ഗൗരി ലങ്കേഷ് വധം: പ്രതിയുടെ സി.സി.ടി.വി ചിത്രം പുറത്തുവിട്ടു
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു. കൊലയാളിയെന്ന് കരുതുന്നയാളുടെ സി.സി.ടി.വി ദൃശ്യമാണ് ബംഗളൂരു പൊലിസ് പുറത്തു വിട്ടിരിക്കുന്നത്.
വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ച് ബജാജ് പള്‍സര്‍ ബൈക്കില്‍ പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. എന്നാല്‍, ഹെല്‍മറ്റ് വച്ചതിനാല്‍ പ്രതിയുടെ മുഖം വ്യക്തമല്ല.
പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേരുടെ രേഖാ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലിസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വ്യക്തതയുള്ള ചിത്രം പുറത്തുവന്നിരിക്കുന്നത്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യു.എസിലെ ലാബില്‍ നിന്നാണ് ചിത്രം ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ലങ്കേഷിന്റെ വീടിനു സമീപത്തുള്ള സി.സി.ടി.വിയില്‍ നിന്നുള്ള ദൃശ്യമാണിത്.
കൊലയാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഫാഷിസ്റ്റ് ശക്തികളെ നിശിതമായി വിമര്‍ശിച്ച പത്രപ്രവര്‍ത്തകയായ ലങ്കേഷ് സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വസതിയില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. വലിയ പ്രതിഷേധ പരിപാടികളാണ് കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."