വായുമലിനീകരണം: ഇന്ത്യയില്‍ മരിച്ചത് 25 ലക്ഷം പേര്‍
ന്യൂഡല്‍ഹി: വായുമലിനീകരണത്തെ തുടര്‍ന്ന് 2015ല്‍ 25 ലക്ഷം ആളുകള്‍ ഇന്ത്യയില്‍ മരിച്ചതായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാന്‍സറ്റ് കമ്മിഷന്റെ റിപ്പോര്‍ട്ട്. മലിനീകരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെകൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എയ്ഡ്‌സ്, ക്ഷയം, മലേറിയ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച് മരിക്കുന്നവരേക്കാള്‍ മൂന്നിരട്ടിയാണ് വായുമലിനീകരണം കാരണം മരിക്കുന്നവരുടെ എണ്ണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യക്കു പിന്നാലെ രണ്ടാം സ്ഥാനത്ത് മരണം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണ്. ഇവിടെ 18 ലക്ഷം പേരാണ് മരിച്ചത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ആറില്‍ ഒരാള്‍ മരിക്കുന്നത് വായുമലിനീകരണം കാരണമാണെന്നാണ് പറയപ്പെടുന്നത്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് അവികസിത രാജ്യങ്ങളിലാണെന്നും ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രഖ്യാപിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ദരിദ്ര രാജ്യങ്ങളില്‍ സ്വീകരിച്ച ആഗോള വല്‍ക്കരണ നയം, ഖനനം, പുത്തന്‍ നിര്‍മാണ യൂണിറ്റുകള്‍ എന്നിവ പാരിസ്ഥിതിക രംഗത്ത് വന്‍തോതിലുള്ള അസന്തുലിതാവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്.
വര്‍ഷങ്ങളായി വായുമലിനീകരണം ഉണ്ടാകുന്നതുകാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പിടിപെടുകയാണ്. ഇത് ഹൃദയ രോഗങ്ങള്‍, തളര്‍ച്ച, ശ്വാസകോശാര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യപോലുള്ള ദരിദ്ര രാജ്യങ്ങളില്‍ നിര്‍മാണ തൊഴിലാളികളാണ് കൂടുതലായും വായുമലിനീകരണത്തിന്റെ ഇരകളാകുന്നത്. മലിനീകരണം തടയാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ഇവര്‍ക്ക് പലപ്പോഴും ഉണ്ടാകാറില്ല.
ദരിദ്ര രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ഭക്ഷണം പാകം ചെയ്യുന്നതിനായി വിറക്, കരി എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാരകമായ രോഗങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ വ്യാവസായിക വല്‍ക്കരണത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളിലും ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായുമലിനീകരണം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിന് പടക്കം ഉപയോഗിക്കരുതെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. എന്നിട്ടും മലിനീകരണ തോത് കുറക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഡല്‍ഹിയിലെ ആര്‍.കെ പുരത്ത് വായുമലിനീകരണ മോണിറ്ററിങ് സ്റ്റേഷന്‍ നടത്തിയ പരിശോധനയില്‍ ദീപാവലി ദിവസം 878 മുതല്‍ 1,179 മൈക്രോ ഗ്രാം ക്യൂബിക് മീറ്ററാണ് മലിനീകരണ തോതെന്ന് റിയല്‍ ടൈം പൊല്യൂഷന്‍ തയാറാക്കിയ ഡാറ്റയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."