ബി.ജെ.പിയ്‌ക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ നിലപാട് വ്യക്തമാക്കണം
മുംബൈ: കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിയ്ക്കുമെതിരേ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന ശിവസേനയ്‌ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്.
ബി.ജെ.പിയോടൊപ്പം നില്‍ക്കുകയും അതേസമയം എതിര്‍ക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് ശിവസേന സ്വീകരിക്കുന്നത്. ഇത് ശരിയല്ല, എവിടെയാണ് അവര്‍ നില്‍ക്കുന്നതെന്നും ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാനും അദ്ദേഹം ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റേയും മഹാരാഷ്ട്രാ സര്‍ക്കാരിന്റെയും ഏത് തീരുമാനത്തേയും ശിവസേന എതിര്‍ക്കുകയാണ്. ഒരേ സമയം രണ്ട് റോളില്‍ അഭിനയിക്കാന്‍ കഴിയില്ല. ഭരണപക്ഷത്തോടൊപ്പം നില്‍ക്കുകയും പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുകയും എന്നത് ശരിയായ നടപടിയല്ല.
മോദിയുടെ പ്രഭാവത്തിന് മങ്ങലേറ്റുവെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിന് അനുയോജ്യനെന്നും കഴിഞ്ഞ ദിവസം ശിവസേനാ എം.പി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് അദ്ദേഹം ശിവസേനയോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
ഉദ്ധവ് സ്വീകരിക്കുന്ന നയത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന കാര്യം അദ്ദേഹം ഓര്‍ക്കണം. അദ്ദേഹത്തിന്റെ പിതാവ് ബാല്‍താക്കറെ ഒരിക്കല്‍പോലും ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാല്‍ ശിവസേനയിലെ പല നേതാക്കളും പാര്‍ട്ടിയേക്കാള്‍ വളര്‍ന്നുവെന്ന് ചിന്തിക്കുന്നവരാണ്. ഇതിനിടയില്‍ ശിവസേനയുടെ മുഖപത്രമായ സാംനയില്‍ ഇടക്കിടയ്ക്കുണ്ടാകുന്ന വിമര്‍ശനത്തെയും അദ്ദേഹം പരിഹസിച്ചു. സാംമ്‌ന ആരെങ്കിലും വായിക്കാറുണ്ടോയെന്ന് ചോദിച്ച അദ്ദേഹം താനിതുവരെ ആ പത്രം വായിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളും ഭരിയ്ക്കുന്നത് ബി.ജെ.പിയാണ്. എന്നാല്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷമെന്നത് തെറ്റായ നിഗമനമാണ്. അവര്‍ അവരുടെ പഞ്ചായത്ത് അധ്യക്ഷന്‍മാരെ വിളിക്കാന്‍ തയാറുണ്ടോ? ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്ത് അധ്യക്ഷന്‍മാരെ താനും വിളിച്ചുചേര്‍ക്കാന്‍ തയാറാണ്. ഇതില്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷമില്ലെങ്കില്‍ തന്റെ പേര് മാറ്റാന്‍ തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പിയും എന്‍.സി.പിയും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന വാദത്തെ അദ്ദേഹം തള്ളി. അവരുമായി ഒരു ബന്ധവുമില്ല. ശിവസേനയുമായിട്ടാണ് സഖ്യമുള്ളത്. എന്നാല്‍ മഹാരാഷ്ട്രയിലെ ഒന്‍പത് ജില്ലകളില്‍ ശിവസേന കോണ്‍ഗ്രസുമായിട്ടാണ് സഖ്യംചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."