ഗൂര്‍ഖകളുടെ പ്രശ്‌നം തീര്‍ത്തേ തീരൂ
ഗൂര്‍ഖകള്‍ നാടിന് അര്‍പ്പിച്ച സേവനങ്ങളെ ഒരിക്കലും ചെറുതായി കാണാനൊക്കില്ല. യുദ്ധകാലത്തെന്നപോലെ സമാധാനകാലത്തും നാടിന്റെ കാവല്‍ ഭടന്മാരായി ഈ കാക്കിക്കുപ്പായക്കാരെ നാം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ ഏറെയായി. ഖുക്രി എന്ന പേരിലയറിയപ്പെടുന്ന ചെറിയ കത്തി അരയില്‍ തിരുകി നടന്നുവന്നിരുന്ന ഗൂര്‍ഖകളെ പലരും ഓര്‍ക്കുന്നുണ്ടാകും. ആ കത്തി ഊരിയാല്‍ രക്തം കണ്ടാലല്ലാതെ മടങ്ങില്ലെന്ന പ്രചാരണവും കയറൂരി നടന്ന കാലം.
എന്നാല്‍ ഇന്ന് ഗൂര്‍ഖകള്‍ വാര്‍ത്തയാകുന്നത് ബംഗാളില്‍ അവര്‍ ഒരു പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള മുറവിളി നിര്‍ത്താതെ മുഴക്കുന്നതുകൊണ്ടാണ്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി എന്ന ഒരൊറ്റ ജില്ലയില്‍ തന്നെ നാലുലക്ഷം ഗൂര്‍ഖകളുണ്ടത്രെ.
പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള ആര്‍പ്പുവിളി മാത്രമല്ല കലാപങ്ങളും അവിടെ നിര്‍ബാധം നടക്കുന്നു. ഒരുപാടുപേര്‍ക്ക് ജീവഹാനിയും സംഭവിച്ചു.
പത്തുവര്‍ഷം മുമ്പ് ഉയര്‍ന്ന ആ ശബ്ദം പൊടിതട്ടിയെടുത്തത് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്ന സംഘടനയാണ്. പ്രത്യേക സംസ്ഥാനമുണ്ടായാല്‍ മാത്രമെ മതിയായ പരിഗണന ലഭിക്കൂ എന്നാണവരുടെ വാദം. നേപ്പാളി ഭാഷ സംസാരിക്കുന്നവരുടേതായ ഒരു സംസ്ഥാനം തങ്ങള്‍ക്ക് വേണം എന്നാണാവശ്യം. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഒരുപാട് സംസ്ഥാനങ്ങളുടെ പുനര്‍ വിഭജനം നടന്ന പശ്ചാത്തലത്തിലാണ് അവര്‍ ആവശ്യം ഉന്നയിക്കുന്നത്.
ബംഗാളിന്റെ ഭാഗമായ ഈ വടക്കു കിഴക്കന്‍ പ്രദേശം പൊതുവെ കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണെന്നാണ് വയ്പ്പ്. ഡാര്‍ജിലിങ്ങില്‍നിന്ന് നേരത്തെ ജസ്‌വന്ത് സിങ്ങിനെയും ഇപ്പോള്‍ എസ്.എസ് അലുവാലിയയേയും ലോക്‌സഭയിലേക്ക് ബി.ജെ.പി ടിക്കറ്റില്‍ ജയിപ്പിച്ചെടുത്ത പ്രദേശം. അക്കാരണത്താല്‍ കലാപത്തിന് ചൂട്ടുപിടിക്കുന്നത് ബി.ജെ.പി ആണെന്നാണ് ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തുന്നത്.
അത് ശരിയായിരിക്കാം. എന്നാല്‍ അവരുടെ പ്രാദേശികവാദം ഇളക്കിവിടാന്‍ പാകത്തില്‍ കഴിഞ്ഞ ജൂണില്‍ തൃണമൂല്‍ മുഖ്യമന്ത്രി സ്വീകരിച്ച നടപടിയെ കണ്ടില്ലെന്ന് നടിക്കാനൊക്കില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലൊക്കെയും ബംഗാളി ഭാഷ നിര്‍ബന്ധമാക്കിയതാണ് വന്‍ പ്രക്ഷോഭത്തിന് വഴിമരുന്നിട്ടത്.
ഇന്നിപ്പോള്‍ കലാപത്തിന് താല്‍ക്കാലിക ശമനമുണ്ടായിട്ടുണ്ട്. എങ്കിലും ഗൂര്‍ഖാലാന്‍ഡ് എന്ന ആവശ്യത്തില്‍നിന്ന് നാട്ടുകാരെ പിന്‍മാറ്റാനുള്ള യത്‌നങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല. ഒരു കൊച്ചു പ്രവിശ്യക്കുകൂടി ജന്മം നല്‍കിയാല്‍ മറ്റൊരു പ്രശ്‌ന സംസ്ഥാനത്തിനുകൂടി ആളും അര്‍ഥവും നല്‍കലായിരിരിക്കും ഫലമെന്ന് ബംഗാള്‍ എന്ന പോലെ കേന്ദ്രവും കരുതുന്നുണ്ട്. ഡാര്‍ജിലിങ്ങിലെ കുന്നിന്‍ പ്രദേശത്തുകാര്‍ തങ്ങള്‍ക്കും വേണം ഒരു സംസ്ഥാനം എന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.
ഒരു ലോക്‌സഭാ മണ്ഡലത്തിന് പുറമെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ മാത്രം ഉള്‍പ്പെട്ട മേഖലയാണ് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യപ്പെടുന്നത്. ഡാര്‍ജിലിങ് കേന്ദ്രമായി അങ്ങനെയൊരു സംസ്ഥാനം വന്നാല്‍ അത് പരിപൂര്‍ണമായും ഒറ്റപ്പെട്ട് നില്‍ക്കലാവില്ലേ എന്ന് ഡല്‍ഹിയും കൊല്‍ക്കത്തയും ഭരിക്കുന്നവര്‍ ഭയപ്പെടുന്നതില്‍ അര്‍ഥമില്ലാതില്ല.
ഇന്ത്യയോട് സൗഹൃദം പാലിക്കുന്നുവെന്ന് പറയുമ്പോഴും, ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് തന്നെ അവകാശവാദം ഉന്നയിക്കുന്ന ചൈനയാണ് തൊട്ടടുത്ത്. മറ്റ് അതിര്‍ത്തികളാകട്ടെ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവയാണ് തൊട്ടുരുമ്മി നില്‍ക്കുന്നു.
നാട്ടുരാജ്യങ്ങളെയൊക്കെ ഇന്ത്യയുമായി ലയിപ്പിച്ച് ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായിപട്ടേലും, ആഭ്യന്തരവകുപ്പ് സെക്രട്ടറി വി.പി.മേനോനും ചേര്‍ന്ന് നടത്തിയ വിപ്ലവം വിജയകരമായി പൂര്‍ത്തിയാക്കിയ ചരിത്രമാണ് ഇന്ത്യയുടേത്. ഇടഞ്ഞുനിന്ന ഹൈദരബാദിനെപ്പോലും ഈ പ്രക്രിയയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. പ്രത്യേക പദവി നല്‍കി ജമ്മു-കശ്മിരിനെയും ഒപ്പം കൂട്ടാന്‍ നമുക്ക് കഴിഞ്ഞു.
എന്നാല്‍ തെന്നിന്ത്യയില്‍ തെലുങ്കാന സമരം തലപൊക്കിയപ്പോള്‍, പ്രദേശങ്ങള്‍ പലതും ഭാഷാവാദം വീണ്ടും പുറത്തെടുത്തു.
ചെറുത്തുനിന്ന കേന്ദ്രഭരണകൂടത്തിനൊടുവില്‍ നിരാഹാരമനുഷ്ഠിച്ച പോറ്റി ശ്രീരാമുലുവിന്റെ മരണത്തോടെ വഴങ്ങേണ്ടി വന്നു. ക്രിസ്തുവിനും 800 വര്‍ഷങ്ങള്‍ക്കുമുമ്പ് ഐത്രേയ ബ്രാഹ്മണരുടെ കാലം മുതല്‍ക്കേ ആന്ധ്രക്ക് വേറിട്ടൊരു സംസ്‌കാരമാണെന്ന് പറഞ്ഞായിരുന്നു സമരം തുടങ്ങിയത്. തമിഴ് നിറഞ്ഞുനിന്ന സംയുക്ത മദ്രാസ് സംസ്ഥാനത്തില്‍നിന്ന് അങ്ങനെ അവര്‍ 1953ല്‍ തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ക്കായി ആദ്യത്തെ ഭാഷാ സംസ്ഥാനം നേടിയെടുത്തു. തുടര്‍ന്ന് നാടിന്റെ പല ഭാഗങ്ങളിലും ഭാഷാവാദം ഉയരുകയും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍വിഭജനം നടക്കുകയും ചെയ്തു. സംയുക്ത മദ്രാസ് പ്രവിശ്യയില്‍നിന്ന ഭാഗം പിരിഞ്ഞ് മലബാര്‍, തിരുവിതാംകൂര്‍-കൊച്ചിയും ചേര്‍ന്ന് 1956 നവംബര്‍ ഒന്നിന് മലയാള ഭാഷ സംസാരിക്കുന്നവരുടേതായ കേരളമായി പിറന്നതും ചരിത്രം.
പഞ്ചാബിന് വേണ്ടിയുള്ള സമരം വടക്ക് ആക്രമണങ്ങളിലേക്ക് നീങ്ങുന്നതിനിടയില്‍ സിക്കുകാരില്‍നിന്ന് മോചനം എന്ന് പറഞ്ഞു. ഹൈന്ദവരില്‍ വലിയ ഒരു വിഭാഗം ആവശ്യമുന്നയിച്ചപ്പോള്‍ ഹരിയാന പിറന്നതും ഏറ്റവും ഒടുവിലായി ആന്ധ്ര തന്നെ രണ്ടായി തെലുങ്കാനക്ക് ജന്മം നല്‍കിയതുമൊക്കെ നാം കണ്ടു.
ബി.ജെ.പി നേതാവായ എ.ബി വാജ്‌പേയിയുടെ സര്‍ക്കാരിന്റെ കാലത്താണ് ഉത്തരാഖണ്ഡും ഛത്തീസ്ഗഡും ജാര്‍ഖണ്ഡും ഒക്കെ രൂപവല്‍ക്കരിച്ചത്.
ഗൂര്‍ഖാ നേതൃത്വത്തെയും, ബംഗാള്‍ ഗവണ്‍മെന്റിനെയും ഒരു സമന്വയപാതയില്‍ എത്തിക്കാനുള്ള തീവ്രശ്രമം കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് എത്രയും വേഗം ഉണ്ടാവണമെന്നാണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത്. ഡല്‍ഹിയും കൊല്‍ക്കത്തയും ഇത് ഒരു ഏറ്റുമുട്ടലിന്റെ വിഷയമായി കാണരുത്.
ഇപ്പോള്‍ തന്നെ പുകഞ്ഞുനില്‍ക്കുന്ന ഈ പ്രദേശത്ത് കേന്ദ്ര അര്‍ധസൈനികരുടെ സാന്നിധ്യമാണ് സമാധാനംനില നിര്‍ത്താന്‍ സഹായിക്കുന്നത്. ഈ സേനയെ പിന്‍വലിക്കാന്‍ ഇടക്ക് ചില ശ്രമങ്ങള്‍ ഡല്‍ഹിയില്‍ നിന്നുണ്ടായിരുന്നു. ബംഗാള്‍ ഗവണ്‍മെന്റ് ഇതിനെ ശക്തിയുക്തം എതിര്‍ത്തു. ഒടുവില്‍ അര്‍ധ സൈനികരുടെ നിയന്ത്രണം, ഡല്‍ഹിയില്‍ നിന്നാണെന്നതിനാല്‍ സേന പിന്‍വലിഞ്ഞേക്കുമോ എന്നുപോലും തോന്നിയിരുന്നു. അവസാനം, സംസ്ഥാന ഗവണ്‍മെന്റ് പരാതിയുമായി കോടതിയില്‍ പോയി. കല്‍ക്കത്ത ഹൈക്കോടതി ഇടപെട്ടാണ് പിന്മാറ്റം സ്റ്റേ ചെയ്തത്.
കശ്മിരിന്റെ പേരുപറഞ്ഞ് രാജ്യാന്തരങ്ങളില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയും അതിര്‍ത്തികളില്‍ നിയന്ത്രണരേഖ കടന്നുവരാന്‍ ഭീകരവാദികള്‍ക്ക് സഹായം നല്‍കിയും പാകിസ്താന്‍ നടത്തുന്ന ഭീഷണി സ്ഥായിയായി നില്‍ക്കുന്നുണ്ട്. ചൈനയാകട്ടെ, ചു എന്‍ലായിയുടെയും പണ്ഡിറ്റ് നെഹ്‌റുവിന്റെയും കാലം തൊട്ടേ നിലവിലുണ്ടായിരുന്ന 'പാഞ്ച്ശീത്' സമാധാന സന്ധിയൊക്കെ മറന്ന്, ദോക്‌ലാം മേഖലയില്‍ സംഘര്‍ഷം വിതറാന്‍ മടിക്കുന്നുമില്ല. ഇത്തരുണത്തില്‍ കിഴക്ക് ഗൂര്‍ഖാ ലാന്‍ഡിന്റെ പേരില്‍ അസഹിഷ്ണുതക്ക് ആക്കം കൂട്ടുന്ന ഒരു നടപടിക്കും ഭരണകൂടം തയാറാവരുത്.
ഗൂര്‍ഖകളുടെ ചിരകാലാഭിലാഷം എന്ന നിലയില്‍ പുതിയ ഒരു സംസ്ഥാനംകൂടി അംഗീകരിച്ചു കൂടെ എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ അവിടെ തീരുന്നതല്ല പ്രശ്‌നം. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് വിഭജിച്ച് പൂര്‍വാഞ്ചല്‍, പശ്ചിംപ്രദേശ്, ബുന്ദേല്‍ഖണ്ഡ്, അവധ് പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന മായാവതി ആറു വര്‍ഷമായി ആവശ്യപ്പെട്ടിട്ട്. അസം വിഭജിച്ച് ബോഡോലാന്‍ഡ് രൂപവല്‍ക്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നു.
അതൊക്കെ പരിഗണിക്കുമ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം ഗര്‍ഖാ പ്രശ്‌നം അടിയന്തരമായി പരിഹരിച്ചേ തീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."