കണ്ണന് പൊലിസാകണം; ഒറ്റ ലാപ്പിലെ വയനാടന്‍ കരുത്തിന് സല്യൂട്ട്
പാല: കണ്ണന് പൊലിസുകാരനാകണം. വയനാടന്‍ ചുരമിറങ്ങി തലസ്ഥാനത്തിന്റെ തണല്‍ തേടിയത് ആ നേട്ടത്തിനായാണ്. ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പിനാണ് പാലായില്‍ ഇന്നലെ തുടക്കമിട്ടതും. ആദ്യ ചുവടില്‍ കണ്ണന്‍ സ്വര്‍ണം നേടി കുതിപ്പ് നടത്തിയപ്പോള്‍ ഗാലറി കൈയടിച്ച് വരവേറ്റു. വിജയ പോഡിയമേറിയ കണ്ണനോട് എന്താവണം എന്ന ചോദ്യത്തിന് ശങ്കയില്ലാതെ മറുപടി വന്നു. എനിക്ക് പൊലിസാവണം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഒറ്റലാപ്പില്‍ സ്വര്‍ണ കുതിപ്പുമായി തന്റെ സ്വപ്നങ്ങളിലേക്ക് ഈ എട്ടാം ക്ലാസുകാരന്‍ ഓടിത്തുടങ്ങിയിരിക്കുന്നു. സിന്തറ്റികിന്റെ പുതുമണം മാറാത്ത പാലായിലെ ട്രാക്കില്‍ 400 മീറ്ററില്‍ 55.39 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷിങ് ലൈന്‍ മറികടന്നാണ് അയ്യങ്കാളി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കെ.വി കണ്ണന്‍ തിരുവനന്തപുരത്തിന് സ്വര്‍ണം സമ്മാനിച്ചത്. കോഴിക്കോട് സായ് താരം ജെന്‍സണ്‍ റോണി 56.32 സെക്കന്‍ഡില്‍ വെള്ളി നേടി.
വയനാട് പടിഞ്ഞാറത്തറ കേയാട്ടുകുന്ന് ആദിവാസി കോളനിയില്‍ നിന്നാണ് കണ്ണന്‍ തിരുവനന്തപുരത്ത് എത്തിയത്. കഷ്ടപ്പാടുകളോട് പടവെട്ടിയാണ് ട്രാക്കില്‍ താരമായി ജ്വലിച്ചത്. ബാണാസുരസാഗര്‍ അണക്കെട്ടിന് അരികിലെ വഴികളും കുന്നുകളുമായിരുന്നു കണ്ണനിലെ കായിക താരത്തിന്റെ ആദ്യ ട്രാക്ക്. കല്ലും മുള്ളും നിറഞ്ഞ വഴികളും കുന്നും കയറി ഓടിത്തുടങ്ങിയ കണ്ണന്‍ അയ്യങ്കാളി സ്‌കൂളിന്റെ അഭിമാന താരമായി വളര്‍ന്നു. കൂലിപ്പണിക്കാരായ ബാലന്‍, ശാന്ത ദമ്പതികളുടെ മകനായ കണ്ണന്‍ തിരുവനന്തപുരം അയ്യങ്കാളി സ്‌കൂളില്‍ എത്തിയിട്ട് നാല് വര്‍ഷമായി. പി.ആര്‍ നായര്‍ നല്‍കിയ പരിശീലനത്തിലൂടെയാണ് ട്രാക്കില്‍ കണ്ണന്‍ സ്വര്‍ണ ജേതാവായത്. 2016 ല്‍ 600 മീറ്ററില്‍ വെങ്കലം നേടിയ കണ്ണന്റെ സംസ്ഥാന മീറ്റിലെ ആദ്യ സ്വര്‍ണമാണ്. 600 മീറ്ററില്‍ ഇത്തവണയും കണ്ണന്‍ മത്സരത്തിനുണ്ട്. പൊലിസുകാരനാകാനാണ് കണ്ണന്റെ ആഗ്രഹം. കണ്ണന്‍ മാത്രമല്ല അനുജന്‍ അപ്പുവും പാലായില്‍ എത്തിയിട്ടുണ്ട്. അയ്യങ്കാളി സ്‌കൂളില്‍ കണ്ണനൊപ്പം എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അപ്പു ലോങ് ജംപിലാണ് പോരാട്ടത്തിനിറങ്ങുന്നത്. അഖില്‍, പ്രശാന്ത് എന്നിവരാണ് കണ്ണന്റെ മറ്റ് സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."