അത്ര നിഷ്‌കളങ്കമോ ഈ മുന്‍വിധികള്‍?
അടുത്തകാലത്തുണ്ടായ മതപരിവര്‍ത്തനക്കേസിലെ നായിക ഹാദിയ എത്ര പ്രാവശ്യം വിവാഹിതയായിട്ടുണ്ട്? നമ്മുടെയെല്ലാം അറിവില്‍ ഒരു തവണ മാത്രമേയുള്ളൂ. എന്നിട്ടും ഇങ്ങനെയൊരു സംശയം തോന്നാന്‍ കാരണം ഒക്ടോബര്‍ എട്ടിന് മലയാള മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന ഒരു വാര്‍ത്തയാണ്.
'ഹാദിയ കേസ്, എന്‍.ഐ.എ അന്വേഷിക്കേണ്ടതായിരുന്നില്ല: സംസ്ഥാന സര്‍ക്കാര്‍ എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയില്‍ ഷെഫിന്‍ ജഹാനെ വിശേഷിപ്പിക്കുന്നത് 'ഹാദിയയുടെ മുന്‍ ഭര്‍ത്താവ്' എന്നാണ്. സ്വാഭാവികമായും ഇത് വായിച്ചാല്‍ ഹാദിയയ്ക്ക് ഇപ്പോള്‍ വേറെയൊരു ഭര്‍ത്താവുണ്ട് എന്നൊക്കെയുള്ള സംശയം തോന്നാമല്ലോ. മുന്‍ ഭര്‍ത്താവ് എന്ന പ്രയോഗം തങ്ങള്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളതാണെങ്കില്‍, സര്‍ക്കാര്‍ വളരെയധികം 'സൂക്ഷ്മത'യോടെയാണ് അങ്ങനെ പരാമര്‍ശിച്ചത് എന്നു പറയേണ്ടിവരും. നാമൊക്കെ അറിഞ്ഞിടത്തോളം ഹാദിയയെ ഷെഫിന്‍ ജഹാന്‍ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂ. ആ വിവാഹം പക്ഷേ ഹൈക്കോടതി അസാധുവാക്കി.
എന്നിട്ട് ഹാദിയയുടെ സംരക്ഷണം അവളുടെ പിതാവിന് ഏല്‍പ്പിച്ചുകൊടുത്തു. എങ്കിലും തന്റെ ഭാര്യയെ മോചിപ്പിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു നിയമപ്പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഷെഫിന്‍ ജഹാന്‍. ഈ അവസ്ഥയില്‍ ഷെഫിന്‍ ജഹാനെ മുന്‍ ഭര്‍ത്താവ് എന്നാണോ വിശേഷിപ്പിക്കേണ്ടത്? അങ്ങനെ വിശേഷിപ്പിച്ചിരുന്നെങ്കില്‍ അതില്‍ തീര്‍ച്ചയായും തികഞ്ഞ സാങ്കേതിക സൂക്ഷ്മതയുണ്ട്. മുന്‍ ഭര്‍ത്താവ് എന്ന പ്രയോഗത്തിലൂടെ ഹാദിയാ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിധി പ്രസ്താവിച്ചുകഴിഞ്ഞു. അവളുടെ ജീവിതത്തില്‍നിന്ന് ഷെഫിന്‍ ജഹാനെ തീര്‍ത്തും ഔട്ടാക്കിക്കളഞ്ഞു. എന്നാല്‍, ന്യായമായും ഇവിടെ മറ്റൊരു ചോദ്യം ചോദിക്കാവുന്നതാണ്. മുന്‍ ഭര്‍ത്താവ് എന്ന പ്രയോഗം സര്‍ക്കാരിന്റേതാണോ, അതോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രത്തിന്റേതോ? ഞാന്‍ വായിച്ച മറ്റു പത്രങ്ങളൊന്നും മുന്‍ ഭര്‍ത്താവ് എന്ന് ഷെഫിന്‍ ജഹാനെ വിശേഷിപ്പിച്ചിട്ടില്ല.
ഭര്‍ത്താവ് എന്നും ഹാദിയയെ വിവാഹം കഴിച്ച വ്യക്തി എന്നുമൊക്കെയാണ് എഴുതിയത്. ദി ഹിന്ദുവില്‍ വേല ാമി വെല ാമൃൃശലറ ീേ എന്ന് വിശേഷിപ്പിച്ചു. അതായത് ഷെഫിന്‍ ജഹാന്‍ ഹാദിയയുടെ ഇപ്പോഴത്തെ ഭര്‍ത്താവല്ല, പണ്ടെന്നോ കല്യാണം കഴിച്ച ആള്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറഞ്ഞത് മനോരമ മാത്രം. കോടതി വിധിയെ പത്രം സസൂക്ഷ്മം പിന്തുടര്‍ന്നതായിരിക്കണം ഇതിന് കാരണം.
ഹാദിയക്കേസിലുടനീളം കൃത്യതയുടെയും സൂക്ഷ്മതയുടെയും ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് അവളെ പിതാവിന്റെ സംരക്ഷണത്തില്‍ വിടണമെന്ന ഹൈക്കോടതി വിധി നോക്കൂ, തികഞ്ഞ കൃത്യതയും സൂക്ഷ്മതയും പഴുതുകളെല്ലാമടച്ച് പുലര്‍ത്തിയിരിക്കുന്നു കോടതി. ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ച ആളായതിനാല്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചായിരിക്കണം അവളുടെ വിവാഹം എന്ന് കോടതി നിഷ്‌കര്‍ഷിച്ചു.
ശരീഅത്ത് അനുസരിച്ച് അച്ഛനാണ് മകളെ വിവാഹം ചെയ്തുകൊടുക്കേണ്ടത്. പിതാവ് അശോകന്‍ നിക്കാഹ് ചെയ്തുകൊടുത്തിട്ടില്ല എന്നതിനാല്‍ വിവാഹത്തിന് നിയമപ്രാബല്യമില്ല എന്ന് കോടതി കണ്ടെത്തി. ഇതേ സൂക്ഷ്മത തന്നെയാണ് ഹാദിയയുടെ സംരക്ഷണത്തിന് നിയുക്തരായ പൊലിസുകാരും പുലര്‍ത്തുന്നത്. തടവറക്ക് തുല്യമായ സാഹചര്യത്തിലാണ് ഹാദിയയുടെ ജീവിതം. ഈച്ചയെപ്പോലും പൊലിസുദ്യോഗസ്ഥന്മാര്‍ വീടിന്റെ പരിസരത്തേക്കു കടത്തിവിടുന്നില്ല. പൊതുവെ കുത്തഴിഞ്ഞുകിടക്കുന്ന നമ്മുടെ പൊലിസ് സംവിധാനത്തിന് ഹാദിയയുടെ കാര്യത്തില്‍ മാത്രം എന്തൊരു കാര്യക്ഷമത!
ഈ കൃത്യത മറ്റു ചില മണ്ഡലങ്ങളിലും കാണാനും കേള്‍ക്കാനുമിടയായി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലരുടെ പ്രയോഗങ്ങളിലെ സൂക്ഷ്മതയെപ്പറ്റിയാണ് പറയുന്നത്. അവര്‍ പെണ്‍കുട്ടിയുടെ പേര് പറയേണ്ടിവരുമ്പോള്‍ ഹാദിയയെന്ന് മൊഴിയുകയേ ഇല്ല. അഖിലയെന്നേ പറയൂ. ബി.ജെ.പി നേതാവ് എം.ടി രമേശ് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഹാദിയ എന്ന ഒരാള്‍ ഇല്ല, അഖിലയേയുള്ളൂ. അഖില മതം മാറി ഹാദിയ ആയി എന്ന് സമ്മതിച്ചുകൊടുക്കാന്‍ ഇക്കണ്ട കോടതിക്കേസുകള്‍ക്കും മറ്റ് പുക്കാറത്തുകള്‍ക്കു ശേഷവും അദ്ദേഹം തയ്യാറല്ല. ?
വസ്തുതകളെ വസ്തുതകളായി അംഗീകരിക്കുവാന്‍ പലരുടെയും സാമാന്യബോധം വിസമ്മതിക്കുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഖില ഇസ്‌ലാം മതം സ്വീകരിച്ച് ഹാദിയ ആയി എന്നത് സത്യമാണ്. ഏത് പ്രലോഭനത്തിന്റെ പേരിലായാലും അവള്‍ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു എന്നതും സത്യമാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ തീരുമാനം എന്ന നിലയിലാണ് മാധ്യമങ്ങളും കോടതിയും ജനങ്ങളും ഇതിനെ കാണേണ്ടത്.
ഹാദിയ ഇസ്‌ലാം മതത്തില്‍ ഉറച്ചുനില്‍ക്കുമോ, വീണ്ടും അഖിലയായി തിരിച്ചുപോകുമോ അവള്‍ ഇസ്‌ലാമിക തീവ്രവാദത്തില്‍ ചേക്കേറുമോ ഇതിനൊന്നിനും എന്റെ പക്കല്‍ ഉത്തരമില്ല. പക്ഷേ, കണ്ടിടത്തോളം അവള്‍ ഇസ്‌ലാംമതവിശ്വാസിയാണ്, ഷെഫിന്‍ ജഹാന്‍ അവളുടെ ഹൃദയത്തെ സ്പര്‍ശിച്ച കെട്ടിയവനാണ്. ഇതൊക്കെ വിസ്മരിച്ച് ഹാദിയയെ അഖിലയെന്നും ഷെഫിന്‍ ജഹാനെ മുന്‍ഭര്‍ത്താവെന്നും വിളിക്കണമെന്ന് വാശിപിടിക്കുന്നത് കാണുമ്പോള്‍ സ്വന്തം മുറംകൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിച്ച പഴയ മുത്തശ്ശിയെയാണ് ഓര്‍മവരുന്നത്.
ഷെഫിന്‍ ജഹാന്‍ ഹാദിയയെ വിവാഹം കഴിച്ചത് ലൗജിഹാദാണോ ഇപ്രകാരം ഹിന്ദുപെണ്‍കുട്ടികളെ വിവാഹം കഴിച്ച് തീവ്രവാദം വളര്‍ത്തുകയെന്നത് മുസ്‌ലിം അജണ്ടയാണോ എന്നൊക്കെയുള്ളത് ഒരു പ്രത്യേക വിഷയമാണ്. സംസ്ഥാന പൊലിസോ എന്‍.ഐ.എയോ കോടതിയോ ഏത് ഏജന്‍സിയായാലും തരക്കേടില്ല, സത്യം പുറത്തുകൊണ്ടുവരട്ടെ. അതുവരെ ഹാദിയയുടെ മതവിശ്വാസത്തെയും ഷെഫിന്‍ ജഹാന്റെ ഭര്‍തൃസ്ഥാനത്തെയും മാനിക്കുക എന്നതാണ് മര്യാദ.
ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി അന്തിമ തീരുമാനമല്ല. ഹാദിയയുടെ ഭര്‍ത്താവാണ് താനെന്ന് സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി ഷെഫിന്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. അയാള്‍ ഹാദിയയുടെ ഭര്‍ത്താവല്ല എന്ന് പരമോന്നത കോടതി പറഞ്ഞിട്ടുമില്ല. തീരുമാനമാവാത്ത ഒരു കേസിനെപ്പറ്റി പറയുമ്പോള്‍, ഷെഫിനെ മുന്‍ ഭര്‍ത്താവെന്ന് വിശേഷിപ്പിക്കാന്‍ തിടുക്കപ്പെടുന്നത് ഉചിതമാണോ? ഈ തിടുക്കപ്പെടലില്‍ കുറ്റകരമെന്ന് പറയാവുന്ന ചില മുന്‍വിധികളുണ്ട്.
ഹാദിയക്കേസില്‍ ഇത്തരം മുന്‍വിധികള്‍ ഉടനീളം കാണാന്‍ കഴിയും. കോടതിയുടെ മുന്‍വിധി, പൊലിസിന്റെ മുന്‍വിധി, മാധ്യമങ്ങളുടെ മുന്‍വിധി, വനിതാ കമ്മീഷന്റെയും ഈ സംഭവങ്ങള്‍ വിശകലനം ചെയ്യുന്ന ബുദ്ധിജീവികളുടെയും മുന്‍വിധി. ഈ മുന്‍വിധികള്‍ പരസ്യമായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍, അത് പൊതുസമൂഹത്തിന്റെയും ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും നിലപാടുകളെ സ്വാധീനിക്കാനാണ് സാധ്യത. ഈ സ്വാധീനം ആ പെണ്‍കുട്ടിയുടെ ഇച്ഛകളേയും അവള്‍ക്ക് ഭരണഘടന അനുവദിച്ചു നല്‍കുന്ന അവകാശങ്ങളെയും എപ്രകാരമാണ് ബാധിക്കുക എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ- മുന്‍ ഭര്‍ത്താവ് എന്ന് പത്രത്തിലെഴുതുന്നത് അത്ര നിഷ്‌കളങ്കമായിട്ടല്ല. അഖില എന്ന് തന്നെ പറയണമെന്ന് വാശിപിടിക്കുന്നതിലുമില്ല നന്‍മയുടെ വെളിച്ചം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."