ഇറാന്‍ ആണവ കരാര്‍ അമേരിക്കയ്‌ക്കെതിരേ സഖ്യകക്ഷികള്‍
ലണ്ടന്‍: ഇറാന്‍ ആണവ കരാറില്‍നിന്നു പിന്‍വാങ്ങാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍പ് ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് സഖ്യകക്ഷികളടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ രംഗത്ത്. അമേരിക്ക പിന്മാറിയാലും തങ്ങള്‍ കരാറിനൊപ്പം നില്‍ക്കുമെന്ന് സഖ്യകക്ഷികള്‍ അറിയിച്ചു. തങ്ങളുടെ രാഷ്ട്രങ്ങളുടെ കൂടി സുരക്ഷാതാല്‍പര്യങ്ങളില്‍ വരുന്നതാണ് കരാറെന്ന് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങള്‍ പറഞ്ഞു. ട്രംപിന്റെ നടപടിയെ യൂറോപ്യന്‍ യൂനിയനും(ഇ.യു) വിമര്‍ശിച്ചു.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കരാര്‍ റദ്ദാക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചു. ഇറാന്‍ ആണവ കരാര്‍ ഒരു ഉഭയകക്ഷി കരാറല്ല. അതുകൊണ്ടു തന്നെ ഒരു രാജ്യത്തിന്റെയും പ്രസിഡന്റിനും അത് റദ്ദാക്കാനുള്ള അവകാശമില്ല-ഇ.യു വിദേശനയകാര്യ മേധാവി ഫെഡെറിക്ക മൊഗെരീനി വ്യക്തമാക്കി. കരാറില്‍നിന്നു പിന്‍വാങ്ങിയാല്‍ ദേശസുരക്ഷയ്ക്കുണ്ടാകുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് യു.എസ് ഭരണകൂടവും കോണ്‍ഗ്രസും പുനരാലോചിക്കണമെന്ന് ആവശ്യപ്പെടുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാജ്യങ്ങള്‍ക്കിടയിലുള്ള നാഗരികമായ ഇടപാടുകളുടെ ആധുനിക തത്വങ്ങളെ അംഗീകരിക്കില്ലെന്ന ഭൂതകാലരതിയാണ് ട്രംപിന്റെ നിലപാടെന്നും ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമുള്ള നടപടികള്‍ക്ക് അന്താരാഷ്ട്ര നയതന്ത്രരംഗത്ത് സ്ഥാനമില്ലെന്നും റഷ്യ കുറ്റപ്പെടുത്തി. പുതിയ തീരുമാനത്തിലൂടെ അമേരിക്ക അന്താരാഷ്ട്രതലത്തില്‍ മുന്‍പെന്നത്തെക്കാളും കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ഇറാന്‍ പ്രതികരിച്ചു.
അതേസമയം, കരാറിലെ അമേരിക്കയുടെ പങ്കാളിത്തം ഏതു സമയത്തും തനിക്ക് റദ്ദാക്കാനാകുമെന്ന് ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിലുള്ള എതിര്‍പ്പുകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ നടത്തിയ ഔദ്യോഗിക പ്രസംഗത്തില്‍ ഇറാന്‍ ആണവ കരാറില്‍നിന്ന് പിന്മാറാനുള്ള തീരുമാനം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2015ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തിലാണ് ജോയിന്റ് കോംപ്രഹന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെ.സി.പി.ഒ.എ) എന്ന പേരില്‍ എട്ടു കക്ഷികള്‍ അടങ്ങിയ കരാര്‍ തയാറാക്കിയത്. അമേരിക്കയ്ക്കും ഇറാനും പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണു കരാറില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."