തളിപ്പറമ്പ് മെയിന്‍ റോഡിലെ പെട്ടിക്കടകള്‍ പുനഃക്രമീകരിക്കും
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. ഉദ്യോഗസ്ഥരുടെയും നഗരസഭാ അധികാരികളുടെയും വ്യാപാരി നേതാക്കളുടെയും തെരുവു കച്ചവടക്കാരുടെ പ്രതിനിധികളുടെയും യോഗത്തില്‍ നവംബര്‍ ഒന്നുമുതല്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ന്യൂസ് കോര്‍ണര്‍ ജങ്ഷന്‍ മുതല്‍ മെയിന്‍ റോഡിനിരുവശത്തും നിലവിലുള്ള പെട്ടിക്കടകള്‍ നാലടി വീതിയിലും നാലടി നീളത്തിലും പുനക്രമീകരിക്കും. ഒഴിവു വരുന്ന സ്ഥലത്ത് ഇവിടെ നിന്നു നേരത്തെ ഒഴിപ്പിച്ച 12 പേരെ പുനരധിവസിപ്പിക്കും. ഇവര്‍ പത്തു വര്‍ഷത്തോളമായി ഇവിടെ കച്ചവടം നടത്തിവരുന്നവരാണ്. മെയിന്‍ റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളില്‍ വാഹന പാര്‍ക്കിങ് നിരോധിക്കും. മറ്റു സ്ഥലങ്ങളില്‍ ഒരുകടയിലേക്ക് സാധനം ഇറക്കാന്‍ ഒരു വണ്ടി മാത്രമേ നിര്‍ത്തിയിടാന്‍ അനുവദിക്കൂ. മറ്റുള്ളവ കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടണം. കച്ചവടക്കാര്‍ ഫുട്പാത്തില്‍ സാധനങ്ങള്‍ ഇറക്കിവച്ച് കച്ചവടം നടത്തുന്നത് ഒഴിവാക്കണം. തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താത്ത കടകള്‍ക്കെതിരേ നടപടി സ്വീകരിക്കും. മെയിന്‍ റോഡിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ ഇതുവഴിയുളള സര്‍വിസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമകളും തൊഴിലാളികളും പ്രഖ്യാപിച്ചിരുന്നു. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനായി എസ്.ടി.യു ഫുട്പാത്ത് യൂനിയന്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നതിനിടെയാണ് അധികൃതര്‍ പുനരധിവാസ നടപടിയുമായി രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."