ചരിത്രവും മിത്തും കുഴമറിയുന്നിടം
പ്രകാശം ജലം പോലെയാണ് എന്ന പേരില്‍ മാര്‍കേസിന്റെ ഒരു കഥയുണ്ട്. മാതാപിതാക്കള്‍ പുറത്തുപോയ തക്കത്തിനു കുട്ടികള്‍ വീടിനകത്ത് ഒരുക്കുന്ന ഉത്സവാന്തരീക്ഷമാണു കഥയില്‍. ഒരു തിരി വെളിച്ചത്തിനുപോലും പുറത്തുകടക്കാനാകാത്തവിധം കുട്ടികള്‍ എല്ലാ പഴുതുകളും അടക്കുന്നു. എല്ലാ വെളിച്ചങ്ങളും ഓണ്‍ ചെയ്യുന്നു. മുറികളില്‍ പ്രകാശം നിറഞ്ഞു വെള്ളം പോലെ ഓളം വെട്ടാന്‍ തുടങ്ങുന്നു. അപ്പോഴവര്‍ കടല്‍ക്കരയില്‍ പോയി ചെറിയ ബോട്ടുകള്‍ കൊണ്ടുവന്നു വെള്ളം പോലെയായ വെളിച്ചത്തില്‍ ഇറക്കുകയാണ്. വെളിവും വെള്ളിയാഴ്ചയും കെട്ട് ബോട്ടില്‍ കയറി അര്‍മാദിക്കുന്നു കുട്ടികളുടെ അതിരുകളില്ലാത്ത ആനന്ദം. ബാല്യത്തിന്റെ സങ്കോചങ്ങളില്ലാത്ത അനുഭൂതികള്‍ കഥയില്‍ നിറയുന്നു. വായിക്കുന്നവരും സ്വയമറിയാതെ വെളിച്ചത്തിന്റെ ഓളത്തില്‍ അകപ്പെടുന്നു. തിരിച്ചുപിടിക്കാനാഗ്രഹിക്കുന്ന കുട്ടിക്കാലത്തിന്റെ തുരുത്തില്‍ നമ്മളും വായനക്കൊടുവില്‍ എത്തിച്ചേര്‍ന്നിരിക്കും. നല്ല എഴുത്തിന്റെ ഗുണങ്ങളിലൊന്ന് അതാണ്; വായനയുടെ ഓളത്തില്‍പെട്ടു തലയുടെ ഓളം മറയുന്നു. അവിടെ സത്യത്തിന്റെയും സങ്കല്‍പത്തിന്റെയും അതിര്‍ത്തികള്‍ മാഞ്ഞു എല്ലാം സത്യം, എല്ലാം ഒന്ന് എന്ന വലിയ ദേശത്തിലെ പൗരന്മാരായി വായനക്കാര്‍ മാറുന്നു.
എത്ര ഔണ്‍സ് യാഥാര്‍ഥ്യവും അനുഭവവും ചേര്‍ക്കണം എന്ന സൗന്ദര്യവിചാരങ്ങളെ പൊളിക്കുന്നതാണു നല്ല എഴുത്ത്. കെട്ടുകഥകളെക്കാള്‍ ജീവിതം കെട്ടുപോകുന്ന കാലത്ത്, പിടിതരാതെ വളരുന്ന വിര്‍ച്വല്‍ റിയാലിറ്റിയുടെ കാലത്ത് സാഹിത്യം കലക്കു മാത്രം സാധ്യമാകുന്ന പുതിയ സത്യവും യാഥാര്‍ഥ്യവും സൃഷ്ടിക്കുകയാണ്. ഫിക്ഷന്റെ പ്രതിരൂപാത്മകതയിലൂടെ സാഹിത്യം ജീവിതത്തെ ഒറ്റച്ചുവടു കൊണ്ടുതന്നെ അളന്നെടുക്കുന്നു. ചരിത്രം മിത്തും തിരിച്ചുമാകുന്ന പുതിയൊരു ഫ്യൂഷന്‍ ഫിക്ഷന്‍ എഴുത്തില്‍ എല്ലായിടത്തുമുണ്ട്. ലോകത്തെവിടെ ഇരുന്ന് എഴുതിയാലും അതു സര്‍വലോകത്തിന്റെയും എഴുത്താകുന്ന ഒരു പ്രാപഞ്ചികത ഫിക്ഷന് ഇന്നു കൈവന്നിട്ടുണ്ട്. മലയാളത്തില്‍ അതിനു മികച്ച ഉദാഹരണമാണ് ടി.ഡി രാമകൃഷ്ണന്റെ എഴുത്തുലോകം.
ഉദാഹരണത്തിന് ടി.ഡിയുടെ 'സിറാജുന്നിസ' എന്ന കഥയെടുക്കുക. 1991ല്‍ പാലക്കാട്ടെ പുതുപ്പള്ളിയില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല ചെയ്യപ്പെട്ട സിറാജുന്നിസയെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം കഥയിലൂടെ ജീവിപ്പിച്ചെടുക്കുകയാണു കഥാകൃത്ത്. അവള്‍ വധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള -ഒരു ഇന്ത്യന്‍ മുസ്‌ലിം സ്ത്രീ കടന്നുപോകാന്‍ ഇടയുള്ള മൂന്നു സാധ്യതകളിലേക്ക്- ഇടങ്ങളിലേക്ക് ഇറക്കിക്കൊണ്ടു വരുന്നു. പൊലിസ്-ഭരണകൂട ഭീകരതയുടെ ഇരയായിത്തീര്‍ന്ന ഒരു കുട്ടിയെ ചരിത്രവും മിത്തുമാക്കി ഫിക്ഷന്റെ പുതിയ അതിജീവന സാധ്യതയിലേക്കു മോചിപ്പിക്കുന്ന രചനാതന്ത്രമാണത്. പൊതുമനസാക്ഷിയുടെ നിഷ്‌കളങ്കതയ്ക്കും ഓര്‍മക്കുറവിനുംമേല്‍ വീഴുന്ന പ്രഹരമായി കഥ മാറുന്നു.
'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന ടി.ഡിയുടെ രചന ശ്രീലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും സ്ത്രീവിരുദ്ധമായ ആക്രമണങ്ങളുടെയും കഥ പറയുന്ന നോവലാണ്. 'ഫ്രാന്‍സിസ് ഇട്ടിക്കോര' പോലെ വിഭ്രാമകമായ കഥാലോകമാണ് ഇവിടെയും. സിംഹള മേധാവിത്തത്തിലുള്ള ഭരണകൂടവും വിമോചനപ്പോരാട്ട കാലത്തെ തമിഴ്പുലികളും കടല്‍ കടന്നെത്തിയ ഇന്ത്യന്‍ ദൗത്യസേനയും നടത്തിയ സ്ത്രീവിരുദ്ധമായ ആക്രമണോത്സുകതയാണു നോവലിന്റെ പ്രമേയമെന്നു പറയാം. പുലികള്‍ വധിച്ചുകളഞ്ഞ ഡോ. രജനി തിരണഗാമക്കാണ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ണീാമി ആലവശിറ വേല എമഹഹ ീള ഠശഴലൃ സിനിമയെടുക്കാന്‍ ഹോളിവുഡില്‍ നിന്നെത്തുന്ന സംഘത്തിലെ അംഗമായ പീറ്റര്‍ ജീവാനന്ദമാണ് കഥയുടെ ആഖ്യാതാവ്. തമിഴ് പുലികളുടെ അപ്രമാദിത്തമുണ്ടായിരുന്ന ജാഫ്‌നയില്‍ നേരത്തെ ഡോ. രജനിയെക്കുറിച്ച് ഒരു സിനിമയെടുക്കാന്‍ പീറ്റര്‍ വന്നിരുന്നെങ്കിലും ആ പദ്ധതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്ന് രജനിയുടെ വേഷം ചെയ്യാനിരുന്ന സുഗന്ധി എന്ന കൂട്ടുകാരിയെ അന്വേഷിക്കലും പീറ്ററിന്റെ പുതിയ ആഗമനത്തിന്റെ ലക്ഷ്യമാണ്.
സുഗന്ധിയും കൊടിയ പീഡനത്തിനിരയായിരിക്കുന്നു. ആസിഡൊഴിച്ച് അവളുടെ മുഖം വികൃതമാക്കിയിരിക്കുന്നു. രണ്ടു കൈകളും വെട്ടിമാറ്റിയിരിക്കുന്നു. അവള്‍ മീനാക്ഷി രാജരത്തിനം എന്ന സ്ത്രീയുടെ സംരക്ഷണത്തില്‍ കാനഡയില്‍ കഴിയുകയാണ്. അവിടെ വച്ച് ഓണ്‍ലൈനിലൂടെ ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണ്. സേവ് ശ്രീലങ്ക ഫ്രം ഫാസിസം, ശ്രീലങ്കന്‍ വാര്‍ വിഡോസ് എന്നീ സംഘടനകളുടെയെല്ലാം നട്ടെല്ലായി പ്രവര്‍ത്തിക്കുകയാണ് അവര്‍. ഭയം കാരണം ഈ സംഘടനയ്‌ക്കൊന്നും തെരുവില്‍ വന്ന് പ്രസിഡന്റിനും ഭരണകൂടത്തിനുമെതിരേ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. പൊതുജന പങ്കാളിത്തമുള്ള സമരത്തെക്കുറിച്ചുള്ള പോരാളികളുടെ സ്വപ്നങ്ങള്‍ പൊലിയുകയാണ്. അങ്ങനെ, കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രസിഡന്റിനെ ബോംബ് സ്‌ഫോടനത്തില്‍ വധിച്ചുകളയാനുള്ള പദ്ധതിയിലെത്തിച്ചേരുന്നു. ആ ശ്രമവും പരാജയപ്പെടുമ്പോള്‍ സുഗന്ധി സമ്മേളനവേദിക്കു വെളിയില്‍ വച്ചു മനുഷ്യബോംബായി സ്വയം പൊട്ടിത്തെറിച്ചു മരിക്കുന്നു.
ഈ കഥക്കുള്ളില്‍ വിവരിക്കപ്പെടുന്ന മറ്റൊരു കഥയായി വരുന്ന ദേവനായകിയിന്‍ കതൈ ആണ് നോവലിന്റെ സിംഹഭാഗവും. ശ്രീലങ്കയിലെ സിഗിരയയില്‍നിന്നു കണ്ടുകിട്ടിയ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള, പാലി ഭാഷയിലെഴുതിയ സുസാന സുപിന (സ്വപ്നങ്ങളുടെ ശ്മശാനം) എന്ന താളിയോലയിലാണ് ഇക്കഥയുള്ളത്. മീനാക്ഷി രാജരത്തിനം കറുപ്പ്, ബംബരായക് എന്നീ ഓണ്‍ലൈന്‍ മാഗസിനുകളിലെഴുതുന്ന കഥയായാണ് അത് ചുരുള്‍നിവരുന്നത്. എ.ഡി ഒന്നാം നൂറ്റാണ്ടിലെ കാന്തളൂരില്‍നിന്നാംരംഭിക്കുന്നതാണ് ദേവനായകിയുടെ കഥ. ചോര-ചോള-പാണ്ഡ്യ പടയോട്ടത്തിന്റെയും അതിന്റെയെല്ലാം ഭാഗമായിത്തീരുന്ന അവളുടെയും കഥ. ബുദ്ധിമതിയും പോരാളിയുമായിരുന്ന ദേവനായകിയെന്ന മിത്തിനെ വര്‍ത്തമാനകാലത്തെ സ്ത്രീ പോരാട്ടങ്ങളിലേക്ക് ഇറക്കിക്കൊണ്ടു വരികയാണ് നോവലിസ്റ്റ്. ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും മിത്തിന്റെയും ഒരു ഫ്യൂഷനായി അങ്ങനെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' മാറുന്നു.
നോവലിലെ ഒരു ഭാഗമാണ് താഴെ കൊടുക്കുന്നത്. അതു സമകാലിക ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മിപ്പിക്കുന്നെങ്കില്‍ ഫിക്ഷന്റെ അവതാരദൗത്യമാണ് അതു നിര്‍വഹിക്കുന്നത്. ഫിക്ഷന്‍ എല്ലായിടത്തമുള്ള മനുഷ്യജീവിത പ്രപഞ്ചത്തെ തൊടുന്നതില്‍ വിജയിക്കുന്നതിന്റെ നിദര്‍ശനം:
പിന്നെ എന്തിനാണ് നമ്മള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നത്? വളരെ കൃത്യമാണ് ഉത്തരം. ലോകചരിത്രത്തിലെ ഏറ്റവും സമര്‍ഥനായ ഏകാധിപതിയാണ് അദ്ദേഹം. വെളുത്ത കുപ്പായത്തിനും വെളുക്കെയുള്ള ചിരിക്കും പിന്നില്‍ ഫാസിസത്തിന്റെ പല്ലും നഖവും വ്യക്തമായി കാണാം. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. എതിര്‍പ്പിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങളെല്ലാം തന്ത്രപൂര്‍വം അടിച്ചമര്‍ത്തുകയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും പൂര്‍ണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. സത്യസന്ധമായ പത്രപ്രവര്‍ത്തനം അസാധ്യമാണിവിടെ. ലസാന്ത വിക്രമതുംഗയെപ്പോലുള്ള നിരവധി പത്രപ്രവര്‍ത്തകരാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി കൊല ചെയ്യപ്പെട്ടത്. (പുറം- 230)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."