കണ്ണൂരില്‍ മാത്രം എന്തുകൊണ്ടാണിങ്ങനെ? - ഹൈക്കോടതി ചോദിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് കണ്ണൂര്‍ ജില്ലയില്‍ മാത്രം എന്തുകൊണ്ടാണിത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് ഹൈക്കോടതി. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. ഹരജിയില്‍ പരാമര്‍ശിക്കുന്ന ഏഴു കേസുകളിലെ അന്വേഷണത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കി ഒക്ടോബര്‍ 25 ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഹരജി ഒക്ടോബര്‍ 30 ന് പരിഗണിക്കാന്‍ മാറ്റി.
കണ്ണൂര്‍ ജില്ലയില്‍ താരതമ്യേന കൊലപാതകങ്ങള്‍ കുറവാണെന്നും കുടുംബ വഴക്കുമായി ബന്ധപ്പെട്ട കൊലക്കേസുകളെ ഹരജിയില്‍ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ സമാധാന ചര്‍ച്ചയും തുടര്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. ഹരജിയില്‍ പറയുന്ന കേസുകളില്‍ ഊര്‍ജിതവും സത്യസന്ധവുമായ അന്വേഷണം നടന്നു വരികയാണ്. സി.ബി.ഐ അന്വേഷിക്കേണ്ട കാര്യമില്ല. നാലു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇരകളുടെ ബന്ധുക്കള്‍ അന്വേഷണത്തെക്കുറിച്ച് പരാതി നല്‍കിയിട്ടില്ലെന്നും എ.ജി ബോധിപ്പിച്ചു. ഹരജിയില്‍ കോടതിയുടെ തീരുമാനം പാലിക്കുമെന്ന് സി.ബി.ഐയും അസി. സോളിസിറ്റര്‍ ജനറലും അറിയിച്ചു. തുടര്‍ന്നാണ് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.
2016 ജൂലായ് 12 മുതല്‍ 2017 ജൂലായ് 29 വരെയുള്ള കാലയളവില്‍ ഏഴ് അക്രമ സംഭവങ്ങളിലായി എട്ട് ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലിസ് അന്വേഷണം അട്ടിമറിച്ച് ഈ കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നെന്നാണ് തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ ഹരജിയിലെ ആരോപണം. ഹര്‍ജിയില്‍ പറയുന്ന ഏഴ് കേസുകളില്‍ നാലെണ്ണം കണ്ണൂര്‍ ജില്ലയിലെ ധര്‍മടം, പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഇന്നലെ ഹരജി പരിഗണിക്കവെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്താണെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."