വ. എന്നാല്‍ സമാധാനത്തിനായി പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങളോട് ഇന്ത്യ സഹകരിക്കുന്നില്ലെന്നു ബജ്‌വ കുറ്റപ്പെടുത്തി. കറാച്ചിയില്‍ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശ്‌നങ്ങള്‍ അപകടകരമായ രീതിയിലേക്കു മാറും മുന്‍പ് തടയണമെന്നും അവയോട് മൃദുസമീപനം പാടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ ഉയര്‍ത്തുന്ന യുദ്ധഭീഷണിയും അഫ്ഗാനിസ്ഥാനിലെ ഭീകരരുടെ കടന്നുകയറ്റവും പാകിസ്താന്‍ ഗൗരവത്തോടെ കാണണം.
നിരന്തര സംഘര്‍ഷങ്ങള്‍ കാരണം മേഖലയില്‍ അസ്ഥിരത നിലനില്‍ക്കുന്നുണ്ട്. നയതന്ത്രത്തിലൂന്നിയുള്ള സൈനിക-സാമ്പത്തിക സഹകരണത്തിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ബജ്‌വ കൂട്ടിച്ചേര്‍ത്തു.
അതേസമയം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയെ കുറിച്ചും പാകിസ്താന്‍ നടത്തുന്ന നിരന്തര വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ചും ബജ്‌വ പ്രതികരിച്ചില്ല. പാകിസ്താന്റെ സാമ്പത്തികസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും വിവിധ മേഖലകളിലെ ബാധ്യതകളെ രാജ്യം സൂക്ഷ്മതയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."