പൊലിസിനെ വട്ടംകറക്കിയ 16 വര്‍ഷങ്ങള്‍
പയ്യന്നൂര്‍: കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി വനത്തില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഡോക്ടര്‍ ഓമന വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. പയ്യന്നൂര്‍ സ്വദേശിനിയും നേത്രരോഗ വിദഗ്ധയുമായ ഓമനയെ പിടികൂടാന്‍ ഇന്റര്‍പോളടക്കം തെരച്ചില്‍ നടത്തിയെങ്കിലും നീണ്ട പതിനാറു വര്‍ഷമായി അവര്‍ ഒളിവില്‍ തന്നെയായിരുന്നു. മലേഷ്യയില്‍ വച്ച് കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ച സ്ത്രീയുമായുള്ള സമാനതകളാണ് ഓമനയെ വീണ്ടും സമൂഹത്തിന്റെ ഓര്‍മയിലേക്ക് കൊണ്ടുവന്നത്. വാര്‍ത്ത ഓമനയുടെ ബന്ധുക്കളിലും നാട്ടുകാരിലും അവ്യക്തതയാണ് സൃഷ്ടിച്ചത്.
മലേഷ്യയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സ്ത്രീ ഡോ. ഓമനയാണെന്ന വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ചാനലുകളിലുമാണ് ആദ്യംവന്നത്. മലേഷ്യയിലെ സുബാങ് ജായ സേലങ്കോര്‍ പ്രദേശത്തെ കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്ക് വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം മലേഷ്യയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ രാമകൃഷ്ണന്‍ കേരളത്തിലെ പത്രങ്ങളില്‍ കഴിഞ്ഞദിവസം പരസ്യം നല്‍കിയിരുന്നു.
പരസ്യം കണ്ട് സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിനെ വിവരമറിയിക്കുകയായിരുന്നു. ഡോ. ഓമനയുടെ മകള്‍ക്കോ ഭര്‍ത്താവായിരുന്ന ഡോ. രാധാകൃഷ്ണനോ സഹോദരങ്ങള്‍ക്കോ പരസ്യത്തിലുള്ള ഫോട്ടോയ്ക്ക് ഓമനയുമായി സാദൃശ്യമുണ്ടോയെന്ന് വ്യക്തമായി പറയാന്‍ സാധിച്ചില്ല. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ ഇതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണ്. കൂടുതല്‍ അന്വേഷണത്തിന് ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടി വരുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
നാടിനെ ഞെട്ടിച്ച അരുംകൊല
തൊണ്ണൂറുകളുടെ അവസാനം നടന്ന അരുംകൊല അക്ഷരാര്‍ഥത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയിരുന്നു. അത്രമാത്രം ക്രൂരവും ആസൂത്രണവും ചേര്‍ന്ന പ്രൊഫഷനല്‍ കില്ലര്‍ സ്‌റ്റൈലിലാണ് ഓമന കൃത്യം നിര്‍വഹിച്ചത്. കണക്കുകൂട്ടലിലുണ്ടായ ചെറിയൊരു പിഴവാണ് അവരെ നിയമത്തിനു മുന്‍പിലെത്തിച്ചത്. പയ്യന്നൂര്‍ കരുവാച്ചേരി സ്വദേശിനിയും നേത്രരോഗ വിദഗ്ധയുമായ ഡോ. ഓമന 1996 ജൂലൈ 11ന് തന്റെ കാമുകനും പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയും കരാറുകാരനുമായ മുരളീധരനെ ഊട്ടിയിലെത്തിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൊടുംവിഷം കുത്തിവയ്ക്കുകയും ബോധരഹിതനായ കാമുകനെ ലോഡ്ജിലെത്തിച്ച് മൃതശരീരം സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഷണങ്ങളായി വെട്ടി നുറുക്കിയ ശേഷം സ്യൂട്ട്‌കേസില്‍ അടക്കം ചെയ്തുവെന്നാണ് കേസ്. കൃത്യം നടത്തിയ ശേഷം ടാക്‌സി വിളിച്ചുവരുത്തി സ്യൂട്ട്‌കേസ് കൊടൈക്കനാലില്‍ കൊക്കയിലേക്ക് ഉപേക്ഷിച്ച് കടന്നുകളയാനായിരുന്നു ഓമനയുടെ ശ്രമം. എന്നാല്‍ കാറിന്റെ ഡിക്കിയില്‍ വച്ച സ്യൂട്ട് കേസില്‍ നിന്നു രക്തം ഒഴുകുന്നതും ദുര്‍ഗന്ധം വമിക്കുന്നതും ശ്രദ്ധയില്‍പെട്ട ടാക്‌സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ചു തമിഴ്‌നാട് പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു. 1998 ജൂണ്‍ 15ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന നാട്ടിലെത്തുകയും ബന്ധുക്കളെ വിവരമറിയിക്കാതെ തന്റെ സ്വത്തുക്കള്‍ വില്‍പ്പന നടത്തുകയും ഒളിവില്‍ പോവുകയുമായിരുന്നു. ഡോ. ഓമന മലേഷ്യയില്‍ ഉണ്ടെന്ന വിവരം നേരത്തെ പൊലിസിന് ലഭിച്ചിരുന്നു. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ് മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നിങ്ങനെ പല പേരുകളിലായി കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയും ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഓമനയെ കണ്ടെത്താന്‍ മാത്രം അന്വേഷണ സംഘത്തിനു സാധിച്ചിരുന്നില്ല. ഓമനയ്ക്കായി ഇന്റര്‍പോള്‍ രാജ്യത്തെ പൊലിസ് സ്റ്റേഷനുകളിലും പ്രധാന സ്ഥലങ്ങളിലും റെഡ് കോര്‍ണര്‍ നോട്ടിസ് പതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."