മാഷ് പഞ്ചായത്തിലുണ്ടെന്നു പറയേണ്ടിവരും !
ചെറുവത്തൂര്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന എയ്ഡഡ് സ്‌കൂള്‍ - കോളജ് അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള ഡ്യൂട്ടി ലീവ് ഇരട്ടിയാക്കി. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ ജനപ്രതിനിധികളാകുന്നതു പഠനത്തെ ബാധിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് ഇവര്‍ക്കുള്ള ഡ്യൂട്ടി ലീവ് മുപ്പതാക്കി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണ പദ്ധതിയില്‍ പങ്കെടുക്കുന്നതിനു എയ്ഡഡ് സ്‌കൂള്‍ - കോളജ് അധ്യാപകരായ ജനപ്രതിനിധികള്‍ക്ക് 15 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ച് 2012 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ കൂടാതെ വാര്‍ഡ് വികസന സമിതി, ഗ്രാമസഭ, അയല്‍സഭ, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിശീലനങ്ങള്‍ എന്നിവയില്‍ കൂടി പങ്കെടുക്കുന്നതിനാണ് 15 ദിവസത്തെ ഡ്യൂട്ടി ലീവ് കൂടി അനുവദിച്ച് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്.
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓഡിനേഷന്‍ കമ്മറ്റിയുടെ തീരുമാനത്തിന്റെയും ചില ഹര്‍ജികള്‍ പരിഗണിച്ചുമാണ് സര്‍ക്കാര്‍ നടപടി.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മുപ്പത് ഡ്യൂട്ടി ലീവ് കിട്ടും. ഒരധ്യയന വര്‍ഷം മുപ്പത് ഡ്യൂട്ടി ലീവുമായി ജനപ്രതിനിധികളായ അധ്യാപകര്‍ പുറത്തുപോകുമ്പോള്‍ ക്ലാസ് റൂം പ്രവര്‍ത്തനം എങ്ങനെ നടക്കും എന്ന ആശങ്കയും ഉയരുന്നുണ്ട്.
എയ്ഡഡ് അധ്യാപകര്‍ ജനപ്രതിനിധികളാകുന്നതിനു അനുമതി നല്‍കുന്ന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ഏറെക്കാലായി ഉണ്ടെങ്കിലും തീരുമാനമായിട്ടില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ ഈ വിഷയം വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."