ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എ.എ.പി 50 സീറ്റുകളില്‍ മത്സരിക്കും
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചതായി ആംആദ്മി പാര്‍ട്ടി. നിയമ സഭയില്‍ 182 സീറ്റുകളാണ് ഉള്ളത്. അതേസമയം ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഹിമാചലിലേയും ഗുജറാത്തിലേയും നേതാക്കള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയാണ് ഹിമാചലില്‍ മത്സരിക്കേണ്ടെന്ന് തീരമാനിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയത്.
ഗുജറാത്തില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നലെ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മ സ്ഥലം ഉള്‍പ്പെടുന്ന മണ്ഡലമടക്കം 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
ഹിമാചല്‍ പ്രദേശില്‍ മത്സരിക്കാന്‍ ഒട്ടേറെ പരിമിതികള്‍ പാര്‍ട്ടിക്കുണ്ട്. പ്രചാരണത്തിനുള്ള ഫണ്ട് ഇല്ലാത്തതും പ്രശ്‌നമാണ്. അതേസമയം ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ഗുജറാത്തില്‍ ആം ആദ്മിയുടെ ശക്തി പ്രകടിപ്പിക്കുകയെന്നത് പ്രധാനമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്്‌രിവാള്‍ അറിയിച്ചത്. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുകയെന്നത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ നടന്ന ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി മത്സരിച്ചിരുന്നു. ഗോവയില്‍ ഒരു സീറ്റും നേടാനാകില്ലെങ്കിലും പഞ്ചാബില്‍ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ഗോവയിലും തുടര്‍ന്ന് നടന്ന ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ പ്രകടനം മോശമായിരുന്നു.
ഇതില്‍ നിന്ന് വ്യത്യസ്തമായി ഗുജറാത്തില്‍ ശക്തമായ മുന്നേറ്റം നടത്തുകയെന്നതാണ് ലക്ഷ്യമെന്നാണ് ആം ആദ്മി നേതൃത്വം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."