കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍
കാസര്‍കോട്: റെയില്‍വേ സ്റ്റേഷനില്‍ ക്യൂ പാലിക്കാത്ത ഓട്ടോറിക്ഷകളെ ചൊല്ലി തര്‍ക്കം. ഇന്നലെ രാവിലെ ഒന്‍പതരയോടെ ക്യൂ പാലിക്കാതെ സര്‍വിസ് നടത്തിയ ഓട്ടോറിക്ഷകള്‍ ഒരു വിഭാഗം ഓട്ടോ തൊഴിലാളികള്‍ തടഞ്ഞതോടെയാണു സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞെത്തിയ പൊലിസുമായും ഓട്ടോറിക്ഷ തൊഴിലാളികള്‍ വാക്കേറ്റം നടത്തി. ഒരു മണിക്കൂറോളം ഓട്ടോറിക്ഷകള്‍ സര്‍വിസ് നിര്‍ത്തിവച്ചതോടെ കലക്ടറേറ്റിലേക്കും മറ്റും പോകേണ്ട ജീവനക്കാരും മറ്റു യാത്രക്കാരും ബദ്ധിമുട്ടി. അനധികൃത പാര്‍ക്കിങ് തടയാമെന്നും ക്യൂ സമ്പ്രദായം കര്‍ശനമാക്കാമെന്നുമുള്ള ടൗണ്‍ എസ്.ഐ പി. അജിത് കുമാറിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായത്.
ഇന്നലെ രാവിലെയാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോറിക്ഷകളുടെ ക്യൂ സംവിധാനത്തെ കുറിച്ച് തര്‍ക്കമുണ്ടായത്. പല ഓട്ടോറിക്ഷകളിലും ക്യൂ സംവിധാനം പാലിക്കുന്നില്ലെന്നും സ്റ്റേഷനു പുറത്ത് അനധികൃത പാര്‍ക്കിങ് നടത്തി സര്‍വിസ് നടത്തുന്നുവെന്നും ആരോപിച്ചാണ് ഒരു വിഭാഗം ഓട്ടോതൊഴിലാളികള്‍ രംഗത്തെത്തിയത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടറിനു മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട ശേഷം റോഡിലെത്തിയ തൊഴിലാളികള്‍ പുറത്തു നിന്നു സര്‍വിസ് നടത്തിയ ഓട്ടോറിക്ഷകള്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിവരമറിഞ്ഞെത്തിയ പൊലിസ് സംഘം കൂട്ടംകൂടി നിന്ന ഓട്ടോറിക്ഷാ തൊഴിലാളികളോടു പിരിഞ്ഞു പോകാനാവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. അനധികൃത പാര്‍ക്കിങ് തടയാതെയും ക്യൂ സമ്പ്രദായം പാലിക്കാത്തവര്‍ക്കെതിരേ നടപടിയുമെടുക്കാതെ പൊലിസ് നിയമം പാലിക്കുന്നവരെ വിരട്ടുന്നുവെന്നായിരുന്നു ഓട്ടോ തൊഴിലാളികളുടെ വാദം.
റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ക്യൂ സിസ്റ്റം പാലിക്കുന്നുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളില്‍ ക്യൂ സിസ്റ്റത്തിനു നില്‍ക്കാതെ അപ്പോള്‍ തന്നെ യാത്രക്കാരെ കയറ്റിപ്പോകുന്ന ഓട്ടോറിക്ഷകളുണ്ട്. തര്‍ക്കം ഏറെനേരം നീണ്ടു നിന്നതോടെ പ്രശ്‌ന പരിഹാരത്തിന് പൊലിസ് തന്നെ മുന്‍കൈയെടുത്തു.
ഓട്ടോ ഡ്രൈവര്‍മാരെ കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത്ത് കുമാര്‍ പൊലിസ് സ്റ്റേഷനിലേക്ക് ചര്‍ച്ചയ്ക്കു വിളിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പിന്തിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."