ഉന്നതര്‍ക്കെതിരേ വീണ്ടും പരാതിയുമായി സരിത
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ പരാതിയില്‍ പൊലിസ് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുന്നയിച്ച് സരിത എസ്. നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പീഡിപ്പിക്കപ്പെട്ടെന്ന പരാതികള്‍ വേണ്ട രീതിയില്‍ അന്വേഷിച്ചില്ല.
കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നും സരിത പരാതിയില്‍ വ്യക്തമാക്കി. തനിക്കെതിരേയുണ്ടായ പീഡനങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ദൂതന്‍ വഴിയാണ് മുഖ്യമന്ത്രിക്ക് പരാതി എത്തിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ശക്തമായ പിന്തുണയില്‍ വിശ്വസിച്ചാണ് ഒറ്റയ്ക്കായിട്ടും എടുക്കാന്‍ വയ്യാത്ത ഭാരവും ബാധ്യതയും താന്‍ ചുമന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്തതായും ആരോപണമുണ്ട്.
ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്ത വിവരം, അന്വേഷണസംഘത്തലവനായിരുന്ന ഹേമചന്ദ്രനോട് പറഞ്ഞിരുന്നെങ്കിലും അത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് മറുപടി നല്‍കിയത്. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍, സാമ്പത്തികതട്ടിപ്പ്, പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെ കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടിക്കു പുറമെ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ എന്നിവര്‍ തന്റെ പ്രയാസങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും പറയുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുള്‍പ്പെടെ തനിക്കു നേരെയുണ്ടായ പീഡനങ്ങളെക്കുറിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി തവണ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. ഭരണപക്ഷത്തിലുള്ളവര്‍ക്കെതിരേ പരാതി നല്‍കിയതിനാല്‍ അന്ന് കേസ് അട്ടിമറിക്കപ്പെട്ടു. നീതി ലഭിച്ചിട്ടുമില്ല. പീഡിപ്പിച്ചവരുടെ പേരുകള്‍ പരാതിയില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
'എന്റെ നിസ്സഹായാവസ്ഥയില്‍, എന്റെ കമ്പനിയുടെ പ്രശ്‌നങ്ങളുടെ മറവില്‍ എന്നെ ചൂഷണം ചെയ്ത ഒരു കൂട്ടം യു.ഡി.എഫുകാരില്‍ വലിയ ഒരാളാണ് ഉമ്മന്‍ചാണ്ടി. എനിക്കു പരാതി പറയാനുള്ള പദവിയിലിരുന്ന ആള്‍ തന്നെ എന്നെ ചൂഷണം ചെയ്തു.
എനിക്കു മറ്റു പ്രൊജക്ടിനും പണത്തിനും വേണ്ടി ആര്‍ക്കും വഴങ്ങേണ്ടി വന്നിട്ടില്ല. എന്നാല്‍, എന്റെ വ്യക്തിജീവിതത്തില്‍ വന്ന ദുരന്തങ്ങള്‍ മുതലാക്കി ഭരണത്തിലിരുന്നവര്‍ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല. കമ്പനിയുടെ നിയമപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കാകുകയും ബിജു രാധാകൃഷ്ണന്‍ പണം വകമാറ്റുകയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പണം നല്‍കുകയും ചെയ്തതോടെ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ആ അവസ്ഥ മനസിലാക്കിയ ജനപ്രതിനിധികള്‍ ചൂഷണം ചെയ്യുകയായിരുന്നു'- ഇങ്ങനെ തുടരുന്നു സരിതയുടെ പരാതി.
കമ്മിഷനിലും കത്തിലും പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചതാണെന്നും സരിത പറയുന്നു. പരാതി മുഖ്യമന്ത്രി, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. പരാതി കിട്ടിയെന്നും കൂടുതല്‍ പരിശോധിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."