നവംബര്‍ ഒന്നിന് വ്യാപാരികളുടെ കടയടപ്പ് സമരം
തലശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് 24 മണിക്കൂര്‍ കടയടപ്പ് സമരം നടത്തും.
ജി.എസ്.ടി നിയമത്തിലെ അപാകത പരിഹരിക്കുക, വാടക-കുടിയാന് നിയമം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുക, റോഡ് വികസനത്തിന്റെ പേരില്‍ സ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് ബദല്‍ സംവിധാനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രതിഷേധ പരിപാടിയുടെ ഭാഗമായി അന്നേദിവസം വ്യാപാരികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമര പ്രചാരണ ജാഥയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് വി.കെ ജവാദ് അഹമ്മദും ജനറല്‍ കണ്‍വീനര്‍ കെ.എന്‍ പ്രസാദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരപ്രചാരണ വാഹന ജാഥ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സി.സി വര്‍ഗീസ്, കെ. ശ്രീധരന്, പൗലോസ് കൊല്ലുവേലി, സി.കെ രാജന് സംസാരിക്കും. ഇന്നും നാളെയുമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. ജാഥയുടെ ഉദ്ഘാടനത്തിനെത്തുന്ന സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനെ മാഹി പാലത്തിനടുത്തുവെച്ച് സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടന വേദിയിലേക്ക് ആനയിക്കും.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് സമര പ്രചാരണ ജാഥ സമാപിക്കുക. വി.കെ ജവാദ് അഹമ്മദ്, കെ.എന്‍ പ്രസാദ്, സക്കീര്‍ കാത്താണ്ടി, കെ.കെ മന്‍സൂര്‍, എ.കെ സക്കറിയ, പി.പി ചിന്നന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."