കൈയടിക്കാന്‍ പറന്നെത്തി മുഹമ്മദ് അഫ്‌സല്‍
പാല: മധ്യദൂര ട്രാക്കിലെ ഇന്ത്യയുടെ പുതിയ താരോദയം മുഹമ്മദ് അഫ്‌സല്‍ പറളിക്ക് ആവേശമായി പാലായിലേക്ക് പറന്നെത്തി. വര്‍ഷങ്ങളോളം സ്‌കൂള്‍ മീറ്റ് ട്രാക്കുകള്‍ അടക്കിവാണ അഫ്‌സല്‍ പറളിയുടെ കൗമാര നിരക്ക് ആവേശം പകരാനാണ് പാലായില്‍ എത്തിയത്. ദേശീയ ഓപണ്‍ മീറ്റിലും സര്‍വിസസ് മീറ്റിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് പാലായിലേക്കുള്ള അഫ്‌സലിന്റെ വരവ്. പറളിയിലെ 200 മീറ്റര്‍ ട്രാക്കില്‍ നിന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ നെറുകയിലേക്ക് പി.ജി മനോജ് എന്ന പരിശീലകന്റെ ശിഷ്യണത്തിലാണ് അഫ്‌സല്‍ ഓടിക്കയറിയത്.
കടന്നുപോയ വഴികള്‍ മറക്കാതെ തന്റെ പിന്‍ഗാമികള്‍ക്ക് വഴിക്കാട്ടിയായാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായ അഫ്‌സല്‍ അവധിയെടുത്ത് പാലായിലേക്ക് എത്തിയത്. ഇന്ത്യയുടെ വിദേശ പരിശീലകന്‍ നിക്കോളായിയുടെ ശിഷ്യണത്തില്‍ ബംഗളൂരുവിലായിരുന്നു അഫ്‌സല്‍ പരിശീലനം നടത്തിയത്. തന്റെ ഇഷ്ടയിനമായ 800, 1500 മീറ്ററുകളില്‍ നിന്ന് സ്റ്റീപ്പിള്‍ചേസിലേക്ക് വഴി മാറാന്‍ നിക്കോളായ് ഉപദേശിച്ചെങ്കിലും മധ്യദൂര ട്രാക്ക് വിടാന്‍ അഫ്‌സല്‍ ഒരുക്കമല്ല.
തനിക്കിന്നും പഴയ സ്‌കൂള്‍ മീറ്റിലെ പോരാട്ടങ്ങള്‍ ആവേശമാണെന്ന് അഫ്‌സല്‍ പറഞ്ഞു. 800 മീറ്റര്‍ ഓട്ടത്തില്‍ ചേട്ടന്‍മാരോട് പടപൊരുതിയായിരുന്നു ദേശീയ ഓപണ്‍ മീറ്റില്‍ അഫ്‌സല്‍ വെള്ളി നേടിയത്. 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു വെള്ളി നേട്ടം.
സര്‍വിസസ് മീറ്റിലും 800 മീറ്ററില്‍ കരിയര്‍ ബെസ്റ്റ് സമയമായ 1.48 സെക്കന്‍ഡില്‍ ജിന്‍സനെ അട്ടിമറിച്ച് അഫ്‌സല്‍ സ്വര്‍ണം നേടി. പറളി ടീമിനൊപ്പം പാലായില്‍ എത്തിയ അഫ്‌സല്‍ ഇന്നലെ വൈകിട്ട് മനോജ് മാഷിനൊപ്പം പരിശീലനത്തിന് മേല്‍നോട്ടം വഹിച്ചു. സ്‌കൂള്‍ ട്രാക്കിലെ മിന്നും താരമായിരുന്ന അഫ്‌സലിനൊപ്പം സെല്‍ഫി എടുക്കാനും പുതിയ താരങ്ങള്‍ ഇടിച്ചുകയറി.
താരത്തിളക്കത്തിലും നിക്കോളായില്‍ നിന്ന് ലഭിച്ച ടെക്‌നിക്കുകളും നിര്‍ദേശങ്ങളും പറളിയുടെ താരങ്ങള്‍ക്ക് പകര്‍ന്നു നല്‍കി അഫ്‌സല്‍ ഏറെ സമയം ട്രാക്കില്‍ ചിലവഴിച്ചു. 15 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഉള്‍പ്പടെ 26 അംഗ സംഘവുമായാണ് പാലായില്‍ പോരാട്ടത്തിന് മനോജ് മാഷ് എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."