ബസുകളുടെ ശോച്യാവസ്ഥയും സ്‌പെയര്‍ പാര്‍ട്ട്‌സുകളുടെ അഭാവവും വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
വൈക്കം: ഓരോദിവസം പിന്നിടുന്തോറും വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ബസുകളുടെ ശോച്യാവസ്ഥയും മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ഇല്ലാത്തതുമാണ് ഡിപ്പോ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഡിപ്പോയെ നേര്‍വഴിയിലാക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉണ്ടാകാറുണ്ടെങ്കിലും ഇതെല്ലാം അട്ടിമറിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ്.
കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നവീകരണത്തിന് തുക എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടും വിനിയോഗിക്കാന്‍ കഴിയാതെ നിര്‍മാണപ്രവൃത്തികള്‍ അട്ടിമറിക്കപ്പെട്ടതായും ആരോപണമുണ്ട്.
ഇവിടെ നിന്ന് ലാഭകരമായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ദീര്‍ഘദൂര ബസുകള്‍ പലതും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. കോഴിക്കോട്, മലമ്പുഴ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ ഇന്നലെ മുടങ്ങി.
കോഴിക്കോടിനുപോയ ബസ് കഴിഞ്ഞ ദിവസം തകരാറിലായതിനെ തുടര്‍ന്ന് എറണാകുളം ഡിപ്പോയില്‍ കിടക്കുകയാണ്. ബസുകളുടെ കുറവുമൂലമാണ് ഇന്നലെ മലമ്പുഴ സര്‍വീസ് മുടക്കിയതെന്ന് ഡിപ്പോ അധികാരികള്‍ പറയുന്നു. നൂറുകണക്കിന് ജോലിക്കാരാണ് ഈ ബസില്‍ യാത്ര ചെയ്യുന്നത്.
പലരും ഇന്നലെ ബസ് കാത്തുനിന്ന് നിരാശരായി മടങ്ങേണ്ട സാഹചര്യമായിരുന്നു. ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാരാണ് ഈ പ്രശ്‌നത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. കാരണം മിക്കദിവസങ്ങളിലും ലാസ്റ്റ് പോയിന്റില്‍ ബസുകള്‍ക്ക് എത്താന്‍ സാധിക്കുന്നില്ല.
പാതിവഴിയില്‍ സര്‍വീസ് മുടങ്ങുമ്പോള്‍ യാത്രക്കാര്‍ ഏറ്റവുമധികം തട്ടിക്കയറുന്നതും ഡ്രൈവര്‍മാരോടാണ്. ബസുകളുടെ ശോച്യാവസ്ഥക്ക് ഇനിയും പരിഹാരം വൈകിയാല്‍ ഇവിടെനിന്ന് തിരുനെല്ലി, പൂപ്പാറ, മൂന്നാര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും മുടങ്ങിയേക്കും.
ഇപ്പോള്‍ തന്നെ ഡിപ്പോയുടെ വരുമാനത്തില്‍ നിര്‍ണായക സ്വാധീനമുള്ള എറണാകുളം, കോട്ടയം, തൊടുപുഴ, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസുകളും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. എറണാകുളത്തേക്കുപോകുന്ന ബസുകള്‍ക്ക് സ്വകാര്യ ബസുകളുടെ പിന്നാലെ പോകേണ്ട അവസ്ഥയാണ്.
കാരണം അമിതവേഗത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. ബസുകളുടെ ശോച്യാവസ്ഥയാണ് ഇവിടെയും വില്ലന്‍. മഴക്കാലമായാല്‍ വൈക്കത്തുനിന്നും പോകുന്ന പല ബസുകളിലും കുടപിടിച്ചു യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
ബസുകളുടെ തകരാര്‍ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ രേഖാമൂലം മെക്കാനിക്കല്‍ എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയാല്‍ പോലും പരിഹാരം ഉണ്ടാകുന്നില്ല. ഇവിടെ മെക്കാനിക്കല്‍ വിഭാഗത്തിനെ പഴിചാരിയിട്ടും കാര്യമില്ല.
കാരണം ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടെങ്കിലും ബസുകളുടെ തകരാര്‍ പരിഹരിക്കേണ്ട സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണ്. കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റാതെയും മെക്കാനിക്കല്‍ വിഭാഗത്തില്‍ ആവശ്യത്തിന് സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ എത്തിക്കാതെയും ഇവിടെ നടക്കുന്ന ഒരു വികസന പ്രവര്‍ത്തനങ്ങളും ഗുണം ചെയ്യില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."