HOME
DETAILS

സമരമല്ല; പഠിപ്പാണ് പ്രധാനം

  
backup
October 18 2017 | 02:10 AM

986554854982-2


വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥി സമരം പാടില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു വിധിച്ചിരിക്കുകയാണ്. ഏതെങ്കിലും വിദ്യാര്‍ഥി കോളജില്‍ ധര്‍ണ, സമരം, പഠനാന്തരീക്ഷം താറുമാറാക്കല്‍ എന്നിവ നടത്തുകയോ അത് നടപ്പാക്കുന്നതില്‍ പങ്കാളിയാവുകയോ ചെയ്താല്‍, പ്രിന്‍സിപ്പലിനോ ബന്ധപ്പെട്ട അധികൃതര്‍ക്കോ അത്തരം വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍നിന്ന് നിശ്ചിതകാലത്തേക്ക് പുറത്താക്കുന്നതിനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.
പൊന്നാനി എം.ഇ.എസ് കോളജില്‍ സമരം മൂലം ക്ലാസുകള്‍ തടസ്സപ്പെടരുതെന്ന വിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
രാഷ്ട്രീയം വളര്‍ത്തുകയല്ല; വിദ്യ പകര്‍ന്നു നല്‍കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. രാഷ്ട്രീയ താല്പര്യംകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്ഥാപനത്തെ ഭീഷണിയുടെ മുനയില്‍ നിര്‍ത്താനോ സംസ്‌കാരസമ്പന്നരായ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കാനോ അധികാരമില്ല.
ന്യായമായ പരാതിയുണ്ടെങ്കില്‍ അത് പറയുന്നതിനും പരിഹാരം തേടുന്നതിനും നിയമപ്രകാരമുള്ള വേദികളുണ്ട്. സ്റ്റുഡന്‍സ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, കോടതികള്‍ എന്നിവയിലൂടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അനുകൂലവും പ്രതികൂലവുമായ രണ്ടു പക്ഷങ്ങള്‍ സമൂഹത്തില്‍ നിലവിലുണ്ട്. ജനാധിപത്യ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കേണ്ട ജനതയെ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറാക്കുകയാണ് വേണ്ടതെന്ന് ഒരുപക്ഷം. കലാലയരാഷ്ട്രീയം സംഘടനകളുടെ ഏകാധിപത്യവും അക്രമവുമായി മാറുകയും പഠനം തടസ്സപ്പെടുത്തുന്ന നിലയിലേക്ക് അധപ്പതിക്കുകയും ചെയ്തതാണ് മറുപക്ഷത്തിന്റെ എതിര്‍പ്പിന് കാരണം.
വിദ്യാര്‍ഥി സമരങ്ങള്‍ ലോകമെങ്ങും ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടാണ് പഠിപ്പുമുടക്കിയുള്ള സമരം ഇന്ത്യയില്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസമേഖല കൂടി സ്തംഭിപ്പിച്ചുകൊണ്ട് കുട്ടികളേയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അണിനിരത്തുക എന്നതായിരുന്നു ഉദ്ദേശ്യം. അന്ന് സ്വാതന്ത്ര്യം എന്ന ജന്മാവകാശ പോരാട്ടത്തിന് അത് അനിവാര്യമായിരുന്നു. അടിമത്വത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള പോരാട്ടം ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിച്ച സന്ദര്‍ഭമായിരുന്നു അത്. ഇന്ന് കാലം മാറി. ആ മാറ്റം കാണാന്‍ നാം തയ്യാറാകണം. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ മുന്‍ഗണനയിലും മാറ്റങ്ങള്‍ വരണം. ഉയര്‍ന്ന ശാസ്ത്രബോധമുള്ള, മൂല്യബോധമുള്ള, പുരോഗമനചിന്തയുള്ള, ബുദ്ധിശാലികളായ വിദ്യാര്‍ഥിസമൂഹം ഇവിടെ വളര്‍ന്നുവരണം.
അനന്തമായ അന്വേഷണത്വരയും വിമര്‍ശനാത്മകമായ വിശകലനങ്ങളും അവര്‍ക്കുണ്ടാകണം. സമഗ്രമായ പഠനപരിശീലനങ്ങളും വ്യക്തിത്വവികസനവും നിര്‍വിഘ്‌നം നടക്കണം. രാജ്യത്തിന്റെ ശ്രേഷ്ഠമായ ഭാവിയാണ് നാം സ്വപ്‌നം കാണേണ്ടത്.
മഹാനായ ലെനിന്‍ നേരത്തേ പറഞ്ഞുവച്ചിട്ടുണ്ട്; 'വിദ്യാര്‍ഥികള്‍ക്ക് ഒരു ഉത്തരവാദിത്വമേ ഉള്ളൂ. അവര്‍ ഒന്നാമതായ് പഠിക്കട്ടെ. രണ്ടാമതായും പഠിക്കട്ടെ. മൂന്നാമതായും പഠിക്കട്ടെ'. പഠന പരിശീലനങ്ങള്‍ വിദ്യാര്‍ഥിയുടെ ജന്മാവകാശമാണ്. ഫലപ്രദമായ അധ്യയനവും ആത്മീയ-ധാര്‍മിക-മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ വ്യക്തിത്വവികസനവും അവര്‍ക്ക് ലഭിക്കട്ടെ.
ഇതിന് തടസ്സമായി നിലകൊള്ളുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും വിദ്യാര്‍ഥികളുടെ ശത്രുക്കളാണ്. നാടിന്റെ ക്ഷേമ- ഐശ്വര്യങ്ങളിലേക്കുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നവരാണ്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും എക്കാലവും സമരത്തിന് എതിരായിരുന്നു. സമരകാരണങ്ങള്‍ പോലും വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നു. ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് ക്ലാസില്‍ കയറി സമരാഭാസത്തിന് മുതിരുമ്പോള്‍ ഗത്യന്തരമില്ലാതെ അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസ്സുകള്‍ വിട്ടുപോവുകയായിരുന്നു. കാംപസ് രാഷ്ട്രീയം വിദ്യാര്‍ഥികളുടെ വളര്‍ച്ചയേയും ഉയര്‍ച്ചയേയും ബാധിച്ചിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചട്ടുകങ്ങളായി വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പലപ്പോഴും പ്രവര്‍ത്തിച്ചിരുന്നു. എത്രയോ പേര്‍ കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ രക്തസാക്ഷികളായി.
ചിലരിന്നും ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെ മുന്നിലുണ്ട്. കാംപസുകളിലെ കക്ഷിരാഷ്ട്രീയം കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും വരെ കാരണമായിട്ടുണ്ട്. തെരുവിലെ രാഷ്ട്രീയം ജീവിതത്തില്‍ കൊണ്ടുവന്ന ചിലരെങ്കിലും അക്രമവും അഴിമതിയും നടത്തുന്നവരായിട്ടാണ് പിന്നീട് മാറിയത്. കേരളത്തെ സംബന്ധിച്ചിടത്തോളം കലാലയങ്ങളിലെ രാഷ്ട്രീയാതിപ്രസരത്തിന് പിന്നില്‍ രാഷ്ട്രീയകക്ഷികളും അവരുടെ നേതാക്കളുമാണ്.
പാര്‍ട്ടി ഓഫീസുകളിലെ റിമോട്ട് കണ്‍ട്രോളിലായിരുന്നു എന്നും കലാപരാഷ്ട്രീയത്തിന്റെ കരുക്കള്‍ നീക്കിയിരുന്നത്. പഠിപ്പുമുടക്ക്, കല്ലേറ്, വഴിതടയല്‍, തമ്മിലടി, പൊതുമുതല്‍ നശിപ്പിക്കല്‍, സ്‌കൂള്‍ബസ് തകര്‍ക്കല്‍, സ്ഥാവര ജംഗമ വസ്തുക്കള്‍ നശിപ്പിക്കല്‍, സഹപാഠികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍, ടാര്‍ ഒഴിക്കല്‍, കത്തിക്കുത്ത്, കരിഓയില്‍ പ്രയോഗം, ചാപ്പകുത്തല്‍, പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കല്‍ ഇതൊന്നും സംഘടനയ്ക്കും വിദ്യാര്‍ഥിസമൂഹത്തിനും ഗുണം ചെയ്യില്ലായെന്ന് പാര്‍ട്ടികള്‍ തിരിച്ചറിയണം.
രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളുടെ യൂനിയന്‍ മുറികള്‍ ആയുധപ്പുരകളായി ചിലയിടത്ത് മാറിയിട്ടുണ്ട്. സമരത്തിന് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഒട്ടേറെ തീരുമാനങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. മാനേജ്‌മെന്റുകളുടെ ചൂഷണം, അടിസ്ഥാനസൗകര്യമില്ലായ്മ, ശാരീരിക പീഡനം, ലിംഗ വിവേചനം, പട്ടികജാതി വിദ്യാര്‍ഥികളോടുള്ള വിവേചനം, എതിര്‍ക്കുന്നവരെ തോല്‍പിക്കല്‍ തുടങ്ങിയവ പരിഹരിക്കാനും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും സ്റ്റുഡന്റ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, കോടതികള്‍ എന്നിവയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാവണം.
പഠനം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമുറകള്‍ കോടതി തടഞ്ഞതിന്റെ മറവില്‍ കലാലയഭരണാധികാരികളുടെ ഏകാധിപത്യവും വിദ്യാര്‍ഥികളുടെ അവകാശനിഷേധവും ഉണ്ടാകുന്നത് ആശാസ്യമല്ല. ജപ്പാനിലെ തൊഴിലാളികള്‍ ഇരട്ടി ജോലി ചെയ്താണ് സമരം നടത്തുന്നത്. അതുപോലെ പോസിറ്റീവ് ആയ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ തയ്യാറാകണം. കൂടുതല്‍ സമയം പഠിച്ചുകൊണ്ടോ കൂടുതല്‍ സമയം സ്‌കൂളില്‍ ഇരുന്നുകൊണ്ടോ സമരം ചെയ്യാവുന്നതുമാണ്. കലാലയത്തിന് പുറമേയുള്ള വേദികള്‍ സമരത്തിനായ് തെരഞ്ഞെടുക്കാം.
വിദ്യാര്‍ഥികള്‍ വെറും ഏറാന്‍മൂളികളായി മാറണമെന്നില്ല. സാമൂഹ്യവിഷയങ്ങളില്‍ അവര്‍ക്ക് സക്രിയമായി ഇടപെടാം. അത് വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസത്തിന്റേയും പ്രതികരണശേഷിയുടേയും ബാലപാഠങ്ങള്‍ രചിക്കും. സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ ചലനങ്ങളും സമകാലിക സംഭവവികാസങ്ങളും അവര്‍ ചര്‍ച്ചാവിഷയമാക്കട്ടെ. ഇതിന് സഹായകമായ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കാം.
ലഹരിവിരുദ്ധ ബോധവത്ക്കരണയത്‌നങ്ങളും നടത്താം. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള വിദ്യാര്‍ഥി രാഷ്ട്രീയശൈലി വിദ്യാര്‍ഥിസമൂഹത്തിന് സ്വീകാര്യവും ഗുണകരവുമാകും. അത്തരം നവീന-വികസനോത്മുഖ-കര്‍മപദ്ധതിക്ക് സമരസംഘടനകള്‍ തയ്യാറാകണം.
ഒപ്പം രാഷ്ട്രീയപ്രവര്‍ത്തനപരിശീലനം നല്‍കുന്ന കോഴ്‌സുകള്‍ നമ്മുടെ സര്‍വകലാശാലകളില്‍ ഉണ്ടാകണം. രാഷ്ട്രീയ ചിന്തകളും പഠനങ്ങളും കാംപസുകളില്‍ പഠനക്രമത്തിന്റെ ഭാഗമായി നടക്കട്ടെ. രാഷ്ട്രീയത്തിലെ അഭ്യസ്തവിദ്യരും ബുദ്ധിജീവികളും കടന്നുവരുന്നതിനും രാജ്യത്തിന്റെ ജനാധിപത്യസംവിധാനം ബഹുസ്വരവും സുദൃഢവുമായി നിലനില്‍ക്കുന്നതിനും രാഷ്ട്രീയബോധമുള്ള യുവതലമുറ രൂപപ്പെടുന്നതിനും ഇത്തരം കോഴ്‌സുകള്‍ സഹായിക്കും. വിദ്യാഭ്യാസ വിചക്ഷണനായ മുന്‍ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍ പറയുന്നത്: ''വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം സ്വഭാവഗുണമാണെന്നും സ്വഭാവഗുണം ആര്‍ജിക്കാന്‍ പറ്റാത്തവിദ്യാഭ്യാസം ആപല്‍ക്കരവും ഉപയോഗശൂന്യവുമാണ്'' എന്നാണ്. ഈ ദര്‍ശനംകൂടി എല്ലാവരും ഉള്‍ക്കൊള്ളണം.
വിദ്യാഭ്യാസം നമ്മെ സംസ്‌കാരചിത്തരും സദ്ഗുണ സമ്പന്നരുമാക്കണം. പെരുമാറ്റത്തിലും ഉടുപ്പിലും നടപ്പിലുമെല്ലാം അത് പ്രതിബിംബിക്കണം. ശ്രീനാരായണഗുരു പറഞ്ഞു: ''വിദ്യാധനം സര്‍വധനാല്‍പ്രധാനം, വിദ്യകൊണ്ടു പ്രബുദ്ധരാകുവിന്‍'' വിദ്യകൊണ്ടു രക്ഷപ്പെട്ട സംസ്ഥാനമാണ് കേരളം. സമരം ചെയ്ത് ഇനിയും സ്വയം നശിക്കാതിരിക്കുക. പാര്‍ട്ടിനേതാക്കളുടെ മക്കള്‍പോലും സമരരംഗത്തോ പാര്‍ട്ടിയിലോ ഇന്നില്ല. പാര്‍ട്ടിയല്ല; പഠനമാണ് പ്രധാനം. സ്‌കൂളിലും കോളജിലും പോകുന്നത് പഠിക്കാനോ സമരം ചെയ്യാനോ എന്ന് ഓരോ വിദ്യാര്‍ഥിയും സ്വയം തീരുമാനിക്കുക. പഠിപ്പുമുടക്കല്ല; പഠിപ്പാണ് പ്രധാനം എന്നു മറക്കാതിരിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago