പ്രധാനമന്ത്രി പദത്തിന് തന്നേക്കാള്‍ യോഗ്യനായിരുന്നത്
ന്യൂഡല്‍ഹി: തന്നേക്കാള്‍ പ്രധാനമന്ത്രി പദത്തിന് അനുയോജ്യനായിരുന്നു മുന്‍രാഷ്ട്രപതികൂടിയായ പ്രണബ് മുഖര്‍ജിയെന്ന് ഡോ. മന്‍മോഹന്‍ സിങ്. തന്നെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ സ്തബ്ധനായിപ്പോയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
പാര്‍ട്ടിയില്‍ തന്നേക്കാള്‍ മുതിര്‍ന്ന നേതാവാണ് പ്രണബ്. എന്നിട്ടും അദ്ദേഹത്തെ തഴഞ്ഞ് സോണിയാ ഗാന്ധി തന്നെയാണ് പ്രധാമന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അധിക യോഗ്യതയുണ്ടായിട്ടും പ്രധാനമന്ത്രി പദം ലഭിക്കാത്തതില്‍ ദുഃഖിക്കാന്‍ പ്രണബ് മുഖര്‍ജിക്ക് എല്ലാ വിധത്തിലുള്ള കാരണങ്ങളുമുണ്ട്. എന്നാല്‍ താന്‍ പ്രധാനമന്ത്രിയായത് തന്റെ ആവശ്യപ്രകാരമായിരുന്നില്ലെന്ന് പ്രണബിന് അറിയാമായിരുന്നുവെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.
പ്രണബ് മുഖര്‍ജി എഴുതിയ ഡല്‍ഹിയിലെ കൂട്ടായ്മയുടെ വര്‍ഷം:1996-2012 എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.
സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായ 2004ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴാണ് ആരേയും അമ്പരപ്പിച്ചുകൊണ്ട് മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരേ ബി.ജെ.പി ശക്തമായ നിലപാടെടുത്തതോടെയാണ് മന്‍മോഹന് നറുക്കുവീണത്.
താന്‍ യാദൃശ്ചികമായി രാഷ്ട്രീയക്കാരനായ ആളാണ്. എന്നാല്‍ പ്രണബ് ആകട്ടെ തന്റെ മേഖല രാഷ്ട്രീയമാണെന്ന് തിരിച്ചറിഞ്ഞ് ഈ രംഗത്ത് നേരത്തെ തന്നെ നിലയുറപ്പിച്ച ആളായിരുന്നുവെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമായിരുന്നുവെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രണബ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."