റെക്കോര്‍ഡോടെ കൗമാരം കുതിപ്പ് തുടങ്ങി...
പാല: പാലക്കാടന്‍ പടയോട്ടത്തിന് പ്രതിരോധക്കോട്ട തീര്‍ത്ത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനത്തില്‍ എറണാകുളത്തിന്റെ മുന്നേറ്റം. തേഞ്ഞിപ്പലം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഫോട്ടോഫിനിഷില്‍ നഷ്ടമായ കിരീടം തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ട് എറണാകുളം ആദ്യ ദിനത്തില്‍ 50 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. 18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും എറണാകുളം സ്വന്തമാക്കി.
നാല് സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയ പാലക്കാട് 32 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ആറ് വെങ്കലവും നേടിയ തിരുവനന്തപുരം 27 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ഒരു സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും നേടി 24 പോയിന്റുമായി കോഴിക്കോട് നാലാമത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ കിരീടം നിലനിര്‍ത്താനുള്ള കുതിപ്പിലാണ്. നാല് സ്വര്‍ണം ഒരു വെള്ളി നേടിയ മാര്‍ ബേസില്‍ 23 പോയിന്റ് സ്വന്തമാക്കി ഒന്നാംസ്ഥാനത്ത് എത്തി. രണ്ട് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി 17 പോയിന്റുമായി പാലക്കാട് പറളി എച്ച്.എസ് രണ്ടാമതും ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമായി 11 പോയിന്റ് സ്വന്തമാക്കിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്. മേളയുടെ രണ്ടാം ദിനമായ ഇന്ന് 24 ഫൈനലുകള്‍ നടക്കും. മീറ്റിലെ അതിവേഗക്കാരെയും ഇന്നറിയാം.
നാല് റെക്കോര്‍ഡുകള്‍
പുതുപുത്തന്‍ ട്രാക്കില്‍ ആദ്യ ദിനം വിരിഞ്ഞത് നാല് റെക്കോര്‍ഡുകള്‍. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിലെ പി.എന്‍ അജിത്, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ പിറവം മണീട് ജി.വി.എച്ച്.എസ്.എസിലെ കെ.എം ശ്രീകാന്ത്, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ നരേഷ് കൃപാല്‍ യാദവ്, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അഭിഷേക് മാത്യു എന്നിവരാണ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. പി.എന്‍ അജിത്, അനുമോള്‍ തമ്പി (3000 മീറ്റര്‍) എന്നിവര്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവും നടത്തി.
താരമായി സല്‍മാന്‍; തിരിച്ചടിച്ച് ചാന്ദിനി
അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖിന് സ്വര്‍ണം. 9:8.20 സെക്കന്‍ഡിലാണ് സല്‍മാന്‍ സ്വര്‍ണ കുതിപ്പ് പൂര്‍ത്തിയാക്കിയത്. തന്റെ അവസാന സ്‌കൂള്‍ കായിക മേളയ്ക്ക് എത്തിയ സല്‍മാന്റെ ആദ്യ സ്വര്‍ണം നേട്ടം കൂടിയാണിത്. തുണ്ടത്തില്‍ ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സല്‍മാന്‍ കോട്ടയം ഏന്തയാര്‍ തേന്‍പുഴ മഞ്ഞത്തില്‍ സക്കീര്‍, ഷിബിന ദമ്പതികളുടെ മകനാണ്. കോഴിക്കോട് പുല്ലൂരാപാറ സ്‌കൂളിലെ സെബിന്‍ സെബാസ്റ്റ്യന്‍ (9: 13.44) വെള്ളിയും പാലക്കാട് പറളിയിലെ കെ അഖില്‍ (9:13.47) വെങ്കലവും സ്വന്തമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ സി ചാന്ദിനി (10:27.83 സെക്കന്റ്) സ്വര്‍ണം നേടി. പാലക്കാട് ജില്ലാ മീറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ദുഃഖം സ്വര്‍ണ നേട്ടത്തോടെ പാലായില്‍ ആഹ്ലാദത്തിന്റേതാക്കി. കോഴിക്കോടിന്റെ കട്ടിപ്പാറ ഹോളിഫാമിലി സ്‌കൂളിലെ കെ.പി സനിക വെള്ളിയും ജില്ലയില്‍ ചാന്ദിനിയെ മറികടന്ന് സ്വര്‍ണം നേടിയ മുണ്ടൂര്‍ സ്‌കൂളിലെ യു ആതിര വെങ്കലവും നേടി.
താരോദയമായി ഭരത്‌രാജ്
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ തുടര്‍ച്ചയായി രണ്ടാമതും സ്വര്‍ണം നേടി ബി ഭരത്‌രാജ്. തിരുവല്ല പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഭരത് പങ്കെടുത്ത രണ്ട് സംസ്ഥാന മീറ്റിലും സ്വര്‍ണം നേടിയാണ് ശ്രദ്ധേയനായത്. 1.79 മീറ്റര്‍ ഉയരത്തില്‍ ക്രോസ്ബാര്‍ താണ്ടിയാണ് ഭരത് സ്വര്‍ണം നേടിയത്. സംസ്ഥാന ജൂനിയര്‍ മീറ്റിലും ജൂനിയര്‍ നാഷണല്‍സിലും സ്വര്‍ണം നേടിയ ഭരത് കായിക കേരളത്തിന്റെ ജംപിങ് പിറ്റിലെ പുതിയ വാഗ്ദാനമാണ്. 1.62 മീറ്റര്‍ താണ്ടി കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് എച്ച്.എസ്.എസിലെ സിദ്ധാര്‍ഥ് പി അഗസ്റ്റസ് വെള്ളി നേടി. മുന്‍ ഇന്ത്യന്‍ താരം അഗസ്റ്റസിന്റെ പുത്രനാണ് സിദ്ധാര്‍ഥ്. കോഴിക്കോട് പെയില്‍കാവ് എച്ച്.എസിലെ എം.കെ അഫ്‌നാന്‍ മുഹമ്മദ് സബിന്‍ (1.54) വെങ്കലം നേടി.
ആറില്‍ അഞ്ചും ഫൗള്‍; ഒരെണ്ണം പാഞ്ഞത് സ്വര്‍ണത്തിലേക്ക്
ആകെയുള്ളത് ആറ് അവസരങ്ങള്‍ മാത്രം. അതില്‍ അഞ്ച് ചാട്ടവും ഫൗളാവുക. എന്നിട്ടും സ്വര്‍ണം നേടുക. ആദ്യത്തെ ചാട്ടത്തില്‍ താണ്ടിയ ദൂരത്തിന് സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ അലക്‌സ് പി തങ്കച്ചന്‍ സ്വര്‍ണം നേടിയത്. 39.74 ദൂരത്തേക്ക് ഡിസ്‌ക് പായിച്ചാണ് അലക്‌സ് സ്വര്‍ണം നേടിയത്. ഫീല്‍ഡില തെന്നലാണ് തന്റെ അഞ്ച് അവസരങ്ങളും പാഴാവാന്‍ കാരണമെന്ന് അലക്‌സ് പറഞ്ഞു. ആക്ഷന്‍ പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല.
51 മീറ്റര്‍ ദൂരേക്ക് വരെ ഡിസ്‌ക് പായിക്കാറുള്ള അലക്‌സിന് ഇത്തവണ മികവ് പുറത്തെടുക്കാനായില്ല. ജില്ലാ മീറ്റില്‍ 47 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌ക് പറത്തിയിരുന്നു. 2016 ല്‍ ജൂനിയര്‍ വിഭാഗത്തിലെ സ്വര്‍ണം ജേതാവാണ്. കണ്ണൂര്‍ ആലക്കോട് പൂവഞ്ചാലില്‍ തങ്കച്ചന്റെയും മോളിയുടെയും മകനാണ്. കഴിഞ്ഞ മീറ്റില്‍ വെള്ളി നേട്ടം കൊയ്ത ഷോട്പുട്ടിലും അലക്‌സ് ഇത്തവണ മത്സരിക്കും. തിരുവനന്തപുരം സായിയിലെ എസ്.എസ് അര്‍ജുനാണ് വെള്ളി (37.98 മീറ്റര്‍). 37.17 ദൂരം എറിഞ്ഞ സായിയുടെ തന്നെ സി.ബി മെല്‍ബിന്‍ വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."