വിദ്യാര്‍ഥിനി സ്‌കൂളിലെ മൂന്നാംനിലയില്‍ നിന്ന് വീണതില്‍ ദുരൂഹത
കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്ന് വീണ നിലയില്‍ കാണപ്പെട്ടതില്‍ ദുരൂഹത. കൊല്ലം കലക്ടറേറ്റിന് സമീപത്തെ ട്രിനിറ്റി ലൈസിയം ഐ.സി.എസ്.ഇ സ്‌കൂളില്‍ ഇന്നലെ ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം.
പെണ്‍കുട്ടി പ്രൈമറി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുന്നത് താഴെനിന്ന വിദ്യാര്‍ഥികളാണ് കണ്ടത്. ഗുരുതര പരുക്കുകളോടെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായതിനാല്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലിസിന് സാധിച്ചില്ല. എന്നാല്‍ കുട്ടികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് പെണ്‍കുട്ടി അബദ്ധത്തില്‍ വീണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
സംഭവത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഒരു അധ്യാപിക കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുകൊണ്ട് പോയിരുന്നു. എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളുമായുണ്ടായ തര്‍ക്കത്തെ കുറിച്ച് ചോദിക്കാനാണ് അധ്യാപിക വിളിപ്പിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
വിദ്യാര്‍ഥികളുമായുണ്ടായ തര്‍ക്കത്തില്‍ വിദ്യാര്‍ഥിനിയെ അധ്യാപിക ശകാരിച്ചിതിനെ തുടര്‍ന്നുണ്ടായ വിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലിസ് നിഗമനം. ഈ സ്‌കൂളിനെക്കുറിച്ച് മുന്‍പും പലതവണ പരാതി ഉയര്‍ന്നിട്ടുണ്ട്.
ഒരുവര്‍ഷം മുന്‍പ് സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ഥികള്‍ ഷോട്ട് എറിയുന്നതിനിടെ, ക്ലാസിലേക്കുപോയ ഒരു വിദ്യാര്‍ഥിക്ക് തലയ്ക്ക് മാരകമായി പരുക്കേറ്റിരുന്നു. പൊലിസിലെ ഉള്‍പ്പെടെ ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ പരാതി പുറത്തുവരില്ലെന്നാണ് ആരോപണമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."