സ്ഥിരനിയമനം നേടിയ അനര്‍ഹരെ പിരിച്ചുവിടല്‍ ഉടന്‍ മറുപടി നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി യൂനിറ്റുകള്‍ക്ക് അന്ത്യശാസനം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സ്ഥിരം നിയമനം നേടിയ അനര്‍ഹരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി അയച്ച പട്ടികയുടെ കൃത്യത ഉറപ്പാക്കി ഉടന്‍ മറുപടി നല്‍കുന്നതിന് യൂനിറ്റുകള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്ത്യശാസനം നല്‍കി. ഈമാസം 20നകം ഇക്കാര്യത്തില്‍ മറുപടി നല്‍കിയില്ലെങ്കില്‍ യൂനിറ്റ് മേധാവികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് ഡയറക്ടര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് 4883 താല്‍ക്കാലിക ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. സ്ഥിരപ്പെടുത്തിയിരുന്നു. 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കുകയും വര്‍ഷത്തില്‍ 120 ഡ്യൂട്ടി നോക്കുകയും ചെയ്തവരെ സ്ഥിരപ്പെടുത്തണമെന്ന് 2011ല്‍ സുപ്രിം കോടതിയാണ് ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് തുടങ്ങിയ വിഭാഗങ്ങളില്‍പെട്ട 4883 താല്‍ക്കാലിക ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. 2011ല്‍ സ്ഥിരപ്പെടുത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് പിന്നീട് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മതിയായ യോഗ്യതയില്ലാത്തവരും അനര്‍ഹരും ഉള്‍പ്പെടെ നിയമനം നേടിയെന്ന ആക്ഷേത്തെ തുടര്‍ന്ന് ഒരു വിഭാഗം സുപ്രിം കോടതിയെ സമീപിച്ചു. വിദേശത്തായിരുന്നവര്‍, കെ.എസ്.ആര്‍.ടി.സിയിലെ ജോലി ഉപേക്ഷിച്ച് മറ്റു പണികള്‍ക്ക് പോയവര്‍ തുടങ്ങി നിരവധി പേരെ മതിയായ യോഗ്യതയില്ലാതെ തിരുകിക്കയറ്റി എന്നായിരുന്നു ഹരജിക്കാര്‍ ആരോപിച്ചത്.
പരാതി പരിഗണിച്ച കോടതി യോഗ്യതകളില്ലാത്ത അനര്‍ഹരായവരെ പിരിച്ചുവിടണമെന്ന് ഉത്തരവിട്ടു. ഈ ഉത്തരവാണ് ഇനിയും നടപ്പിലാക്കാത്തത്. യൂനിറ്റുകളുടെ നിസ്സഹകരണം കാരണം വിധി ഇതുവരെ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പുതിയ ഉത്തരവ്. അന്ന് ജോലി നേടിയ പലരും ഇന്ന് സര്‍വിസില്‍നിന്നുതന്നെ പിരിഞ്ഞുപോയ സാഹചര്യത്തില്‍ അവര്‍ക്കെതിരേ എന്തു നടപടിയാകും സ്വീകരിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."