അന്‍വര്‍ എം.എല്‍.എ വീണ്ടും വിവാദത്തില്‍
മലപ്പുറം: അനധികൃത വാട്ടര്‍ തീം പാര്‍ക്ക് വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരേ സ്വത്ത് വിവാദവും. അനധികൃതമായി 188 ഏക്കറോളം ഭൂമി എം.എല്‍.എയുടെ പേരിലുണ്ടെന്ന വാദവുമായി മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മയാണ് രംഗത്ത് വന്നിരിക്കുന്നത്.
ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരാള്‍ക്ക് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാനാവില്ല. ഈ കണക്ക് കൂടി ഉള്‍പ്പെടുത്തിയാണെങ്കില്‍ എം.എല്‍.എയുടെ പേരില്‍ 203.43 ഏക്കര്‍ ഭൂമിയുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്.
നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷന് സ്വത്ത് വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ ഏക്കര്‍ കണക്കിന് ഭൂമി ചതുരശ്ര അടിയിലേക്ക് മാറ്റിയാണ് സ്വത്ത് വിവരം നല്‍കിയിരുന്നത്.
ഒറ്റനോട്ടത്തില്‍ എത്ര ഏക്കര്‍ ഭൂമിയുണ്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഈ വിവരത്തില്‍ പെരകമണ്ണയില്‍ രണ്ടിടത്തായി 4683.20, 7405.20 ചതുരശ്ര അടി വീതവും തൃക്കലങ്ങോട് നാലിടത്തായി 13255.80, 27120.45, 8790408, 50094 ചതുരശ്ര അടിയും കൂടരഞ്ഞിയില്‍ 39150 ചതുരശ്ര അടിയും ഭൂമിയുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഭൂ പരിഷ്‌കരണ നിയമപ്രകാരം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 188 ഏക്കര്‍ ഭൂമി സര്‍ക്കാരിന് തിരിച്ച് പിടിക്കാം. ഇതിനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കുണ്ടെന്നും നിയമം വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."