റോഡിലെ കുഴിയില്‍ വീണ് യാത്രക്കാര്‍ മരിച്ച സംഭവം; കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു
ബംഗളൂരു: മഴപെയ്തതോടെ റോഡില്‍ രൂപം കൊണ്ട കുഴിയില്‍ വീണ് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ശക്തമായ വിവാദം ഉണ്ടായതോടെ കര്‍ണാടക സര്‍ക്കാരിനോട് എ.ഐ.സി.സി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടത്തുവരുന്നതിനിടയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് റോഡ് അപകടങ്ങളുണ്ടാകുന്നത്. സംഭവത്തില്‍ സര്‍ക്കാരിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നുണ്ടാകുന്നത്. ഇത് കഴിയുന്നത്ര വിവാദമാക്കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് എ.ഐ.സി.സി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം കെ.സി വേണുഗോപാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും പൊതുമരാമത്ത് മന്ത്രിയോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
നാലുപേരാണ് ബൈക്ക് ഓടിക്കുന്നതിനിടയില്‍ കുഴിയില്‍ വീണ് മരിച്ചത്. റോഡ് കുഴിയായത് നിര്‍മാണത്തിലെ പാകപ്പിഴവാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. റോഡ് നിര്‍മാണത്തില്‍ വന്‍തോതിലുള്ള അഴിമതിയാണെന്നും ജനങ്ങള്‍ ആരോപിക്കുന്നു.
ബംഗളൂരു വികസനത്തിനായുള്ള മന്ത്രി കെ.ജെ ജോര്‍ജ്, സ്ഥലം എം.എല്‍.എ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവരോട് 15 ദിവസത്തിനകം റോഡില്‍ രൂപംകൊണ്ട 16,000 കുഴികള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന പാതകളാണ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്ക് പറ്റാത്ത വിധത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."