ശ്രീശാന്തിനെ കുരുക്കി വീണ്ടും ബി.സി.സി.ഐ; ആജീവനാന്ത വിലക്ക് തുടരും
കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കി.
സിംഗിള്‍ ബഞ്ച് ജഡ്ജിയുടെ ഉത്തരവിനെതിരേ ബിസിസിഐ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
ബിസിസിഐ തീരുമാനത്തില്‍ ജുഡീഷ്യല്‍ റിവ്യൂ സാധ്യമല്ലെന്ന് ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
വാതുവയ്്പ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ ശ്രീശാന്തിന്റെ വിശദീകരണം തൃപ്തികരമല്ല. ശബ്ദം തന്റെതല്ലെന്ന് ശ്രീശാന്ത് വാദിച്ചിട്ടുമില്ലെന്നും കോടതി പറഞ്ഞു.
ബിസിസിഐ സ്വാഭാവിക നീതി ലംഘിച്ചു എന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നീക്കിയിരുന്നു.
കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ വിലക്ക് തുടരേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബി.സി.സി.ഐ നടപടി സ്വാഭാവിക നീതിനിഷേധമാണെന്നു കോടതി പറഞ്ഞിരുന്നു.
എന്നാല്‍ വിലക്കു നീക്കാനാവില്ലെന്നായിരുന്നു ബിസിസിഐയുടെ വാദം. ഇതിനെതിരേ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിലക്കു നില്ക്കുന്നതിനാല് ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാന്‍ കഴിയുന്നില്ലെന്നാണ് ശ്രീശാന്ത് കോടതിയില്‍ ബോധിപ്പിച്ചത്.
എന്നാല്‍ വിലക്ക് നീക്കാന്‍ ആകില്ലെന്നും മുന്‍ ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബി.സി.സി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഐ.പി.എല്‍ ഒത്തുകളിവിവാദവുമായി ബന്ധപ്പെട്ട് 2013 ല്‍ ആണ് ശ്രീശാന്തിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. ശ്രീശാന്തിനൊപ്പം അംഗിത് ചവാന്, അജിത് ചാന്ദില എന്നിവരും അറസ്റ്റിലായിരുന്നു.
ഇവരെ പിന്നീട് സസ്പെന്റ് ചെയ്ത ബിസിസിഐ അന്വേഷണത്തിനു ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."