തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഗുജറാത്തില്‍ വാഗ്ദാനപ്പെരുമഴ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തില്‍ സര്‍ക്കാരിന്റെ വാഗ്ദാനപ്പെരുമഴ. നിയമസഭാ തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിച്ചെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇത്. അടുത്ത ജനുവരിയില്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഒന്നിച്ചു നിയമസഭാതെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഗുജറാത്തിനെ മാറ്റിനിര്‍ത്തി ഹിമാചലില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന 12 മുതല്‍ തന്നെ ഹിമാചലില്‍ പെരുമാറ്റച്ചട്ടവും നിലവില്‍ വരികയുണ്ടായി. എന്നാല്‍, ഹിമാചലിനൊപ്പം സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന, പ്രധാനമന്ത്രി നരന്ദ്രേമോദിയുടെ തട്ടകമായ ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാതിരുന്ന കമ്മിഷന്റെ നടപടി വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ഗുജറാത്തില്‍ പെരുമാറ്റച്ചട്ട ലംഘനത്തെ ഭയക്കാതെ സര്‍ക്കാരിനു വേണ്ടുവോളം പദ്ധതികള്‍ പ്രഖ്യാപിക്കാനും ബി.ജെ.പി വിരുദ്ധരെ തണുപ്പിക്കാനും അവസരമൊരുക്കാനാണ് തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപനം വൈകിപ്പിച്ചത് എന്നായിരുന്നു ആരോപണം.
ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മൂന്നാംദിവസം ഗുജറാത്തിലെത്തിയ നരേന്ദ്രമോദി, സംസ്ഥാനത്ത് വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു. വഡോദരയില്‍ മാത്രം 1,140 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മോദി തറക്കല്ലിട്ടു. ഇതിനു പുറമെ, സംവരണ വിഷയത്തില്‍ സര്‍ക്കാരിനോട് ഇടഞ്ഞുനില്‍ക്കുന്ന പട്ടേല്‍ സമുദായക്കാരുടെ പേരിലുള്ള 468 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. നോട്ട് നിരോധനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ സന്തോഷിപ്പിക്കാനായി അവര്‍ക്ക് പലിശരഹിത വായ്പയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."