മലേഷ്യയില്‍ മരിച്ചത് ഓമനയല്ല, മെര്‍ലിന്‍; അഭ്യൂഹങ്ങള്‍ ബാക്കി
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച സ്ത്രീ ഓമനയല്ലെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം വലിയതുറ വള്ളക്കടവ് മെര്‍ലിന്‍ റൂബി (37)യാണ് അതെന്നാണ് പൊലിസ് സ്ഥിരീകരിച്ചത്.
ഇതോടെ കാമുകനെ വെട്ടിനുറുക്കിയ കേസിലെ വിവാദ നായിക പയ്യന്നൂര്‍ സ്വദേശിനി ഡോ. ഓമന കാണാമറയത്ത് തുടരുകയാണ്.
മെര്‍ലിന്റെ മൃതദേഹം കഴിഞ്ഞ 18ന് ബന്ധുക്കളെത്തി ഏറ്റുവാങ്ങി. മലേഷ്യന്‍ പൊലിസിന് സംഭവിച്ച സാങ്കേതികപ്പിഴവാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലാണ് മരിച്ചത് ഓമനയല്ലെന്ന് സ്ഥിരീകരിച്ചത്.
മലയാളം അറിയാവുന്ന സ്ത്രീയെ മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയതായും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നുള്ള പരസ്യം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുന:പ്രസിദ്ധീകരിച്ചിരുന്നു.
തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ കേസിലെ പ്രതി പയ്യന്നൂര്‍ കരുവാച്ചേരി എടാടന്‍ ഹൗസിലെ ഡോക്ടര്‍ ഓമനയാണെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് ചിലര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ഓമനയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയും ഡോക്ടറുമാണ്. ഇദ്ദേഹത്തിനോ ഡോ.ഓമനയുടെ സഹോദരങ്ങള്‍ക്കോ മരിച്ച സ്ത്രീ ഓമനയാണെന്നു വ്യക്തമായിപറയാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.
ഓമനയുടെ മകള്‍ തിരുവനന്തപുരത്താണുള്ളത്. ഇവരുമായും പൊലിസ് ബന്ധപ്പെട്ടിരുന്നു. നേത്രരോഗ വിദഗ്ദയായ ഓമന ഏറെക്കാലമായി വ്യാജപേരുകളില്‍ ക്വലാലംപൂരില്‍ താമസിച്ചുവരുന്നതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2009-വരെ മകളും ഓമനയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്്. എന്നാല്‍ ഇന്റര്‍നെറ്റ് കോളുകളായിരുന്നതിനാല്‍ ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
1996-ജൂലൈ 11നാണ് പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ കോണ്‍ട്രാക്ടര്‍ മുരളീധരന്‍ ഊട്ടിയില്‍ കൊല്ലപ്പെടുന്നത്. മുരളീധരനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ ശേഷം ലോഡ്ജില്‍ വച്ച് സര്‍ജറിക്കുപയോഗിക്കുന്ന കത്തികൊണ്ടുവെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി കൊടൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാന്‍ ടാക്‌സികാറില്‍ കൊണ്ടുപോകും വഴിയാണ് ഡോ. ഓമന തമിഴ്‌നാട് പൊലിസിന്റെ പിടിയിലാകുന്നത്. 1998-ജൂണ്‍ 15ന് ഈകേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
അറസ്റ്റിലായ ഇവര്‍ 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് പൊലിസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മലേഷ്യയിലേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."