പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരം
എസ്.എഫ്.ഐ നേതാവിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം
കൊച്ചി: പൊന്നാനി എം.ഇ.എസ് കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
പഠിക്കാനാണോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണോ ജിഷ്ണുവിനെ കോളജില്‍ അയക്കുന്നതെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അടുത്ത നവംബര്‍ ആറിന് ഹരജി വീണ്ടും പരിഗണിക്കുമ്പോഴാണ് മാതാപിതാക്കള്‍ ഹാജരാകേണ്ടത്. അതിനിടെ, കേസില്‍ കക്ഷിചേര്‍ത്തത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
കേസുമായി ഒരുബന്ധവും ഇല്ലാത്ത ഒരു വ്യക്തിയെ കോടതിയലക്ഷ്യക്കേസില്‍ കക്ഷിചേര്‍ക്കാന്‍ കേരള ഹൈക്കോടതി ചട്ടം 152 അനുവദിക്കുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കോളജില്‍ വരാനും പോകാനും സാഹചര്യമുണ്ടാക്കണമെന്നാണ് പൊലിസിന് കോടതി നല്‍കിയ നിര്‍ദേശം. കോളജില്‍ ആരെയും തടയുന്നതായി പ്രിന്‍സിപ്പലിന് പരാതിയില്ലെന്നും ജിഷ്ണു സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.
പൊന്നാനി എം.ഇ.എസ് കോളജില്‍ വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് ക്ലാസ് മുടങ്ങുന്നത് ഒഴിവാക്കണമെന്ന വിധി പാലിച്ചില്ലെന്നാരോപിച്ച് കോളജ് മാനേജ്‌മെന്റ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കോളജിലെ സമരപ്പന്തല്‍ നീക്കംചെയ്യാനുള്ള കോടതിയുടെ ഉത്തരവ് പാലിച്ചെന്നും പന്തലും കൊടികളുമൊക്കെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നീക്കംചെയ്‌തെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കോളജിനു സമീപത്തെ സ്വകാര്യഭൂമിയിലാണ് ഇപ്പോള്‍ സമരപ്പന്തലുള്ളതെന്നും വിശദീകരണത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."