5 രൂപയ്ക്ക് ഒരു ജി.ബി നെറ്റ്, ഇഷ്ടംപോലെ വിളിക്കാം
തിരുവനന്തപുരം: ദിവസവും അഞ്ച് രൂപ നിരക്കില്‍ ഒരു ജി.ബി ഇന്റര്‍നെറ്റും പരിധിയില്ലാത്ത സൗജന്യ കോളും വാഗ്ദാനം ചെയ്യുന്ന പുതിയ കേരള പ്ലാന്‍ ബി.എസ്.എന്‍.എല്‍.പുറത്തിറക്കി. ഇതോടെ ഏറ്റവും കുറഞ്ഞനിരക്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നല്കുന്ന സേവനദാതാക്കളായി ബി.എസ്.എന്‍.എല്‍ മാറി യെന്നും അധികൃതര്‍ പറഞ്ഞു. ഇന്നലെ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യുവാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പൂയംതിരുനാള്‍ ഗൗരി പാര്‍വതിഭായി തമ്പുരാട്ടിക്ക് നല്കി പ്ലാന്‍ പുറത്തിറക്കിയത്. 446 രൂപയാണ് നിരക്ക്. 84 ദിവസം 84 ജി.ബി ഇന്റര്‍നെറ്റും ഏത് നെറ്റ് വര്‍ക്കിലേക്കും ഇഷ്ടംപോലെ സൗജന്യ കോളുകളും നല്‍കുന്നതാണ് പ്ലാന്‍. ഇന്നുമുതല്‍ എല്ലാ ബി.എസ്.എന്‍.എല്‍ റീട്ടെയ്ലര്മാരില്നിന്നും ഇത് ലഭ്യമാകും. നിലവിലുള്ള വരിക്കാര്‍ക്ക് പ്ലാന്കേരള എന്ന് 123 നമ്പറിലേക്ക് എസ്.എം.എസ്. ചെയ്താല്‍ 337.97 രൂപയ്ക്ക് ഇത് സ്വന്തമാക്കാം.
യു.എ.ഇയിലേക്ക് മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നാഷനല്‍ റോമിങ് സൗകര്യം നല്കുന്ന പദ്ധതിക്കും ഇന്നലെ തുടക്കമായി. 2200 രൂപ വിലയുള്ള 4ജി ബി.എസ്.എന്‍.എല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 97 രൂപയ്ക്ക് മാസം 5 ജി.ബി ഇന്റര്‍നെറ്റും പരിധിയില്ലാത്ത സൗജന്യകോളുകളും നല്കുന്ന പദ്ധതിക്കും ഇന്നലെ തുടക്കമായി. സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞതായും ഡോ. പി.ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ സംസ്ഥാനത്തെ ബി.എസ്.എന്‍.എല്‍ സേവനങ്ങളുടെ വേഗത വര്‍ധിപ്പിക്കുമെന്നും നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തിലെ 2266 സ്ഥലങ്ങളില്‍ വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ തുടങ്ങും. ഇവിടെ 300 എം.ബി. വരെ ഇന്റര്‍നെറ്റ് സൗജന്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."