സമൂഹത്തിന് താങ്ങാകാന്‍ കുടുംബശ്രീക്ക് കഴിയണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിനുകൂടി താങ്ങാകാന്‍ കുടുംബശ്രീക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍ക്കൂട്ട പഠനക്കളരിയായ 'കുടുംബശ്രീ സ്‌കൂളി'ന്റെ ഉദ്ഘാടനം പുളിയറക്കോണത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അംഗങ്ങളുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ശാക്തീകരണത്തിനുമപ്പുറം പ്രദേശത്തെ നല്ല കൂട്ടായ്മയായി കുടുംബശ്രീ വളരണം. നമ്മള്‍ ജീവിക്കുന്ന പ്രദേശത്തെ കുടുംബങ്ങളെപ്പറ്റി കൃത്യമായ ധാരണ വേണം. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാകണം. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനായാലേ സാമൂഹ്യസേവന പ്രക്രിയ പൂര്‍ത്തിയാകൂ. കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായാല്‍ അതിനെ നേരിടാന്‍ കഴിയണം. അതിനായി എപ്പോഴും സ്വയംപരിശോധന വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. ഉദ്ഘാടനവേദിയില്‍ എക്‌സിക്യൂട്ടിവ് ഡയരക്ടറെ അടുത്തുവിളിച്ച് ശാസിച്ചാണ് അദ്ദേഹം അതൃപ്തി വ്യക്തമാക്കിയത്. പരിപാടിയില്‍ മന്ത്രി കെ.ടി ജലീലിനെ പങ്കെടുപ്പിക്കാത്തതെന്തെന്ന് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഹരികിഷോറിനെ വേദിയില്‍വിളിച്ച് മുഖ്യമന്ത്രി ചേദിച്ചു.
വിളപ്പില്‍ പഞ്ചായത്തിലെ ശാന്തി കുടുംബശ്രീ പ്രസിഡന്റ് ദീപ അധ്യക്ഷയായി. ഐ.ബി സതീഷ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എസ്. ഹരികിഷോര്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ഡോ. ടി.എന്‍ സീമ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാദേവി, എല്‍.വിജയരാജ്, ശോഭനകുമാരി, കെ.വി പ്രമോദ്, ഡോ. കെ.ആര്‍. ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."