ബില്ലടച്ചില്ല; കെ.എസ്.ഇ.ബി തൊടുപുഴ സിവില്‍ സ്‌റ്റേഷന്റെ ഫ്യൂസൂരി
തൊടുപുഴ: കെ.എസ്.ഇ.ബി തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷന്റെ ഫ്യൂസൂരി. വൈദ്യുതി ബില്ലില്‍ വന്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 11 ഓടെ കെ.എസ്.ഇ.ബി അധികൃതര്‍ ഫ്യൂസ് ഊരിയത്.
ഇതോടെ 22 സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം താറുമാറായി. വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സിവില്‍ സ്റ്റേഷനിലെത്തിയവര്‍ നിരാശയോടെ മടങ്ങി. കടുത്ത ചൂടില്‍ ഓഫീസിനുള്ളില്‍ ജീവനക്കാരും വിയര്‍ത്തൊലിച്ചു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് വെളിച്ചത്തില്‍ ചിലര്‍ അത്യാവശ്യ പണികള്‍ തീര്‍ത്തു. ജില്ലാ കലക്ടര്‍ വൈദ്യുതി മന്ത്രി എം.എം. മണിയുമായി ബന്ധപ്പെട്ടതിനൊടുവില്‍ ഒരുമാസത്തിനകം ബില്‍തുക അടയ്ക്കാമെന്ന ധാരണയില്‍ വൈകിട്ട് 4.50 ഓടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
ആഗസ്ത്, സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലെ വൈദ്യുതി ബില്ലായ 1,16,170 രൂപയാണ് റവന്യു വകുപ്പ് കുടിശികയാക്കിയത്.
ഇതോടെയാണ് ഫ്യൂസ് ഊരാന്‍ തീരുമാനിച്ചതെന്ന് കെ.എസ്.ഇ.ബി തൊടുപുഴ നമ്പര്‍ വണ്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ പറഞ്ഞു. ഒരു മാസം മുന്‍പ് കുടിശിക സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പണം പൂര്‍ണമായി അടച്ചില്ല.
അശാസ്ത്രീയമായ വൈദ്യുതി കണക്ഷനാണ് തൊടുപുഴ സിവില്‍ സ്‌റ്റേഷനിലെ വൈദ്യുതി വിഛേദിക്കാന്‍ ഇടയാക്കിയത്. നിരവധി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ സമുച്ചയത്തില്‍ 22 ഓഫീസുകള്‍ക്കുമായി ഒരു കണ്‍സ്യൂമര്‍ നമ്പരും ഒരു മീറ്ററും സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണം. ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കോടതിക്ക് മാത്രമായി പ്രത്യേക മീറ്ററുണ്ട്. കോടതിയുടെ വൈദ്യുതിബില്‍ കുടിശികയില്ലാത്തതിനാല്‍ ഇവിടെ പ്രശ്‌നമുണ്ടായില്ല.
തൊടുപുഴ താലൂക്ക് ഓഫിസിലെ മുപ്പതോളം കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് ചെക്കുകള്‍ കൈപ്പറ്റാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. എങ്കിലും പലര്‍ക്കും വൈകി ചെക്കുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞെന്ന് ജീവനക്കാര്‍ പറഞ്ഞു.
ഇവിടെ ഫ്രണ്ട്ഓഫീസ് പ്രവര്‍ത്തനവും തടസപ്പെട്ടു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഷന്‍ നടപടികളും തടസപ്പെട്ടു.
ഡപ്യൂട്ടി കലക്ടറുടെ പേരിലാണ് സിവില്‍ സ്റ്റേഷനില്‍ വൈദ്യുത കണക്ഷന്‍ എടുത്തിരിക്കുന്നത്. 22 ഓഫീസിലെയും ജീവനക്കാരുടെ എണ്ണത്തിന്റെ അനുപാതത്തില്‍ താലൂക്ക് ഓഫിസില്‍ തുക സ്വീകരിച്ച ശേഷം ബോര്‍ഡില്‍ അടയ്ക്കുന്നതാണ് പതിവെന്ന് താലൂക്ക് ഓഫിസ് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ സിവില്‍ സ്‌റ്റേഷന്‍ അനക്‌സില്‍ ഓരോ ഓഫീസിനും വെവ്വേറെ കണ്‍സ്യൂമര്‍ നമ്പരും മീറ്ററുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."