സ്‌നേഹക്കൂട്
ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞവര്‍ക്കായി മാത്രം തീര്‍ത്ത മൊഞ്ചുള്ള ഒരു കൂട്. അതാണ് കൊയിലാണ്ടി നെസ്റ്റ്. കോഴിക്കോട് ജില്ലയിലെ ചരിത്രഭൂമികയായ കൊയിലാണ്ടിയില്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി രൂപം കൊണ്ട സ്‌നേഹക്കൂടാണത്.
നോക്കാനാളില്ലാതെ ജീര്‍ണിച്ചു ശരീരമാസകലം പുഴു തിന്നുകൊണ്ടിരുന്ന ഒരു മുത്തശ്ശിയെ ഏറ്റെടുത്തു സംരക്ഷിച്ചതില്‍ തുടങ്ങുന്നു നെസ്റ്റിന്റെ ചരിത്രം. മക്കളോ മരുമക്കളോ പരിപാലിക്കാന്‍ തയാറാകാതെ വന്നപ്പോള്‍ വീട്ടുമുറ്റത്തിന്റെ ഒരു മൂലയില്‍ ഷീറ്റ് വലിച്ചുകെട്ടി അതില്‍ കഴിയുകയായിരുന്നു ആ മുത്തശ്ശി. പ്രാദേശിക ചാനലിലോ മറ്റോ വന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട മുഹമ്മദ് യൂനുസും കൂട്ടുകാരും അവരെ തേടിയിറങ്ങി. ആ കുടിലില്‍ ചെന്ന് അവരെ കുളിപ്പിച്ചുവൃത്തിയാക്കി. ഭക്ഷണം നല്‍കി. എന്നിട്ടും അമ്മയെ വീട്ടിലേക്കു കയറ്റാന്‍ മക്കള്‍ കൂട്ടാക്കിയില്ല. എന്നാല്‍, യൂനുസും കൂട്ടുകാരും അവരെ കൂടെക്കൂട്ടി. കൂട്ടുകാരിലൊരുവന്റെ വീട്ടില്‍ താമസിപ്പിച്ചു. വെറും 13 ദിവസം മാത്രമാണ് ആ മുത്തശ്ശി ജീവിച്ചത്. ആ ദിവസങ്ങള്‍ ഒരുപക്ഷേ അന്നുവരെ ലഭിക്കാതിരുന്ന മുഴുവന്‍ സന്തോഷവും അവര്‍ ഒന്നിച്ചനുഭവിച്ചിരുന്നിരിക്കണം. ഈയൊരു അനുഭവത്തോടെ ഒരു പാലിയേറ്റിവ് സ്ഥാപനം തുടങ്ങുക എന്ന ആശയം സംഘത്തിന്റെ മനസില്‍ മുളപൊട്ടി. വിദ്യാര്‍ഥികളായിരിക്കെ തന്നെ അവര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി ജനമധ്യത്തിലിറങ്ങി.
കൂട് കൂട്ടുന്നു
വിദേശത്ത് ജോലി ചെയ്യുന്ന കാലത്ത് കണ്ടുമുട്ടിയ ഒരച്ഛനാണ് 'നെസ്റ്റ് ' എന്ന ആശയം മുന്നോട്ടുവച്ചത്. വിദേശത്തുള്ള ജോലിയൊക്ക ഉപേക്ഷിച്ചു കുടുംബസമേതം നാട്ടിലേക്കു ചേക്കേറിയതായിരുന്നു അദ്ദേഹം. പത്തുവര്‍ഷമായി അദ്ദേഹം മകളെ പഠിപ്പിക്കാന്‍ പാടുപെടുകയായിരുന്നു. പിടികിട്ടാത്ത സൂത്രവാക്യങ്ങളും ശാസ്ത്രനിഗൂഢതകളും പഠിപ്പിക്കാനായിരുന്നില്ല അത്. വിസര്‍ജ്യം ഭക്ഷിക്കാനുള്ളതല്ലെന്ന തിരിച്ചറിവ് അവളിലുണ്ടാക്കാനായിരുന്നു അത്രയും കാലം അയാളും ഭാര്യയും പരിശ്രമിച്ചുകൊണ്ടേയിരുന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. പരാജയപ്പെട്ട അച്ഛനെന്നു പറഞ്ഞ് അയാള്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ മനുഷ്യന്റെ നിസഹായതയുടെ തിരിച്ചറിവായി അത്. ആ പിതാവിന്റെ നിരാശയും സങ്കടവും നിറഞ്ഞ മുഖം സൃഷ്ടിച്ച ഭീതിയാണു ബുദ്ധിപരമായും മറ്റും പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഒരു കേന്ദ്രം ആരംഭിക്കുക എന്ന ആശയത്തിലെത്തിയത്. അന്നുമുതല്‍ ഇതേകുറിച്ചുള്ള പഠനമാരംഭിച്ചു. അങ്ങനെ തീര്‍ത്തും ശാസ്ത്രീയരീതിയില്‍ തന്നെയുള്ള സ്ഥാപനം എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി നെസ്റ്റ്.
ഒന്നുമില്ലായ്മയില്‍ തുടങ്ങിയ നെസ്റ്റില്‍ ഇപ്പോള്‍ 240 കുട്ടികള്‍ പരിശീലനത്തിന് എത്തുന്നുണ്ട്. അവര്‍ക്കു സഹായത്തിനായി ഇ.എന്‍.ടി, ഐ, പീഡിയാട്രിക്‌സ്, ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരും, ഏഴ് ഫിസിയോ തെറാപ്പിസ്റ്റുകള്‍, ഏഴ് സ്പീച്ച് തെറാപ്പിസ്റ്റുകള്‍, മൂന്ന് ഒക്കുപ്പേഷനല്‍ തെറാപ്പിസ്റ്റുകള്‍ എന്നിവരുമുണ്ട്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒ.പി സൗകര്യവും ഒരുക്കിയിട്ടുണ്ട് ഇവിടെ. ചികിത്സ തീര്‍ത്തും സൗജന്യമാണ്.
നിസഹായരുടെ ലോകം
എത്രയോ കാലമായി അയാളൊന്നുറങ്ങിയിട്ട്. ഒരുറക്കത്തിനുശേഷം ഉണര്‍ന്നെണീക്കുന്നതു ജീവനറ്റ തന്റെ പ്രിയപ്പെട്ടവളിലേക്കും മകളിലേക്കുമായെങ്കിലോ എന്ന പേടി അയാളുടെ കണ്‍പോളകളെ സദാ തുറന്നുതന്നെ പിടിച്ചു. പതിനഞ്ചുകാരിയായ മകളെ എടുത്തുനടക്കാന്‍ കഴിയാത്തതിന്റെ ആധിയില്‍, അവള്‍ ഒരു ചോദ്യചിഹ്നമാകുന്നതിന്റെ സങ്കടത്തില്‍ അമ്മയും മകളും ജീവനൊടുക്കുമോ എന്നതാണ് അയാളുടെ ആശങ്ക. മകള്‍ പിറന്ന അന്നുമുതല്‍ അവളെ തോളത്തെടുത്തതാണ് ആ അമ്മ. ഇപ്പോള്‍ നടുവേദനയാണ്. ഭാരമെടുക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തു ചെയ്യും. വളര്‍ച്ചയെത്തിയ ഈ പെണ്‍കുട്ടിയെ ആരെ ഏല്‍പിക്കും. ഇങ്ങനെ തകര്‍ന്നുജീവിക്കുന്നവര്‍ ഒന്നും രണ്ടുമല്ല നമ്മുടെ നാട്ടില്‍.
ഒരു കുഞ്ഞ് പിറക്കുന്നതോടെ കുടുംബം തളര്‍ന്നുപോകുന്ന അവസ്ഥകള്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. പലവിധ മാനസികവൈകല്യങ്ങള്‍ ബാധിച്ചായിരിക്കും ആ കുഞ്ഞുങ്ങളുടെ ജനനം. പ്രത്യേകിച്ചും അമ്മമാരാണ് എല്ലാ പ്രയാസങ്ങളും അനുഭവിക്കുന്നത്. ദൈവം തന്ന മനോഹരമായ സമ്മാനമെന്നൊക്കെ പുറത്തുനില്‍ക്കുന്നവര്‍ക്ക് ആലങ്കാരികമായി പറയാം. എനിക്കുശേഷം ഇനിയെന്ത് എന്ന ആധിയിലാണ് ഓരോ അമ്മമാരും ജീവിതം തള്ളിനീക്കുന്നത്. നെസ്റ്റിന്റെ സുഗമമായ നടത്തിപ്പിനു കുട്ടികളെക്കാളുപരി അമ്മമാരെ അറിയല്‍ നിര്‍ബന്ധമായിരുന്നു. അതിനായി ആദ്യം അത്തരത്തിലുള്ള മുന്നൂറോളം അമ്മമാരെ വച്ച് തങ്ങള്‍ പഠനം നടത്തിയതായി യൂനുസ് പറയുന്നു.
മനസ് മരവിപ്പിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളാണ് അതുവഴി അറിയാന്‍ കഴിഞ്ഞതെന്നും യൂനുസ് കൂട്ടിച്ചേര്‍ത്തു. ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ 15 വയസാകുമ്പോഴേക്ക് സെറിബ്രല്‍ പാള്‍സിയുള്ള പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം നീക്കംചെയ്യുന്ന രക്ഷിതാക്കള്‍. കുടുംബത്തിലെയും മറ്റും പരിപാടികളില്‍നിന്നു മാറിനില്‍ക്കുന്നവരായിരുന്നു അവര്‍. 21 വയസായ മകന്‍ മറ്റു സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാന്‍ അവന്റെ ശാരീരിക ആവശ്യങ്ങള്‍ക്കുവരെ വഴങ്ങേണ്ടി വരുന്ന അമ്മ. എന്നെ വെറുക്കല്ലേ മക്കളേ എന്നു പറഞ്ഞ് ആ അമ്മ പൊട്ടിക്കരഞ്ഞപ്പോള്‍ ഒന്നും പറയാനാകാതെ തരിച്ചുനിന്നു പോയി. അടുത്ത വീട്ടിലെ സ്ത്രീയെ ഉപദ്രവിച്ചതിനു നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു മകനെ അടിച്ചു. ഒന്നുമറിയാത്ത തന്റെ കുഞ്ഞിനെ ഇനിയും ഉപദ്രവിക്കുന്നതു കണ്ടുനില്‍ക്കാനാകില്ലെന്ന അവരുടെ സങ്കടക്കടല്‍ ഏതൊരു വിമര്‍ശനങ്ങളെയും ഒഴുക്കിക്കളയാന്‍ ശക്തിയുള്ളതായിരുന്നു.
ശാരീരിക വൈകല്യമനുഭവിക്കുന്നവരുടെ കാര്യവും മറിച്ചല്ല. പരസഹായത്തിനു കാത്തുനില്‍ക്കാതെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുക എന്നതാണു തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു പറഞ്ഞ ഒരാളെ കുറിച്ച് യൂനുസ് ഓര്‍ത്തു. തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവിനെ ബാത്ത്‌റൂമിലെത്തിക്കാന്‍ പ്രയാസപ്പെട്ടിരുന്ന ഒരു യുവതിയെ കുറിച്ച് അദ്ദേഹം പറഞ്ഞു. എന്നും ബത്ത്‌റൂമിന്റെ വാതിലിനു മുന്നില്‍ അവര്‍ രണ്ടുപേരും വീഴും. പിന്നെയും ആ യുവതി എങ്ങനെയോ അദ്ദേഹത്തെ താങ്ങിയെടുത്ത് അകത്തെത്തിക്കും. ഒരു കൈത്താങ്ങുണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ എത്രയോ ആശിച്ചിട്ടുണ്ടാകാം. അയാള്‍ മരിച്ചപ്പോള്‍ ജീവനില്ലാത്ത ആ ശരീരം താങ്ങാന്‍ നൂറുകൈകളാണ് ഓടിയെത്തിയത്. ജീവിതത്തില്‍ പലതവണ ആ ദമ്പതികള്‍ ഇടറിവീണപ്പോഴും നിലവിളിച്ചപ്പോഴൊന്നും അവര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല.
താങ്ങാകണം സര്‍ക്കാറും സംഘടനകളും
സഹതാപത്തിന്റെ നീരൊലിക്കുന്ന കണ്ണുകള്‍ അവര്‍ക്കു വേണ്ട. അവരെ ആദ്യം നമ്മളിലൊരാളായി കാണണം. സ്വന്തക്കാര്‍ക്കു വരുന്നതുപോലെ അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാകണം. അവരെ ചേര്‍ത്തുപിടിച്ച് ഒപ്പംനില്‍ക്കണം. അത്തരത്തിലുള്ള നൂറുകണക്കിനു പേരെ പുനരധിവസിപ്പിക്കാന്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെയുമുള്ള ഒരു കേന്ദ്രം തന്നെ ആവശ്യമാണ്.
നോക്കാനാളില്ലാതെ ജീര്‍ണിച്ചു ശരീരമാസകലം പുഴു തിന്നുകൊണ്ടിരുന്ന ഒരു മുത്തശ്ശിയെ ഏറ്റെടുത്തു സംരക്ഷിച്ചതില്‍ തുടങ്ങുന്നു നെസ്റ്റിന്റെ ചരിത്രം
ഇത്തരം മക്കളുടെ ദൈന്യത ഓര്‍ത്തു തകര്‍ന്നുപോകുന്ന അമ്മയോട് എങ്ങോട്ടുപോകണമെന്നോ എന്തു ചെയ്യണമെന്നോ പറയാന്‍ നമ്മുടെ നാട്ടില്‍ സംവിധാനമില്ല. വിദേശത്ത് ഫാമിലി സെന്റര്‍ എന്ന സംവിധാനമുണ്ട്. അവര്‍ ആദ്യം ബന്ധുക്കളെ ബോധവാന്മാരാക്കുന്നു. അമ്മമാരുടെ കരുത്താകാന്‍ ബന്ധുക്കളെ ഉപദേശിക്കുന്നു. ഇതോടെ അത്തരം കുട്ടികളും അവരുടെ അമ്മമാരും സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടവരാകുന്നു. വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതു ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കുറ്റമാണെന്ന രീതിയില്‍ കാണുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അതു മാറണം. സര്‍ക്കാറും നാട്ടിലെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ മത സംഘടനകളും കൂട്ടായ്മകളും അതിനു മുന്‍കൈയെടുക്കണം.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള നമ്മുടെ സംവിധാനങ്ങള്‍ ഇന്നും നൂറുകൊല്ലം പിറകിലാണെന്നാണ് നെസ്റ്റിന്റെ ഭാരവാഹികള്‍ പറയുന്നത്. ലോകത്തെ ഒന്‍പതോളം രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനശേഷമാണ് അവരിതു പറയുന്നത്. നെസ്റ്റ് പതിവുരീതികളില്‍നിന്നു ഭിന്നമാകുന്നതും അതുകൊണ്ടുതന്നെ. സംസാരിക്കാനാകാത്ത ഒരു കുട്ടിയെ ഓപറേഷനില്ലാതെ സംസാരിപ്പിക്കാനുള്ള സംവിധാനമുണ്ടെങ്കില്‍ അതു നമ്മുടെ നാട്ടിലുമെത്തണം. മുന്‍പ് ഇതെല്ലാം ചാരിറ്റിയായിരുന്നു. ചാരിറ്റിക്കു മുന്നില്‍ ഗുണനിലവാരം വിട്ടുവീഴ്ച ചെയ്യപ്പെടുന്നതു നാമറിഞ്ഞില്ല.
95 ശതമാനം കേള്‍വിശക്തിയില്ലാത്ത കുട്ടികളെ വിദേശത്തു പഠിപ്പിച്ച ഒരു രക്ഷിതാവിനെ കുറിച്ചും പറഞ്ഞു യൂനുസ്. നാട്ടിലായിരുന്നെങ്കില്‍ വെറും ആംഗ്യഭാഷ മാത്രം അറിയുന്നവരായി പോകുമായിരുന്ന കുട്ടികള്‍ വിദേശത്തെ പരിശീലനം ലഭിച്ചതിനാല്‍ സാധാരണക്കാരെ പോലെ സംസാരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ നാട്ടില്‍ നഷ്ടമാവുന്ന ഈ സംവിധാനം ഇവിടെയെത്തിക്കണം.
നിയാര്‍ക്ക് എന്ന സ്വപ്നം
നെസ്റ്റിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടമാണ് നെസ്റ്റ് ഇന്റര്‍നാഷനല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്). ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള വഴികള്‍ നമ്മുടെ നാട്ടിലുമെത്തിക്കുകയാണ് നിയാര്‍ക്കിന്റെ സ്വപ്നം. വിദേശങ്ങളില്‍ കാണുന്ന സംവിധാനങ്ങള്‍ പണമില്ലാത്തതിന്റെ പേരില്‍ നമ്മുടെ നാട്ടിലുള്ളവര്‍ക്കു കിട്ടാതെ പോകരുത്. കുട്ടികളില്‍ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരത്തെ കണ്ടെത്താന്‍ സൗകര്യമൊരുക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ പരിശീലനത്തിലൂടെ മറികടക്കാന്‍ കഴിയും. അമേരിക്കയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെഫ്, ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് എന്നിവയുടെ പാഠ്യപദ്ധതിയാണ് നിയാര്‍ക്ക് പരിശീലനത്തിനായി പരിഗണിക്കുന്നത്.
അമേരിക്കയിലെ സമാനസ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടാണു കെട്ടിടത്തിന്റെ മാതൃക തയാറാക്കിയിരിക്കുന്നത്. പൂര്‍ണമായും ഭിന്നശേഷിസൗഹൃദ കെട്ടിടം. ഇവിടെ 750 കുട്ടികള്‍ക്കു പരിശീലനത്തിന് അവസരമുണ്ടാകും. യന്ത്രസഹായത്തോടെയുള്ള ഫിസിയോ തെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ നിയാര്‍ക്കില്‍ ലഭ്യമാകും. നൂറുകണക്കിന് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അന്തര്‍ദേശീയ നിലവാരത്തില്‍ പഠനവും പഠനോപകരണങ്ങളും സജ്ജീകരിക്കും. ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, യു.എസ്, മലേഷ്യ, ഖത്തര്‍, ദുബൈ, കുവൈത്ത്, ബഹ്‌റൈന്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെ പഠനരീതികളും സഹായ ഉപകരണങ്ങളും നിയാര്‍ക്കില്‍ ലഭ്യമാക്കും. ഉപകരണങ്ങള്‍ക്കുമാത്രം ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
പെരുവട്ടൂര്‍ അരീക്കുന്നില്‍ വാങ്ങിയ നാല് ഏക്കര്‍ സ്ഥലത്ത് ഒരുലക്ഷം ചതുരശ്രയടിയില്‍ 25 കോടി രൂപ ചെലവിലാണ് നിയാര്‍ക്ക് കാംപസ് സജ്ജമാക്കുന്നത്. അടുത്ത വര്‍ഷത്തോടെ 22,000 ചതുരശ്ര അടിയില്‍ കെട്ടിടംപണി പൂര്‍ത്തിയാക്കി നിയാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കും. കുട്ടികള്‍ക്കു താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കും. പരിശീലകരെ പരിശീലിപ്പിക്കുന്ന അക്കാദമിയായി സ്ഥാപനത്തെ ഉയര്‍ത്തും. മൂന്നാംഘട്ടത്തില്‍ മാനസികശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസകേന്ദ്രവും ഒരുക്കും. 2025ല്‍ നിയാര്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കണമെന്നാണു ഭാരവാഹികളുടെ പദ്ധതി.
നമുക്കും പങ്കുചേരാം
''കുഞ്ഞുങ്ങളേ, നിങ്ങളുടെ മനസിലെ നന്മകളാണു നമ്മുടെ നാട്ടില്‍ മഴയായി പെയ്യുന്നത്. അതുകൊണ്ടാണു തിന്മകള്‍ നിറഞ്ഞ ഈ ലോകം നശിച്ചുപോകാത്തത്. ഒരു കാറ്റിനും വരള്‍ച്ചയ്ക്കും ലോകത്തെ തകര്‍ക്കാനാകാത്തത്.''
ഒരിക്കല്‍ കൊയിലാണ്ടി മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരു പരിപാടിക്കെത്തിയ സംവിധായകന്‍ ലാല്‍ ജോസ് അവിടുത്തെ വിദ്യാര്‍ഥികളോട് പറഞ്ഞ വാക്കുകളാണിത്. സന്നദ്ധസേവനത്തിനു പുറമെ നെസ്റ്റിനുവേണ്ടി പണവും സ്വരുക്കൂട്ടുന്ന ഒരുകൂട്ടം കുരുന്നുകള്‍ക്കു കിട്ടിയ സ്‌നേഹസമ്മാനമായിരുന്നു അത്. ശരിയായിരിക്കാം. ചില നന്മകള്‍ തന്നെയാണ് ഇവിടെ ഇപ്പോഴും വെളിച്ചം പരത്തുന്നത്. തണല്‍ വിരിക്കുന്നത്. ഇനിയും നന്മമഴകള്‍ പെയ്യേണ്ടതുണ്ട്. ചുറ്റിലുമുള്ള നിസഹായരായ മനുഷ്യരുടെ അതിജീവനപോരാട്ടങ്ങളില്‍ നമുക്കും സഹായഹസ്തവുമായി പങ്കുചേരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."