കൊതുക് നിയന്ത്രണത്തിന് ജൈവനിയന്ത്രണ മാര്‍ഗങ്ങളുമായി വെക്ടര്‍ കണ്ട്രോള് ബോര്‍ഡ്
തൊടുപുഴ: ജില്ലാ വെക്ടര്‍ കണ്ടോള് യൂനിറ്റ് കൊതുക് നിയന്ത്രണത്തിന് കൂടുതല്‍ ജൈവനിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കുന്നു. കീടനാശിനികള്‍ ഉപേക്ഷിച്ച് കൊതുകുകളെയും രോഗം പരത്തുന്ന മറ്റ് കീടങ്ങളെയും നശിപ്പിക്കുന്നതിനൊപ്പം ജൈവ നിയന്ത്രണമാര്‍ഗങ്ങള്‍ സംബന്ധിച്ച അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.
കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്ത് കൊതുകിന്റെ സാന്ദ്രത കുറയ്ക്കുകയെന്ന ലക്ഷ്യമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി വെക്ടര്‍ കണ്ട്രോള് ബോര്‍ഡിന്റെ യൂണിറ്റിനോട് ചേര്‍ന്ന് ഗപ്പി മത്സ്യങ്ങളെ വളര്‍ത്തുന്നതിനുള്ള സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു.
കൊതുക്ജന്യരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്ന മേഖലയിലെ വെള്ളക്കെട്ടുകളിലും കൂത്താടികള്‍ വളരുന്നുണ്ടെങ്കിലും കെട്ടിനില്‍ക്കുന്ന വെള്ളം വറ്റിച്ച് അവയെ ഒഴിവാക്കാന്‍ കഴിയാത്തയിടങ്ങളിലും ഗപ്പി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും.
കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ പൊതുജനങ്ങള്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്.
കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ വളര്‍ത്തുന്നതിനായി പുതുതായി നിര്‍മിച്ച സംഭരണിയുടെ ഉദ്ഘാടനം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം ആര് ഉമാദേവി നിര്‍വഹിച്ചു. ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ കെ എന്‍ വിനോദ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ വി എന്‍ പീതാംബരന്, ടെക്നിക്കല്‍ അസിസ്റ്റന്റ് വി കെ രാജന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എം സോമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."