കെ.പി.സി.സി പട്ടിക: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി കടുത്ത നിലപാട് എടുക്കേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെ.പി.സി.സി. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി നല്‍കിയ രണ്ടാമത്തെ പട്ടികയും എ.ഐ.സി.സി. തള്ളിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഗ്രൂപ്പ് നേതാക്കള്‍ക്കു പുറമേ മറ്റുള്ളവരും പട്ടികയ്‌ക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കിയുള്ള പട്ടികയ്‌ക്കെതിരേ ഉമ്മന്‍ചാണ്ടി ശക്തമായ നിലപാടാണു കൈക്കൊണ്ടത്.
വിഷ്ണുനാഥിനെ കൊല്ലം ജില്ലയിലെ എഴുകോണ്‍ ബ്ലോക്കില്‍നിന്നു കെ.പി.സി.സിയില്‍ എത്തിക്കുന്നതിനെതിരേ കൊടിക്കുന്നില്‍ സുരേഷ് എതിര്‍പ്പുയര്‍ത്തിയിരിക്കുകയാണ്. വിഷ്ണുനാഥിന്റെ പേരില്ലാതെ പട്ടിക പുറത്തിറങ്ങിയാല്‍ കടുത്തനിലപാടിലേയ്ക്കു പോകേണ്ടിവരുമെന്ന അഭിപ്രായമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ചിരിക്കുന്നത്. ഇതോടെ തര്‍ക്കം രൂക്ഷമായി.
ഗ്രൂപ്പ് താല്‍പര്യം മാത്രം പരിഗണിച്ചു നേരത്തേ നല്‍കിയ പട്ടികയ്‌ക്കെതിരേയുള്ള അഭിപ്രായം ശശി തരൂരും പി.സി. ചാക്കോയും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇന്നലെ കെ.മുരളീധരനും പരസ്യമായി രംഗത്തുവന്നു. പട്ടിക അംഗീകരിക്കരുതെന്നു മുരളീധരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മാറ്റം വരുത്തണമെന്നും ഇതേ രീതിയില്‍ പട്ടിക പുറത്തുവരുന്നതു പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നുമാണു മുരളീധരന്റെ നിലപാട്.
ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പിലൂടെ രൂപംനല്‍കിയ പട്ടികയ്‌ക്കെതിരേ വി.എം.സുധീരനും എം.പിമാരും നേരത്തേതന്നെ രംഗത്തുവന്നിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നികിനെയാണ് സുധീരന്‍ അറിയിച്ചത്. ഇതോടെ രണ്ടാമത്തെ കെ.പി.സി.സി. പട്ടികയിലും തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനായില്ല.
എ.ഐ.സി.സി. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒന്നുകില്‍ കേരളത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പു നടത്തുക അല്ലെങ്കില്‍ ഒരു പട്ടിക ഹൈക്കമാന്‍ഡ് പുറത്തിറക്കുക എന്നതാണു പോംവഴി. ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും മൊത്തത്തില്‍ എതിര്‍ചേരിയിലാക്കുന്ന തീരുമാനത്തിലേയ്ക്കു ഹൈക്കമാന്‍ഡ് പോകാനിടയില്ലാത്തതിനാല്‍ കേരളത്തെ തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."