മുഖ്യമന്ത്രിയുടേത് പ്രതിപക്ഷത്തെ മോശക്കാരാക്കി കാണിക്കാനുള്ള കുത്സിത പ്രവൃത്തി: കെ. മുരളീധരന്‍
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രതിപക്ഷത്തെ മനപ്പൂര്‍വം ജനമധ്യത്തില്‍ മോശക്കാരാക്കി കാണിക്കാനുള്ള കുത്സിത പ്രവൃത്തിയാണ് മുഖ്യമന്ത്രി നടത്തിയതെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. റിപ്പോര്‍ട്ടിന്റെ പേരില്‍ വിഡ്ഢിത്തങ്ങളുടെ പരമ്പര തന്നെ നടക്കുന്നു.
റിപ്പോര്‍ട്ട് കൊടുക്കില്ല എന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 14 മണിക്കൂര്‍ ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള കമ്മിഷന്റെ അഭിപ്രായം അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. റിപ്പോര്‍ട്ട് മോശമായി കൈകാര്യം ചെയ്തതിന് മുഖ്യമന്ത്രി മാപ്പുപറയണം.
മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ആട് ഇല കടിക്കുന്നതുപോലെ അവിടുന്നും ഇവിടുന്നുമാണ്. ഒരന്വേഷണ കമ്മിഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് നിയമസഭയില്‍ വയ്ക്കണം. അതിന്റെ അടിസ്ഥാനത്തിലാവണം തുടര്‍നടപടികള്‍.
ഇത് ലംഘിക്കപ്പെട്ടു. സമൂഹത്തില്‍ എപ്പോഴും മൊഴിമാറ്റുന്ന ഒരാളുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ ഉമ്മന്‍ചാണ്ടിക്കെതിരായി നടപടി സ്വീകരിച്ചത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ആരോപണവിധേയര്‍ക്ക് അവകാശമുണ്ട്. അവരുടെ അവകാശങ്ങളെ ഹനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നിയമസഭയെ നോക്കുകുത്തിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. പൊലിസുദ്യോഗസ്ഥരേയും കുറ്റക്കാരാക്കി. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇനിയെങ്കിലും ചെയ്ത തെറ്റ് മുഖ്യമന്ത്രി തിരുത്താന്‍ തയാറാവണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."