താജ് വിവാദം: 'ബ്രിട്ടീഷ് നിര്‍മിതികളില്‍ എന്താണ് നിലപാട്' - ചോദ്യമെറിഞ്ഞ് മമത
കൊല്‍ക്കത്ത: താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന സംഗീത് സോമിന്റെ വിവാദ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്ത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മിച്ചവയിലുള്ള പാര്‍ട്ടി നിലപാടെന്താണെന്ന് മമത ചോദിച്ചു.
താജ്മഹല്‍ ഇന്ത്യയുടെ അഭിമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ സംസ്ഥാനത്ത് വിക്ടോറിയ സ്മാരകമുണ്ട്. ഞങ്ങളതില്‍ അഭിമാനിക്കുന്നു. പാര്‍ലമെന്റ് പോലും ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണ്. മന്ത്രി മന്ദിരങ്ങളായ നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും ബ്രിട്ടീഷ് നിര്‍മിതിയാണ്'- മമത ചൂണ്ടിക്കാട്ടി. ഇതെല്ലാം തങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പരാമര്‍ശങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് മമത ആരോപിച്ചു.
യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ ചരിത്രസ്മാരകങ്ങളുടെ ബുക്ക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയ യോഗി ആദിത്യനാഥിന്റെ നടപടിയെ അവര്‍ ശക്തമായി അപലപിച്ചു. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ പട്ടികയില്‍ നിന്നൊഴിവാക്കിയത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സംഗീത് സോമന്‍ വിവാദ പ്രസ്താവന നടത്തിയത്. താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്നും ഈ സ്മാരകം ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്നുമായിരുന്നു സംഗീത് സോമന്റെ പ്രസ്താവന. ഇതിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."