തീരദേശസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നോക്കുകുത്തികള്‍; ദൂരപരിധി ലംഘിച്ചുള്ള മത്സ്യ ബന്ധനം വ്യാപകമാകുന്നു
കഠിനംകുളം: ദൂരപരിധി ലംഘിച്ച് ട്രോളിങ് ബോട്ടുകളും താങ്ങ് വല വള്ളങ്ങളും മത്സ്യ ബന്ധനം നടത്തുന്നതും മത്സ്യസമ്പത്ത് നശിപ്പിക്കുന്നതും വ്യാപകമാകുന്നു.
മൂന്ന് നോട്ടിക്കല്‍ മൈല്‍ അതായത് കരയില്‍ നിന്ന് ആറുകിലോമീറ്ററോളം ദൂരം കഴിഞ്ഞാണ് ഡ്രോളിങ് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തേണ്ടത്. എന്നാല്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മൂന്ന് നോട്ടിക്കല്‍ മൈലിനുള്ളിലെ കടലില്‍ കൂറ്റന്‍ഡ്രോളിങ് ബോട്ടുകളും താങ്ങ് വല വള്ളങ്ങളും കടന്ന് കയറി മത്സ്യബന്ധനം നടത്തി വരുന്നത് ഏറെ സംഘര്‍ഷത്തിന് ഇടവരുത്തിയിരിക്കുകയാണ്.
വര്‍ക്കല മുതല്‍ പൂവ്വാര്‍ വരെയുള്ള കടലില്‍ ഈ രീതി തുടരുകയാണ്. എന്നാല്‍ വിഴിഞ്ഞത്തും പരിസരങ്ങളിലും ഈ കടന്ന് കയറ്റമില്ലന്ന് തന്നെ പറയാം. പരിധി ലംഘിച്ച് കൊണ്ടു കടന്നുകയറി മത്സ്യബന്ധനം നടത്തുന്നത് കൂടുതലും പെരുമാതുറ, പുതുക്കുറുച്ചി, മര്യനാട്, പുത്തന്‍തോപ്പ്, സെന്‍ഡ്രൂസ് തുമ്പ, പള്ളിത്തുറ, വേളി കടലുകളിലാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്നുപോലും പടുക്കൂറ്റന്‍ വോട്ടുകളും മറ്റും കൂട്ടമായി എത്തിയാണ്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത്. കൂടുതലും വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് സംഭവിക്കുന്നത്.
അല്ലാത്തപ്പോള്‍ ഈ പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ കടലുകളില്‍ ഇല്ലാതിരിക്കുന്ന സമയത്തായിരിക്കും. ഒരാഴ് മുന്‍പ് മര്യനാട് കടലില്‍ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ കൊല്ലത്തെ രണ്ട് താങ്ങുവല വള്ളങ്ങളേയും 21 മത്സ്യത്തൊഴിലാളികളേയും മര്യനാടുള്ള ഒരു സംഘം മത്സ്യത്തൊഴിലാളികള്‍ കടലില്‍ വച്ച് പിടികൂടുകയും പിടികൂടിയവരുടെ വള്ളം കടലില്‍ നങ്കൂരമിട്ട ശേഷം അവരെ കരയില്‍ എത്തിച്ചു കഠിനംകുളം പൊലിസിന് കൈമാറുകയും ചെയ്തിരുന്നു.
കടലില്‍ വച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയും വരെ നടന്നു. സമാനമായ സംഭവങ്ങള്‍ ഈ പ്രദേശത്ത് നിരവധി തവണ നടന്നിട്ടുണ്ട്. കൂടാതെ ഇത് ചേരിതിരിഞ്ഞുള്ള വലിയ സംഘര്‍ഷത്തിലേക്ക് വരെ എത്തിയിട്ടുണ്ട്. പല തവണകളിലായി ജില്ലാ കലക്ടര്‍ ഈ വിഷത്തില്‍ ചര്‍ച്ച ന്നടത്തി താക്കീത് നല്കിയെങ്കിലും അതിന്റെ മറതിവിടുമ്പോള്‍ പഴയ പടിയാണ് തുടരുന്നത്.
ഇവര്‍ കൂടുതലായും വലയിലാക്കുന്നത് ചെറു മത്സ്യങ്ങളെയാണ്. ചെറു മത്സ്യങ്ങളെ പിടികൂടാന്‍ പാടില്ലെന്ന കര്‍ശന നിയമം നിലനില്‍ക്കേ ഇത് വില്‍പനക്കായി എത്തിക്കുന്നത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും തീരദേശസേനയുടെയും ശ്രദ്ധയെത്താത്ത തീരങ്ങളിലും ഹാര്‍ബറുകളിലുമാണ്.
ഇതിന് കഴിയാതെ വരുമ്പോള്‍ പിടികൂടിയ ടെന്‍ കണക്കിന് മത്സ്യകുഞ്ഞുങ്ങളെ കടലില്‍ തന്നെ തള്ളുന്നതാണ് പതിവ്. ഇത് കടല്‍ സമ്പത്ത് നശിപ്പിക്കുക മാത്രമല്ല കടല്‍ മലിനമാകുന്നതിനും കാരണമാകുന്നു. രണ്ട് ദിവസം മുന്‍പ് കരുനാഗപ്പള്ളിയിലെ നിരവധി ബോട്ടുകള്‍ ടണ്‍ കണക്കിന് മത്സ്യക്കുഞ്ഞുങ്ങളുമായി വില്‍പന നടത്താന്‍ പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറിലെത്തിയിരുന്നു. വില്‍പന ന്നടത്തുന്നതിനിടെ പ്രദേശത്തെ പരമ്പരാഗ മത്സ്യതൊഴിലാളികളും നാട്ടുകാരും ഇതിനെ തടഞ്ഞു.
സംഭവമറിഞ്ഞ് പൊലിസ് എത്തിയതോടെ മത്സ്യവുമായി എത്തിയവര്‍ കടല്‍മാര്‍ഗം രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ബോട്ടുകളിലുണ്ടായിരുന്ന മത്സ്യങ്ങളെ കടലില്‍ തള്ളുകയും ചെയ്തു. മുതലപ്പൊഴി ഹാര്‍ബറില്‍ കോസ്റ്റ് ഗാര്‍ഡിന്റെയോ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയോ യാതൊരു സേവനമോ നിലവിലില്ല.
വിഴിഞ്ഞത്ത് നിന്ന് ആണ്ടിലൊരിക്കല്‍ ഇവിടെ രണ്ട് കോസ്റ്റല്‍ പൊലിസ് എത്തി ഹാര്‍ബറിന് സമീപത്തെ കടയില്‍ തീരദേശസേന വിഭാഗം സൂക്ഷിച്ചിട്ടുള്ള ബുക്കില്‍ മൊത്തത്തില്‍ ഒപ്പിട്ട് മുങ്ങുകയാണ് പതിവ്.
മുതലപ്പൊഴി ഹാര്‍ബറിന് വേണ്ടി താഴംപള്ളി ഭാഗത്ത് കോസ്റ്റല്‍ പൊലിസ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷം ഒന്ന് തികയുന്നു. ഫര്‍ണിച്ചര്‍ ഇല്ലെന്ന് പറഞ്ഞാണ് ഈ കോസ്റ്റല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങാതിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."